മലയാളം ഇതുവരെ കണ്ടിട്ടില്ലാത്ത അനുഭവം; 'കത്തനാർ' ട്രെയിലറിന് പ്രശംസയുമായി അഖിൽ സത്യൻ
വമ്പൻ ബജറ്റിലും ക്യാൻവാസിലും ഒരുങ്ങുന്ന ചിത്രം, ഈ വർഷം റിലീസ് ചെയ്യുമെന്നാണു പ്രതീക്ഷിക്കുന്നത്. അതിനിടയിൽ സിനിമയുടെ ഒഫീഷ്യൽ ട്രെയിലർ കണ്ടതിന്റെ അനുഭവം പങ്കുവെച്ചിരിക്കുകയാണ് ബ്ലോക്ക് ബസ്റ്റർ ചിത്രം 'സർവ്വം മായ'യുടെ സംവിധായകനായ അഖിൽ സത്യൻ
ജയസൂര്യയെ നായകനാക്കി റോജിൻ തോമസ് സംവിധാനം ചെയ്യുന്ന ബിഗ് ബജറ്റ് ചിത്രമാണ് കത്തനാർ.സൂപ്പർഹിറ്റായ 'ഹോം' എന്ന ചിത്രത്തിനു ശേഷം റോജിൻ തോമസ് സംവിധാനം ചെയ്യുന്ന 'കത്തനാർ' 75 കോടി രൂപ ബഡ്ജറ്റിലാണ് ഒരുങ്ങുന്നതെന്നാണ് റിപ്പോർട്ടുകൾ. 220 ദിവസത്തോളം ഷൂട്ടിങ്ങ് നടന്ന ചിത്രത്തിന്റെ നിർമാണം ഗോകുലം ഗോപാലനാണ്. ത്രീഡിയിൽ ഒരുങ്ങുന്ന ചിത്രം 15 ഭാഷകളിൽ റിലീസ് ചെയ്യും. ജയസൂര്യക്കു പുറമെ അനുഷ്ക ഷെട്ടി, പ്രഭുദേവ തുടങ്ങിയ താരങ്ങളും സിനിമയിലുണ്ട്.ചിത്രത്തെ കുറിച്ചു വലിയ അപ്ഡേറ്റ് ഒന്നും തന്നെ അണിയറ പ്രവർത്തകർ പുറത്ത് വിട്ടിട്ടില്ല എന്നാൽ ഇപ്പോൾ ഇതാ സർവ്വം മായാ എന്ന ഹിറ്റ് ചിത്രത്തിന്റെ സംവിധായകനും നടൻ സത്യൻ അന്തിക്കാടിന്റെ മകനുമായ അഖിൽ സത്യൻ പറഞ്ഞ വാക്കുകൾ ഏറ്റെടുത്തിരിക്കുകയാണ് സോഷ്യൽ മീഡിയ.കത്തനാർ' സിനിമയുടെ ട്രെയിലർ ഇതുവരെ ഔദ്യോഗികമായി പുറത്തു വിട്ടിട്ടില്ലെങ്കിലും അത് തനിക്കു കാണാൻ സാധിച്ചുവെന്നു അഖിൽ സത്യൻ സോഷ്യൽ മീഡിയയിൽ കുറിച്ചു. "കത്തനാറിന്റെ ട്രെയിലർ കാണാൻ സാധിച്ചു. മലയാളസിനിമ ഇതുവരെ കണ്ടിട്ടില്ലാത്ത ഒന്നാണത്. അവിശ്വസനീയമായ ഒന്ന്. റോജിൻ തോമസിനെയും നീൽ ഡി കുഞ്ഞയേയും ഓർത്ത് അഭിമാനിക്കുന്നു. ഞങ്ങൾ ഒരിക്കലും പ്രതീക്ഷിക്കാത്ത ഉയരങ്ങളിലേക്കു നിങ്ങൾ മലയാള സിനിമയെ എത്തിച്ചിരിക്കുന്നു."ഇതായിരുന്നു അഖിലിന്റെ വാക്കുകൾ.ഇതിന്റെ പിന്നാലെ നിരവധി ആരാധകർ ചിത്രത്തിന്റെ ട്രെയിലർ എന്ന് വരും എന്ന് ചോദിച്ചു കമന്റ് ചെയ്തിട്ടുണ്ട്.ജയസൂര്യയോടൊപ്പം ,അനുഷ്‍ക ഷെട്ടി പ്രഭു ദേവ എന്നിവർ പ്രധാന വേഷത്തിൽ എത്തുന്നു.എന്നാൽ ചിത്രത്തിൽ സൂപ്പർ സ്റ്റാർ മോഹൻലാൽ ഒരു കാമിയോ റോളിൽ എത്തുന്നു എന്ന റിപ്പോർട്ടും നിലവിൽ വന്നിട്ടുണ്ട്.