രവി മോഹൻ ഉള്ളത് കൊണ്ടാണ് പരാശക്തി സിനിമ വിജയിച്ചത് എന്ന് ഗായിക കെനിഷ ഫ്രാൻസിസ്
സർക്കാറിനെയും നിയമത്തിനെയും ബഹുമാനിക്കണമെന്നും സർക്കാരും, അണിയറ പ്രവർത്തകരും അവരുടേതായ വഴിയിൽ ശരിയാണെന്നും കെനിഷ കൂട്ടിച്ചേർത്തു.
സുധ കൊങ്കരയുടെ സംവിധാനത്തിൽ ശിവകാർത്തികേയൻ പ്രധാന വേഷത്തിലെത്തുന്ന സിനിമയാണ് പരാശക്തി. സിനിമയുടെ പ്രദർശനാനുമതി സംബന്ധിച്ച് ചില പ്രശ്നങ്ങൾ ആദ്യഘട്ടത്തിൽ നേരിട്ടെങ്കിലും U/A സർട്ടിഫിക്കറ്റ് ലഭിച്ച് ശനിയാഴ്ച തിയേറ്ററുകളിൽ ചിത്രം പ്രദർശനത്തിന് എത്തി. പ്രേക്ഷകരിൽ നിന്ന് സമ്മിശ്ര പ്രതികരണം ലഭിക്കുന്ന ചിത്രത്തിന്റെ വിജയത്തിനെക്കുറിച്ച് വിചിത്രമായ അഭിപ്രായവുമായി രംഗത്ത് വന്നിരിക്കുകയാണ് ഗായികയായ കെനിഷ ഫ്രാൻസിസ്.നായകനായാലും പ്രതിനായകനായാലും ചിത്രം വിജയിക്കുന്നത് രവി മോഹൻ കാരണമാണെന്നാണ് കെനിഷ അഭിപ്രായപ്പെട്ടത്. സിനിമ കണ്ടതിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അവർ. ‘പരാശക്തി രവിയ്ക്ക് വേണ്ടി മാത്രമാണ് തിയേറ്ററിൽ ഓടുന്നത്. ഈ ചിത്രം അദ്ദേഹത്തിന് വേണ്ടി നിർമ്മിച്ചതാണെന്ന് തോന്നുന്നു. നായകനായാലും പ്രതിനായകനായാലും അദ്ദേഹം ചിത്രത്തിൽ നമ്പർ വൺ ആണ്. രണ്ടാം പകുതിയിൽ അദ്ദേഹത്തിനപ്പുറം സിനിമയില്ല. അദ്ദേഹം എപ്പോഴും മികച്ചതാണ്’ കെനിഷ പറഞ്ഞു.ചിത്രത്തിൽ പ്രതിനായകനായ തിരുനാടൻ എന്ന കഥാപാത്രത്തെയാണ് രവി മോഹൻ അവതരിപ്പിക്കുന്നത്. അദ്ദേഹത്തിന്റെ മികച്ച പ്രകടനം ഇതിനോടകം ആരാധകർക്കിടയിൽ മികച്ച സ്വീകാര്യത നേടി. റിലീസിന് മുൻപ് ചിത്രത്തിൽ മാറ്റം വരുത്താനുള്ള സിബിഎഫ്‌സിയുടെ നിർദേശത്തെക്കുറിച്ചും കെനിഷ അഭിപ്രായം പങ്കുവെച്ചു. സർക്കാറിനെയും നിയമത്തിനെയും ബഹുമാനിക്കണമെന്നും സർക്കാരും, അണിയറ പ്രവർത്തകരും അവരുടേതായ വഴിയിൽ ശരിയാണെന്നും കെനിഷ കൂട്ടിച്ചേർത്തു.
അഥർവ, ശ്രീലീല, ദേവ് രമനാഥ്, പൃഥ്വി രാജൻ, ഗുരു സോമസുന്ദരം, ബേസിൽ ജോസഫ്, പാപ്രിഘോഷ് എന്നിവരും ചിത്രത്തിൽ അഭിനയിക്കുന്നു. 1960-കളിലെ മദ്രാസിൽ നടക്കുന്ന കഥയിൽ, തമിഴ്നാട്ടിൽ ഹിന്ദി അടിച്ചേൽപ്പിക്കുന്നതിനെതിരെയുള്ള സമരങ്ങളിൽ പങ്കെടുക്കുന്ന രണ്ട് സഹോദരങ്ങളെയാണ് അവതരിപ്പിക്കുന്നത്.രവി മോഹനും കെനിഷയും തമ്മിൽ പ്രണയത്തിലാണെന്ന് ഇതിന് മുൻപ് അഭ്യൂഹങ്ങളുണ്ടായിരുന്നു.
മുൻ ഭാര്യ ആരതിയുമായിട്ടുള്ള വിവാഹമോചനത്തിനിടെ വാർത്തകളിൽ നിറഞ്ഞുനിന്ന പേരാണ് കെനിഷ ഫ്രാൻസിസിന്റേത്. എന്നാൽ കെനിഷ തന്റെ സുഹൃത്ത് മാത്രമാണെന്ന് നടൻ അതിനിടെ വ്യക്തമാക്കിയിരുന്നു