തോക്ക് ചൂണ്ടി സാറ അർജുൻ ;ഇത്തവണ കിളി പാറിക്കാൻ ഒരുങ്ങി ദുരന്ധർ 2

2025 ഡിസംബർ അഞ്ചിന് തിയറ്ററുകളിൽ എത്തിയ 'ധുരന്ധർ' 2025-ലെ ഏറ്റവും വലിയ വിജയങ്ങളിലൊന്നായിരുന്നു. ലോകമെമ്പാടുമായി 1300 കോടിയിലധികം രൂപയാണ് ആ ചിത്രം അന്ന് വാരിക്കൂട്ടിയത്

Update: 2026-03-10 08:31 GMT

സൂപ്പർ ഹിറ്റ് ഇന്ത്യൻ ചിത്രം 'ധുരന്ധറി'ന്റെ രണ്ടാം ഭാഗമായ 'ധുരന്ധർ ദി റിവഞ്ച്' വലിയ ആകാംക്ഷയോടെയാണ് സിനിമാലോകം കാത്തിരിക്കുന്നത്. അടുത്തിടെ പുറത്തിറങ്ങിയ ചിത്രത്തിന്റെ ട്രെയിലർ ഇതിനോടകം സമൂഹമാധ്യമങ്ങളിൽ വലിയ ചർച്ചകൾക്ക് വഴിവെച്ചിരിക്കുകയാണ്. ആക്ഷനും വൈലൻസും നിറഞ്ഞ ദൃശ്യങ്ങൾ ആരാധകരിൽ ആവേശം നിറയ്ക്കുമ്പോൾ, ആദ്യ ഭാഗത്തെക്കാൾ വലിയ കളക്ഷൻ ചിത്രം നേടുമെന്നാണ് സിനിമാ ലോകത്തിന്റെ പ്രതീക്ഷ. രൺവീർ സിങ് നായകനാകുന്ന ചിത്രത്തിൽ അദ്ദേഹത്തിന്റെ ഭാര്യയായ യാലിനിയെന്ന കഥാപാത്രമായി സാറാ അർജുനും എത്തുന്നുണ്ട്. ട്രെയിലറിൽ തോക്കുമായി നിൽക്കുന്ന സാറയുടെ രംഗം പ്രേക്ഷകർക്കിടയിൽ വലിയ കൗതുകം ഉണർത്തിയിട്ടുണ്ട്. ഈ രംഗത്തിൽ സാറ ലക്ഷ്യമിടുന്നത് രൺവീർ സിങ്ങിന്റെ ഹംസ എന്ന കഥാപാത്രത്തെയാണോ എന്ന ചോദ്യമാണ് ഇപ്പോൾ ആരാധകർക്കിടയിൽ ഉയരുന്നത്. ഇരുവരും തമ്മിലുള്ള കെമിസ്ട്രി രണ്ടാം ഭാഗത്തിൽ എങ്ങനെയായിരിക്കും എന്നറിയാനുള്ള ആകാംക്ഷയും ആരാധകർ പങ്കുവെക്കുന്നുണ്ട്.

ആദിത്യ ധർ സംവിധാനം ചെയ്യുന്ന ഈ രണ്ടാം ഭാഗത്തിന് സി.ബി.എഫ്‌.സി വെബ്‌സൈറ്റ് പ്രകാരം മൂന്ന് മണിക്കൂറും 28 മിനിറ്റാണ് ദൈർഘ്യം. ജിയോ സ്റ്റുഡിയോസും ബി62 സ്റ്റുഡിയോസും ചേർന്ന് നിർമിക്കുന്ന ഈ ചിത്രത്തിൽ രൺവീർ സിങ്ങിനൊപ്പം സഞ്ജയ് ദത്ത്, ആർ. മാധവൻ, അർജുൻ രാംപാൽ തുടങ്ങിയവരും നിർണ്ണായക വേഷങ്ങളിൽ എത്തുന്നുണ്ട്. സംഗീത അവകാശങ്ങളുടെ കാര്യത്തിലും ഇത്തവണ മാറ്റമുണ്ട്; ആദ്യ ഭാഗത്തിന്റെ സൗണ്ട് ട്രാക്ക് സരിഗമ പുറത്തിറക്കിയെങ്കിൽ, ഇത്തവണ അതിന്റെ അവകാശം ടി-സീരീസിനാണ് ലഭിച്ചിരിക്കുന്നത്. തിയറ്റർ റിലീസിന് ശേഷം മെയ് 14-ന് ചിത്രം ജിയോ ഹോട്ട്സ്റ്റാർ വഴി സ്ട്രീമിങ്ങിനായി എത്തും എന്നാണ് നിലവിലെ റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.

2025 ഡിസംബർ അഞ്ചിന് തിയറ്ററുകളിൽ എത്തിയ 'ധുരന്ധർ' 2025-ലെ ഏറ്റവും വലിയ വിജയങ്ങളിലൊന്നായിരുന്നു. ലോകമെമ്പാടുമായി 1300 കോടിയിലധികം രൂപയാണ് ആ ചിത്രം അന്ന് വാരിക്കൂട്ടിയത്. പാകിസ്താൻ പശ്ചാത്തലത്തിൽ ഒരുക്കിയ ഈ സ്പൈ ത്രില്ലറിൽ, ഭീകരവാദ ശൃംഖലയിലേക്ക് നുഴഞ്ഞുകയറുന്ന ഇന്ത്യൻ ചാരനായാണ് രൺവീർ സിങ് വേഷമിട്ടത്. ആ വമ്പൻ വിജയത്തിന് ശേഷമാണ് 'ധുരന്ധർ ദി റിവഞ്ച്' എന്ന പേരിൽ രണ്ടാം ഭാഗം ഇപ്പോൾ പ്രേക്ഷകരിലേക്ക് എത്താൻ ഒരുങ്ങുന്നത്.

Similar News