വിവാഹമോചനത്തിനിടെ വനിതാ ദിനത്തിൽ ഹൃദയസ്പർശിയായ കുറിപ്പുമായി ജയം രവിയുടെ മുൻ ഭാര്യ ആർതി
തളർച്ച അലസതയല്ല, വൈകാരികമായ മുറിവാണെന്ന് ആർതി; സോഷ്യൽ മീഡിയയിൽ വൈറലായി പോസ്റ്റ്
വിജയ് - സംഗീത വിവാഹമോചനത്തിന് ശേഷം സോഷ്യൽ മീഡിയയിൽ ഏറ്റവും കൂടുതൽ ചർച്ചയായ ബന്ധം വേർപിരിയലായിരുന്നു ജയം രവിയും ആർതി രവിയും തമ്മിലുള്ളത്. ജയം രവി സോഷ്യൽ മീഡിയയിലൂടെ വിവാഹമോചന വാർത്ത പുറത്തുവിട്ടപ്പോൾ, താൻ അറിയാതെയാണ് ഇതെന്നായിരുന്നു ആർതിയുടെ മറുപടി. ഇത് വലിയ തർക്കങ്ങൾക്ക് വഴിവെക്കുകയും ഗായികയായ കെനിഷാ ഫ്രാൻസിസുമായുള്ള ബന്ധമാണ് വേർപിരിയലിലേക്ക് നയിച്ചതെന്ന് ആർതി ആരോപിക്കുകയും ചെയ്തിരുന്നു. വിവാഹമോചനക്കേസ് കോടതിയിൽ നടക്കവേ, താൻ നേരിടുന്ന പ്രതിസന്ധികളെക്കുറിച്ചും രണ്ട് മക്കളുടെ അമ്മ എന്ന നിലയിലുള്ള തന്റെ ജീവിതയാത്രയെക്കുറിച്ചും ആർതി പലപ്പോഴും സോഷ്യൽ മീഡിയയിലൂടെ പങ്കുവെക്കാറുണ്ട്.
ഇത്തവണ വനിതാ ദിനത്തിൽ ആർതി പങ്കുവെച്ച കുറിപ്പാണ് ആരാധകർക്കിടയിൽ ഏറെ ശ്രദ്ധ നേടുന്നത്. താൻ കാണുന്ന രീതിയിൽ ഒരു സ്ത്രീയുടെ ഏറ്റവും വലിയ സൂപ്പർ പവർ സ്വന്തം ബലഹീനതകൾ അംഗീകരിക്കാനുള്ള ധൈര്യമാണെന്ന് ആർതി കുറിക്കുന്നു. ഇന്ന് സോഷ്യൽ മീഡിയ ഒരു 'ശക്തയായ സ്ത്രീയെ' ആഘോഷിക്കുമ്പോൾ, അതെല്ലാം താങ്ങാൻ കഴിയാതെ തളർന്നു പോകുന്നവരെ ബഹുമാനിക്കാൻ താൻ ആഗ്രഹിക്കുന്നുവെന്ന് അവർ പറയുന്നു. ഒന്നും ചെയ്യാൻ ആഗ്രഹിക്കാത്ത, ഊർജ്ജം ഒട്ടും അവശേഷിക്കാത്ത അവസ്ഥയിലും മക്കൾക്ക് വേണ്ടി കിടക്കയിൽ നിന്ന് എഴുന്നേൽക്കാൻ നിർബന്ധിതയാകുന്ന അവസ്ഥയെക്കുറിച്ച് ആർതി വൈകാരികമായി വിവരിക്കുന്നു. മനസ്സ് നിറയെ ആശയങ്ങളുണ്ടെങ്കിലും ശരീരം അതിന് അനുവദിക്കാത്ത അവസ്ഥ പല സ്ത്രീകളും അനുഭവിക്കുന്നുണ്ട്. ഇത് അലസതയല്ല, മറിച്ച് വൈകാരികമായി ഏറ്റ പൊള്ളലാണ്. ഏറെ നേരം അമിതമായി ചുമയ്ക്കുമ്പോൾ ഉണ്ടാകുന്നതുപോലെയുള്ള നിശബ്ദമായ ക്ഷീണമാണ് താൻ അനുഭവിക്കുന്നതെന്നും, അത് താനാണെന്നും അത് നിങ്ങളുമാകാം എന്നും ആർതി തന്റെ കുറിപ്പിലൂടെ ഓർമ്മിപ്പിക്കുന്നു.
അതീവ സുന്ദരിയായ ചിത്രങ്ങൾക്കൊപ്പമാണ് ആർതി ഈ കുറിപ്പ് പങ്കുവെച്ചിരിക്കുന്നത്. പോസ്റ്റിന് താഴെ നിരവധി ആരാധകരാണ് ശക്തയായിരിക്കാനും ധൈര്യത്തോടെ മുന്നോട്ട് പോകാനും ആശംസകളുമായി എത്തുന്നത്. പ്രതിസന്ധികൾക്കിടയിലും ആർതിയുടെ സൗന്ദര്യത്തെ പ്രശംസിക്കാനും ആരാധകർ മറന്നില്ല. വൈകാരികമായ ഈ കുറിപ്പ് സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയാകുകയും മറ്റ് നിരവധി സ്ത്രീകൾ തങ്ങളുടെ അനുഭവങ്ങൾ പങ്കുവെച്ചുകൊണ്ട് പിന്തുണയുമായി എത്തുകയും ചെയ്യുന്നുണ്ട്.