ആട് 3 യിൽ നിഖില വിമലിന്റെ ഐറ്റം ഡാൻസ്
നിഖില വിമലുമായി ബന്ധപ്പെട്ട അഭ്യൂഹങ്ങളിൽ പ്രതികരിച്ചിരിക്കുകയാണ് സംവിധായകൻ മിഥുൻ മാനുവൽ തോമസ്.
മിഥുൻ മാനുവൽ തോമസ് സംവിധാനത്തിൽ ജയസൂര്യ നായകനായി എത്തുന്ന ആട് 3 മാർച്ച് 19 തിയേറ്ററുകളിലേക്ക് എത്തുകയാണ് . ചിത്രവുമായി ബന്ധപ്പെട്ട് ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെട്ട കാര്യമായിരുന്നു ആട് 3 യിൽ നിഖില വിമൽ 'ഐറ്റം ഡാൻസുമായി' എത്തന്നു എന്നത്. ഇതിനോടുള്ള പ്രതികരണമെന്നോണം സിനിമയുടെ പ്രസ് മീറ്റിൽ പറയാം എന്നാണ് നിഖില വിമൽ അന്ന് പ്രതികരിച്ചത്.
എന്നാൽ സിനിമയുടെ അണിയറപ്രവർത്തകർ ഇതുമായി ബന്ധപ്പെട്ട് ഔദ്യോഗികമായി യാതൊന്നും തന്നെ പുറത്തുവിട്ടിരുന്നില്ല. എന്നാൽ നിഖില വിമലുമായി ബന്ധപ്പെട്ട അഭ്യൂഹങ്ങളിൽ പ്രതികരിച്ചിരിക്കുകയാണ് സംവിധായകൻ മിഥുൻ മാനുവൽ തോമസ്. സിനിമയിൽ മമ്മൂട്ടി ഇല്ലെന്നും ലാലേട്ടന്റെ വോയ്‌സ് ഓവറില്ലെന്നും പറഞ്ഞ മിഥുൻ മാനുവൽ തോമസ് നിഖില വിമലിന്റെ ഐറ്റം ഡാൻസ് ഇല്ലെന്നും കൂട്ടിച്ചേർത്തു.
‘എങ്ങനെയാണ് ആ വാർത്ത വന്നതെന്ന് എനിക്കറിയില്ല’
"നിഖില വിമലിന്റെ ഐറ്റം ഡാൻസ് ഇല്ലേയില്ല. അത് എങ്ങനെയാണ് ആ വാർത്ത വന്നതെന്ന് എനിക്കറിയില്ല. ഒരു സുപ്രഭാതത്തിൽ സോഷ്യൽ മീഡിയയിൽ മുഴുവൻ നിഖില വിമൽ ആട് 3 യിൽ ഐറ്റം ഡാൻസ് കളിക്കുന്നു എന്നതാണ് രാവിലെ ഞാൻ കണ്ണുതുറന്ന് നോക്കുമ്പോൾ കാണുന്നത്. കുറെ ടാഗും കുറെ ഷെയറുമൊക്കെ കണ്ടു. എനിക്കൊന്നും മനസിലായില്ല. വേറെ ബഹളങ്ങളിലായത് കൊണ്ട് തന്നെ അതിന് മറുപടി കൊടുക്കാൻ പോയില്ല. ഐറ്റം ഡാൻസ് ഉണ്ട്. ഐറ്റം ഡാൻസ് അല്ല, ആടിന്റെ ഒരു കൺസെപ്റ്റ് പ്രകാരം ഒരു ഡാൻസുണ്ട്. അത് പക്ഷെ നിഖിലയല്ല. അങ്ങനെ സർപ്രൈസിങായിട്ടുള്ള ആളൊന്നുമല്ല, വേദികയാണ്." മിഥുൻ മാനുവൽ തോമസ് പറയുന്നു. ഫ്രൈഡേ ഫിലിം ഹൗസിന്റെ യൂട്യൂബ് ചാനലിലായിരുന്നു മിഥുന്റെ പ്രതികരണം