വിവാഹ മോചന കേസിൽ ആദ്യമായി പ്രതികരിച്ച് നടൻ വിജയ്
ലണ്ടനിൽ ജനിച്ചുവളർന്ന ശ്രീലങ്കൻ തമിഴ് ബിസിനസുകാരന്റെ മകളായ സംഗീത, വിജയ്‌യുടെ 'പൂവേ ഉനക്കാകെ' എന്ന ചിത്രം കണ്ട ഇഷ്ടം പ്രകടിപ്പിക്കാൻ നേരിട്ടെത്തിയതാണ് പ്രണയത്തിലും പിന്നീട് വിവാഹത്തിലും കലാശിച്ചത്
തമിഴ് നടനും തമിഴക വെട്രി കഴകം (ടിവികെ) നേതാവുമായ വിജയ്‌യും ഭാര്യ സംഗീത സ്വർണ്ണലിംഗവും തമ്മിലുള്ള വിവാഹമോചന വാർത്തകൾ ചർച്ചയാകുന്നതിനിടെ, ആദ്യമായി പരോക്ഷ പ്രതികരണവുമായി താരം രംഗത്തെത്തി. ചെന്നൈയിൽ നടന്ന ടിവികെ വനിതാ ദിനാഘോഷത്തിൽ സംസാരിക്കവെയാണ് തന്നെ ചുറ്റിപ്പറ്റിയുള്ള വിവാദങ്ങളിൽ ആരാധകർ ആശങ്കപ്പെടരുതെന്ന് വിജയ് ആവശ്യപ്പെട്ടത്. തന്റെ സ്വകാര്യ പ്രശ്‌നങ്ങൾ താൻ തന്നെ കൈകാര്യം ചെയ്തുകൊള്ളാമെന്നും തന്റെ പേരിൽ ആരാധകർ സമ്മർദ്ദത്തിലാകുന്നത് കാണുന്നതാണ് തന്നെ ഏറ്റവും വേദനിപ്പിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. വ്യക്തിപരമായ കാര്യങ്ങളിൽ സമയം കളയാതെ ജനക്ഷേമത്തിനായി പ്രവർത്തിക്കാനാണ് അദ്ദേഹം പ്രവർത്തകർക്ക് നൽകിയ നിർദ്ദേശം.
1999-ൽ വിവാഹിതരായ വിജയ്‌യും സംഗീതയും 25 വർഷത്തെ ദാമ്പത്യത്തിന് ശേഷമാണ് വേർപിരിയുന്നത്. വിജയ്‌ക്ക് മറ്റൊരു നടിയുമായി വിവാഹേതര ബന്ധമുണ്ടെന്ന് ആരോപിച്ചാണ് സംഗീത ചെങ്കൽപേട്ട് കുടുംബ കോടതിയിൽ വിവാഹമോചന ഹർജി നൽകിയത്. 2021-ൽ ഈ ബന്ധത്തെക്കുറിച്ച് അറിഞ്ഞതായും പിന്നീട് തിരുത്തുമെന്ന് ഉറപ്പ് നൽകിയെങ്കിലും വിജയ് അത് തുടർന്നതായും ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു. സ്പെഷ്യൽ മാരേജ് ആക്ട് പ്രകാരം സമർപ്പിച്ച ഈ ഹർജിയിൽ ഏപ്രിൽ 20-ന് നേരിട്ട് ഹാജരാകാൻ കോടതി വിജയ്‌യോട് നിർദ്ദേശിച്ചിട്ടുണ്ട്.
ലണ്ടനിൽ ജനിച്ചുവളർന്ന ശ്രീലങ്കൻ തമിഴ് ബിസിനസുകാരന്റെ മകളായ സംഗീത, വിജയ്‌യുടെ 'പൂവേ ഉനക്കാകെ' എന്ന ചിത്രം കണ്ട ഇഷ്ടം പ്രകടിപ്പിക്കാൻ നേരിട്ടെത്തിയതാണ് പ്രണയത്തിലും പിന്നീട് വിവാഹത്തിലും കലാശിച്ചത്. എന്നാൽ രാഷ്ട്രീയ പ്രവേശനത്തിന്റെ സുപ്രധാന ഘട്ടത്തിൽ നിൽക്കുന്ന താരത്തിന്റെ കുടുംബജീവിതത്തിലെ ഈ തർക്കങ്ങൾ തമിഴ് സിനിമാ-രാഷ്ട്രീയ ലോകത്ത് വലിയ ചർച്ചകൾക്കാണ് വഴിതുറന്നിരിക്കുന്നത്.