ഒരേ കഥ,മൂന്ന് നായകന്മാർ. സൂപ്പർ ഹിറ്റടിച്ച മൂന്ന് സിനിമകളിലും നായികയായി നയൻ താര.

2007 ൽ വെങ്കിടേഷ് ചിത്രം തുളസി, 2019 ൽ അജിത് ചിത്രം വിശ്വസം, 2026 ൽ ചിരഞ്ജീവി ചിത്രം മന ശങ്കര വര പ്രസാദ ഗാരു

Update: 2026-01-22 14:32 GMT

തെലുങ്കില്‍ ഈ വര്‍ഷത്തെ ആദ്യ ബ്ലോക്ക്ബസ്റ്റര്‍ സമ്മാനിച്ചിരിക്കുകയാണ് മെഗാസ്റ്റാര്‍ ചിരഞ്ജീവി. അനില്‍ രവിപുടി സംവിധാനം ചെയ്ത മന ശങ്കര വരപ്രസാദ ഗാരു ബോക്‌സ് ഓഫീസ് റെക്കോഡുകള്‍ തകര്‍ത്ത് മുന്നേറുകയാണ്. റിലീസ് ചെയ്ത് പത്ത് ദിവസത്തിനുള്ളില്‍ 240 കോടിയോളം ചിത്രം സ്വന്തമാക്കിക്കഴിഞ്ഞു.

എന്‍.എസ്.ജി കമാണ്ടറായ ശങ്കര വരപ്രസാദ് ഭാര്യയുമായി അകന്നുകഴിയുകയാണ്. മക്കളെ ജീവനുതുല്യം സ്‌നേഹിക്കുന്ന ശങ്കര്‍ അവര്‍ പഠിക്കുന്ന സ്‌കൂളില്‍ പി.ടി ടീച്ചറായി എത്തുന്നതാണ് ചിത്രത്തിന്റെ കഥ. എന്നാല്‍ ഇതേ കഥയില്‍ മുമ്പ് റിലീസായ സിനിമകള്‍ കണ്ടുപിടിച്ചിരിക്കുകയാണ് സോഷ്യല്‍ മീഡിയ. 2007ലാണ് ഇതേ കഥയില്‍ ആദ്യത്തെ സിനിമ പുറത്തിറങ്ങിയത്.വെങ്കടേഷ് ദഗ്ഗുബട്ടിയെ നായകനാക്കി ബോയപ്പട്ടി ശ്രീനു സംവിധാനം ചെയ്ത് 2007ല്‍ പുറത്തിറങ്ങിയ തുളസി എന്ന സിനിമയുടെ കഥയും ഏതാണ്ട് ഇതുപോലെയാണ്. തുളസി റാം എന്ന പഴയ ഗ്യാങ്സ്റ്റര്‍ പിണങ്ങിപ്പോയ തന്റെ ഭാര്യയെയും മകനെയും ഒപ്പം കൂട്ടാന്‍ വേണ്ടി ആര്‍ക്കിടെക്ടായി വേഷമിടുന്നതാണ് ഈ ചിത്രത്തിന്റെ കഥ. തെലുങ്കില്‍ വന്‍ വിജയമായ ചിത്രം മലയാളത്തിലും ഡബ്ബ് ചെയ്ത് പുറത്തിറക്കിയിരുന്നു. നയന്‍താരയാണ് ചിത്രത്തില്‍ നായികയായി വേഷമിട്ടത്.11 വര്‍ഷങ്ങള്‍ക്ക് ശേഷം ഇതേ കഥയെ ചില്ലറ മാറ്റങ്ങളോടെ തമിഴിലേക്ക് പറിച്ചുനട്ടു. അജിത്തിനെ നായകനാക്കി ശിവ സംവിധാനം ചെയ്ത വിശ്വാസത്തിന്റെ പ്ലോട്ടും ഇതുപോലെയാണ്. തൂക്കുദുരൈ എന്ന ലോക്കല്‍ ഗ്യാങ്‌സ്റ്ററിന്റെ മേല്‍ ശത്രുക്കള്‍ക്കുള്ള പക അയാളുടെ കുടുംബത്തെയും ബാധിക്കുന്നു. ഇതിന് പിന്നാലെ ഭാര്യ അയാളെ ഉപേക്ഷിച്ച് മകളെയും കൂട്ടി നാടുവിടുന്നു.വര്‍ഷങ്ങള്‍ക്ക് ശേഷം മകളെ കാണാന്‍ ആഗ്രഹിക്കുന്ന തൂക്കുദുരൈ അവളുടെ പേഴ്‌സണല്‍ സെക്യൂരിറ്റിയായി എത്തുകയും മകളെ ആക്രമിക്കാനെത്തുന്നവരെ നേരിടുകയും ചെയ്യുന്നതാണ് കഥ.എട്ട് വര്‍ഷത്തിന് ശേഷം മറ്റൊരു സംക്രാന്തിക്ക് ഇതേ കഥ വീണ്ടും പ്രേക്ഷകരിലേക്കെത്തിയിരിക്കുകയാണ്. കണ്ടുമടുത്ത കഥയാണെങ്കിലും അവതരിപ്പിച്ച രീതിയില്‍ വ്യത്യാസമുള്ളതിനാല്‍ മന ശങ്കര വരപ്രസാദ ഗാരുവും വിജയിച്ചിരിക്കുകയാണ്. ഈ ചിത്രത്തിലും നയന്‍താര തന്നെയാണ് നായിക. തുളസിയില്‍ നായകനായ വെങ്കടേഷ് ദഗ്ഗുബട്ടി മന ശങ്കവരപ്രസാദ ഗാരുവില്‍ അതിഥിവേഷത്തിലെത്തിയിട്ടുണ്ട്.ഒരേ കഥയെ ആസ്പദമാക്കി മൂന്ന് സിനിമ ഒരുങ്ങുന്നത് പുതിയ കാര്യമല്ല, എന്നാല്‍ മൂന്നിലും ഒരാള്‍ തന്നെ നായികയാകുന്നത് വല്ലാത്ത യാദൃശ്ചികതയാണ്.

Similar News