വൈരമുത്തുവിന് ജ്ഞാനപീഠം: രജനീകാന്തിനും കമൽഹാസനുമെതിരെ ആഞ്ഞടിച്ച് ഗായിക ചിന്മയി

ലൈംഗികാരോപണം നേരിടുന്ന വൈരമുത്തുവിനെ അഭിനന്ദിച്ച സൂപ്പർതാരങ്ങളുടെ നിലപാട് അതിജീവിതമാരോടുള്ള അവഹേളനമാണെന്ന് ചിന്മയി വിമർശിച്ചു

Update: 2026-03-15 13:27 GMT

തമിഴ് കവി ആർ. വൈരമുത്തുവിന് ജ്ഞാനപീഠ പുരസ്കാരം പ്രഖ്യാപിച്ചതിനെ തുടർന്ന് സിനിമാ-സാംസ്കാരിക മേഖലയിൽ വിവാദം പുകയുന്നു. വൈരമുത്തുവിനെ പ്രശംസിച്ചുകൊണ്ട് സോഷ്യൽ മീഡിയയിൽ പോസ്റ്റിട്ട സൂപ്പർതാരങ്ങളായ രജനീകാന്തിനും കമൽഹാസനുമെതിരെ രൂക്ഷമായ വിമർശനവുമായി ഗായിക ചിന്മയി ശ്രീപാദ രംഗത്തെത്തി. "ഇന്ത്യയുടെ അഭിമാനമായ ജ്ഞാനപീഠ പുരസ്കാരം നേടിയ എന്റെ പ്രിയസുഹൃത്ത് കവി പേരരശ് വൈരമുത്തുവിന് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ" എന്നായിരുന്നു രജനീകാന്തിന്റെ കുറിപ്പ്. ഇതിനെതിരെ "അയ്യോ... നിങ്ങൾക്കൊന്നും പറഞ്ഞാൽ മനസിലാവില്ലെന്നു വെച്ചാൽ" എന്ന പരിഹാസരൂപേണയുള്ള മറുപടിയാണ് ചിന്മയി നൽകിയത്. സമാനമായ രീതിയിൽ വൈരമുത്തുവിനെ ഹൃദയത്തോട് ചേർത്തുപിടിക്കുന്നു എന്ന് കുറിച്ച മക്കൾ നീതി മയ്യം നേതാവ് കമൽഹാസനെയും ചിന്മയി രൂക്ഷമായി വിമർശിച്ചു.

മീ ടൂ പ്രസ്ഥാനത്തിലൂടെ വൈരമുത്തുവിനെതിരെ ലൈംഗികാരോപണം ഉന്നയിച്ച സ്ത്രീകളുടെ പോരാട്ടത്തെ നിശ്ശബ്ദമാക്കുന്നതാണ് ഈ പുരസ്കാരമെന്ന് ചിന്മയി അഭിപ്രായപ്പെട്ടു. വ്യത്യസ്ത പ്രായത്തിലുള്ള ഒട്ടേറെ സ്ത്രീകൾ വൈരമുത്തുവിൽ നിന്ന് നേരിട്ട ലൈംഗികാതിക്രമങ്ങൾ 2018-ൽ വെളിപ്പെടുത്തിയിട്ടും അവയെല്ലാം അവഗണിച്ചുകൊണ്ടാണ് രാജ്യം ഇത്തരമൊരു ബഹുമതി നൽകുന്നതെന്ന് ചിന്മയി ചൂണ്ടിക്കാട്ടി. മുൻപ് ജ്ഞാനപീഠം നേടിയ ജയകാന്തനെപ്പോലുള്ള മഹാനായ എഴുത്തുകാരന്റെ പേരിൽ വ്യാജ കത്ത് ചമച്ചെന്ന ആരോപണം നേരിട്ട വ്യക്തിയാണ് വൈരമുത്തുവെന്നും, ഇത്തരം പുരസ്കാരങ്ങൾ നൽകുന്നതിലൂടെ വേട്ടക്കാർക്കെതിരെ ശബ്ദമുയർത്തുന്ന അതിജീവിതമാരാണ് ഇരകളാക്കപ്പെടുന്നതെന്നും അവർ പ്രസ്താവനയിൽ പറഞ്ഞു.

കേരളത്തിൽ മുൻപ് വൈരമുത്തുവിന് ഒ.എൻ.വി. കുറുപ്പ് പുരസ്കാരം പ്രഖ്യാപിച്ചതും പിന്നീട് പ്രതിഷേധങ്ങളെ തുടർന്ന് അത് പിൻവലിച്ചതും ചിന്മയി ഓർമ്മിപ്പിച്ചു. സാംസ്കാരിക കേരളം കാണിച്ച ആർജ്ജവം മറ്റ് ഇടങ്ങളിൽ ഉണ്ടാകുന്നില്ലെന്നാണ് ചിന്മയിയുടെ പക്ഷം. നീതിക്കായി കാത്തിരിക്കുന്ന നിരവധി സ്ത്രീകളുടെ ശബ്ദം ഇവിടെ ഭരണകൂടവും സഹപ്രവർത്തകരും ഒരുപോലെ അവഗണിക്കുകയാണെന്നും, വേട്ടക്കാരെ മഹത്വവൽക്കരിക്കുന്ന നിലപാടിൽ നിന്ന് താരങ്ങൾ പിന്മാറണമെന്നും അവർ ആവശ്യപ്പെട്ടു. വൈരമുത്തുവിനെതിരെ ശക്തമായ പ്രതിഷേധവുമായി സോഷ്യൽ മീഡിയയിൽ ചിന്മയി തന്റെ പോരാട്ടം തുടരുകയാണ്.

Similar News