തിയേറ്ററിൽ പരാജയം എന്നാൽ ott യിൽ കയ്യടി
റോഷൻ മാത്യു ചിത്രം ഇത്തിരി നേരത്തിന് ott യിൽ മികച്ച അഭിപ്രായം;
പ്രണയവും നഷ്ടപ്രണയവും പ്രണയം വീണ്ടെടുക്കലുമെല്ലാം മലയാളസിനിമയിൽത്തന്നെ എത്രയോ തവണ പറഞ്ഞ പ്രമേയമാണ്. ആ ആശയത്തെ എങ്ങനെ പുതിയ രീതിയിൽ അവതരിപ്പിക്കാം എന്ന ചോദ്യത്തിനുത്തരമാണ് ഇത്തിരി നേരം എന്ന ചിത്രം. വിശാഖ് ശക്തിയുടെ തിരക്കഥയിൽ പ്രശാന്ത് വിജയ് സംവിധാനം ചെയ്തിരിക്കുന്ന ചിത്രം അവതരിപ്പിച്ചിരിക്കുന്നത് സംവിധായകൻ ജിയോ ബേബിയാണ്. റോഷൻ മാത്യുവും സെറിൻ ശിഹാബുമാണ് പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്തിരിക്കുന്നത്.ഒരു രാത്രി മുതൽ പിറ്റേദിവസം നേരം പുലരുംവരെയുള്ള കാലയളവിൽ നായകന്റെ ജീവിതത്തിൽ നടക്കുന്ന സംഭവങ്ങളാണ് ഇത്തിരി നേരം എന്ന സിനിമ പറയുന്നത്. വര്‍ഷങ്ങള്‍ക്ക് മുന്‍പ് ജീവനുതുല്യം സ്‌നേഹിച്ചിരുന്ന പെൺ കുട്ടിയെ വർഷങ്ങൾക്ക് ശേഷം നായകൻ വീണ്ടും കാണാൻ ഇടയാകുന്നു.അവർ തമ്മിലുള്ള ആ ഇത്തിരി നേരം ആണ് കഥാ സന്ദർഭം.
അവർ കണ്ടുമുട്ടുന്ന ആ രാത്രിയില്‍ രണ്ടുപേര്‍ക്കുമിടയില്‍ നടക്കുന്ന സംഭവങ്ങളാണ് സിനിമയെ മുന്നോട്ടുനയിക്കുന്നത്.റോഷൻ മാത്യു അവതരിപ്പിക്കുന്ന അനീഷും സെറിൻ ശിഹാബ് അവതരിപ്പിക്കുന്ന അഞ്ജന എന്നീ കഥാപാത്രങ്ങൾ തമ്മിലുള്ള സംഭാഷണങ്ങളിലൂടെയാണ് ചിത്രത്തിന്റെ സഞ്ചാരം. ഇരുവരുടേയും പ്രണയവും പ്രണയത്തകർച്ചയുമെല്ലാം ഈ സംഭാഷണങ്ങളിലൂടെയാണ് പ്രേക്ഷകരിലേക്കെത്തുന്നത്. ഒരിക്കൽപ്പോലും ഫ്ളാഷ്ബാക്ക് രംഗങ്ങളിലേക്ക് സംവിധായകനും തിരക്കഥാകൃത്തും പോകുന്നില്ല. അനീഷിന്റെയും അഞ്ജനയുടേയും പ്രണയത്തിന്റെ ആഴം പ്രേക്ഷകർ ഓരോരുത്തരും അവരവരുടെ മനസ്സിൽ സ്വയം വരഞ്ഞു കാണട്ടെ എന്നാണ് സിനിക ആഗ്രഹിക്കുന്നത്. ചിത്രത്തിലെ ഗാനങ്ങൾ സിറ്റുവേഷന് അനുസരിച്ച് മാത്രമാണ് നൽകിയിരിക്കുന്നത്.ഗാനങ്ങൾ എല്ലാം മികച്ചത് തന്നെയാണ്.അതും ആവശ്യത്തിന് മാത്രം ഉപയോഗിച്ചിരിക്കുന്നു എന്നതും ശ്രദ്ധേയമാണ്.
