താനൊരു ഡയറക്ടേഴ്സ് ആക്ടർ ആണെന്ന് തുറന്നുപറഞ്ഞ് മോഹൻലാൽ.
സംവിധായകരെ എതിർക്കുകയോ വഴക്കുണ്ടാക്കുകയോ ചെയ്യാറില്ലെന്നും താരം
താനൊരു ഡയറക്ടേഴ്സ് ആക്ടർ ആണെന്ന് തുറന്നുപറഞ്ഞ് മോഹൻലാൽ. സംവിധായകരെ എതിർക്കുകയോ വഴക്കുണ്ടാക്കുകയോ ചെയ്യാറില്ലെന്നും അഭിപ്രായ വ്യതാസങ്ങൾ തിരക്കഥാ ഘട്ടത്തിൽ തന്നെ ചർച്ച ചെയ്യണമെന്നും മോഹൻലാൽ . മൈ ഗവൺമെൻറ് പോഡ്കാസ്റ്റിലായിരുന്നു മോഹൻലാലിന്റെ ഇത്തരത്തിലുള്ള പ്രതികരണം. "ഞാൻ ഒരു ഡയറക്‌ടേഴ്‌സ് ആക്ടർ ആണ്. സംവിധായകരെ എതിർക്കുകയോ വഴക്കുണ്ടാക്കുകയോ ചെയ്യാറില്ല. അഭിപ്രായവ്യത്യാസങ്ങൾ ഉണ്ടെങ്കിൽ അത് തിരക്കഥാ ഘട്ടത്തിൽ തന്നെ ചർച്ച ചെയ്യണം. സിനിമ തുടങ്ങിക്കഴിഞ്ഞാൽ ചില മാറ്റങ്ങൾ വരാം. അപ്പോൾ അതിനെ കുറിച്ച് സംവിധായകനോട് ചോദിക്കാം, ചിലപ്പോൾ അവർക്കതിന് വിശദീകരണം നൽകാൻ കഴിയില്ല. എന്നാലും നമ്മൾ അവരുമായി മുന്നോട്ട് തന്നെ പോകേണ്ടിവരുമെന്നും മോഹൻലാൽ പറയുന്നു.
മോഹൻലാൽ ജീത്തു ജോസഫ് കൂട്ടുകെട്ടിൽ ഏപ്രിൽ രണ്ടിന് തീയേറ്ററുകളിൽ എത്തുന്ന 'ദൃശ്യം 3' ആണ് മോഹൻലാലിന്റെ ഏറ്റവും പുതിയ ചിത്രം. മഹേഷ് നാരായണൻ മമ്മൂട്ടിയെ നായകനാക്കി ഒരുക്കുന്ന 'പേട്രിയറ്റ്' എന്ന ചിത്രത്തിൽ മോഹൻലാൽ ഒരു പ്രധാന കഥാപാത്രമായി എത്തുന്നുണ്ട്. പത്തൊൻപത് വർഷങ്ങൾക്ക് ശേഷം മമ്മൂട്ടിയും മോഹൻലാലും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്.
തുടരും എന്ന ചിത്രത്തിന് ശേഷം തരുൺ മൂർത്തി- മോഹൻലാൽ കൂട്ടുകെട്ടിലൊരുങ്ങുന്ന L366 ചിത്രീകരണം പുരോഗമിക്കുകയാണ്. ഈ വര്ഷം പകുതിയോടെ ചിത്രം തിയേറ്ററുകളിൽ എത്തുമെന്നാണ് റിപ്പോർട്ടുകൾ.