റോഷൻ മാത്യു, സെറിൻ ശിഹാബ് എന്നിവരാണ് നായകനും നായികയുമായി നിറഞ്ഞുനിൽക്കുന്നത്. അനീഷും അഞ്ജനയുമായി മികവുറ്റ പ്രകടനമാണ് ഇരുവരും കാഴ്ചവെച്ചിരിക്കുന്നത്. വർഷങ്ങൾക്ക് ശേഷം കണ്ടുമുട്ടുന്ന മുൻ കമിതാക്കൾ എന്ന സങ്കല്പം തിരുത്തിയെഴുതുന്നുണ്ട് ഈ കഥാപാത്രങ്ങൾ. പലതരം ബന്ധങ്ങളേക്കുറിച്ച് അനീഷ് എന്ന കഥാപാത്രത്തിലൂടെയാണ് സംവിധായകനും തിരക്കഥാകൃത്തും സംസാരിക്കുന്നത്. അഞ്ജനയോടായാലും രായണ്ണൻ, ചഞ്ചൽ എന്ന സുഹൃത്തുക്കളോടായാലും തുറന്ന ബന്ധമാണ് അനീഷിനുള്ളത്. ഈ മൂന്നുപേരോടും തന്റെ ഉള്ളിലുള്ളത് അനീഷ് തുറന്നുപ്രകടിപ്പിക്കുന്നുണ്ട്.നന്ദു, ആനന്ദ് മന്മഥൻ എന്നിവരാണ് യഥാക്രമം രായണ്ണനും ചഞ്ചലുമായെത്തുന്നത്. വായിൽ തിരുവനന്തപുരം ഭാഷ മാത്രം വരുന്ന രായണ്ണനെ നന്ദു ഗംഭീരമാക്കിയിട്ടുണ്ട്. അനീഷ് എന്ന കഥാപാത്രത്തിന്റെ ശക്തികൂടിയാണ് അയാൾ. എന്തുകാര്യത്തിലും ആദ്യം നെഗറ്റീവ് ചിന്ത മാത്രം വരുന്ന ചഞ്ചൽ, ആനന്ദ് മന്മഥന്റെ കയ്യിൽ ഭദ്രമായിരുന്നു. ചില നേരങ്ങളിൽ ഇയാൾക്ക് ഒരടി കിട്ടിയിരുന്നെങ്കിൽ എന്ന് പ്രേക്ഷകന് തോന്നുന്നുണ്ടെങ്കിൽ അത് ആ കഥാപാത്രം അവതരിപ്പിച്ച് ഫലിപ്പിക്കുന്നതിൽ ആനന്ദ് എന്ന നടൻ വിജയിച്ചു എന്നതിന്റെ തെളിവാണ്. ഓട്ടോ ഡ്രൈവറായെത്തിയ ജിയോ ബേബി ആസ്വാദകരിൽ ചിരിയുണർത്തുന്നുണ്ട്.
ഗിമ്മിക്കുകളില്ലാതെ, പ്രമേയം ആവശ്യപ്പെടുന്ന തരത്തിലായിരുന്നു രാകേഷ് ധരൻ ക്യാമറ ചലിപ്പിച്ചത്. നഷ്ടപ്രണയത്തിന്റെ മുഴുവൻ സൗന്ദര്യവും വേദനയും ആവാഹിച്ചെടുത്തതായിരുന്നു ബേസിൽ. സി.ജെയുടെ ഗാനങ്ങൾ. കണ്ണന്‍ നായര്‍, കൃഷ്ണന്‍ ബാലകൃഷ്ണന്‍, അതുല്യ ശ്രീനി, സരിത നായര്‍, ഷൈനു ആര്‍.എസ്, അമല്‍ കൃഷ്ണ, അഖിലേഷ് ജി.കെ, ശ്രീനേഷ് പൈ, ഷെരീഫ് തമ്പാനൂര്‍, മൈത്രേയന്‍ തുടങ്ങിയവരാണ് മറ്റ് താരങ്ങള്‍. മാന്‍കൈന്‍ഡ് സിനിമാസ്, ഐന്‍സ്റ്റീന്‍ മീഡിയ, സിമ്മെട്രി സിനിമാസ് എന്നീ ബാനറുകളില്‍ ജോമോന്‍ ജേക്കബ്, ഡിജോ അഗസ്റ്റിന്‍, ഐന്‍സ്റ്റീന്‍ സാക്ക് പോള്‍, സജിന്‍ എസ്. രാജ്, വിഷ്ണു രാജന്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിച്ചത്.
തിയേറ്ററിൽ അത്രക്കണ്ടു വിജയിച്ചില്ല എങ്കിലും ഓടിടിയിൽ കമിതാക്കളുടെ ഇഷ്ട ചിത്രമായി മാറിയിരിക്കുകയാണ് ഇത്തിരി നേരം.