രാം ചരണ്‍ - ബുചി ബാബു സന ചിത്രം 'പെദ്ധി' ; ആയിരത്തിലധികം നര്‍ത്തകരുമായി ഗാനചിത്രീകരണം മൈസൂരില്‍
അക്കാദമി അവാര്‍ഡ് ജേതാവായ സംഗീത സംവിധായകന്‍ എ. ആര്‍. റഹ്‌മാന്‍ സംഗീതം നല്‍കിയ ഈ ഗാനം, ചിത്രത്തില്‍ രാം ചരണിനെ അവതരിപ്പിക്കുന്ന ഒരു മാസ്സ് ഗാനമായാണ് ഒരുക്കുന്നത്.;
തെലുങ്ക് സൂപ്പര്‍താരം രാം ചരണ്‍ നായകനായി അഭിനയിക്കുന്ന പാന്‍ ഇന്ത്യന്‍ ചിത്രമായ 'പെദ്ധി' യിലെ വമ്പന്‍ ഗാനത്തിന്റെ ചിത്രീകരണം മൈസൂരില്‍ ആരംഭിച്ചു. ജാനി മാസ്റ്റര്‍ നൃത്തസംവിധാനം നിര്‍വഹിക്കുന്ന ഈ ഗാനത്തില്‍ ആയിരത്തിലധികം നര്‍ത്തകരാണ് പങ്കെടുക്കുന്നത്. അക്കാദമി അവാര്‍ഡ് ജേതാവായ സംഗീത സംവിധായകന്‍ എ. ആര്‍. റഹ്‌മാന്‍ സംഗീതം നല്‍കിയ ഈ ഗാനം, ചിത്രത്തില്‍ രാം ചരണിനെ അവതരിപ്പിക്കുന്ന ഒരു മാസ്സ് ഗാനമായാണ് ഒരുക്കുന്നത്. ദേശീയ അവാര്‍ഡ് ജേതാവ് ബുചി ബാബു സന സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ആഗോള റിലീസ്, രാം ചരണിന്റെ ജന്മദിനമായ മാര്‍ച്ച് 27, 2026 നാണ്. ജാന്‍വി കപൂര്‍ നായികാ വേഷം ചെയ്യുന്ന ഈ ചിത്രം വൃദ്ധി സിനിമാസിന്റെ ബാനറില്‍ വെങ്കട സതീഷ് കിലാരു ആണ് നിര്‍മ്മിക്കുന്നത്. മൈത്രി മൂവി മേക്കര്‍സ്, സുകുമാര്‍ റൈറ്റിങ്‌സ് എന്നിവര്‍ ചേര്‍ന്നാണ് ഈ ബിഗ് ബഡ്ജറ്റ് ചിത്രം അവതരിപ്പിക്കുന്നത്. കന്നഡ സൂപ്പര്‍താരം ശിവരാജ് കുമാറും ചിത്രത്തിന്റെ ഭാഗമാണ്.
വമ്പന്‍ ബഡ്ജറ്റില്‍ രാം ചരണിന്റെ മാസ്സ് നൃത്ത രംഗങ്ങളോട് കൂടി ഒരുക്കുന്ന ഗാനം ഒരു ദൃശ്യ വിസ്മയമാക്കാനുള്ള ഒരുക്കത്തിലാണ് അണിയറ പ്രവര്‍ത്തകര്‍. ചിത്രത്തിന്റെ ഏറ്റവും വലിയ ഹൈലൈറ്റുകളില്‍ ഒന്നായി ഈ ഗാനം മാറുമെന്നാണ് അണിയറ പ്രവര്‍ത്തകരുടെ പ്രതീക്ഷ. രാം ചരണ്‍ ആരാധകര്‍ക്ക് ആവേശകരമായി മാറുന്ന ഈ ഗാനം ഇതിഹാസ തുല്യമായ കാന്‍വാസില്‍ ആണ് ഒരുക്കുന്നത്. ഈ ചിത്രത്തിനായി വമ്പന്‍ ശാരീരിക പരിവര്‍ത്തനത്തിനാണ് രാം ചരണ്‍ തയ്യാറായത്. ഫസ്റ്റ് ലുക്ക്, ടൈറ്റില്‍ ഗ്ലിമ്പ്‌സ്, രാം ചരണിന്റെ മേക്കോവര്‍ ചിത്രങ്ങള്‍ എന്നിവ ഇതിനോടകം തന്നെ ആരാധകര്‍ക്കും സിനിമാപ്രേമികള്‍ക്കും ഇടയില്‍ വലിയ ചര്‍ച്ചയും ആകാംക്ഷയും സൃഷ്ടിച്ചിട്ടുണ്ട്. പരുക്കന്‍ ലുക്കിലാണ് രാം ചരണ്‍ അവതരിപ്പിക്കുന്ന കഥാപാത്രത്തെ ചിത്രത്തില്‍ അവതരിപ്പിക്കുന്നത്.
രാജ്യം വിനായക ചതുര്‍ഥി ആഘോഷിക്കുന്ന വേളയില്‍ പെദ്ധിയുടെ ടീം അചഞ്ചലമായ പ്രതിബദ്ധതയോടെ ചിത്രത്തിന്റെ ജോലികള്‍ തുടരുകയാണ്. ആഘോഷങ്ങള്‍ക്കിടയിലും അവരുടെ സമര്‍പ്പണം അഭിനന്ദനവും കയ്യടിയും അര്‍ഹിക്കുന്നു. ഉപ്പെന്ന എന്ന ബ്ലോക്ബസ്റ്റര്‍ ചിത്രത്തിലൂടെ പ്രശസ്തനായ ബുചി ബാബു സന, വമ്പന്‍ ബഡ്ജറ്റില്‍ അത്യാധുനിക സാങ്കേതിക വിദ്യകളുടെ സഹായത്തോടെ അഭൂതപൂര്‍വമായ നിലവാരത്തിലാണ് ഈ രാം ചരണ്‍ ചിത്രം ഒരുക്കുന്നത്. രാം ചരണ്‍ - ശിവരാജ് കുമാര്‍ ടീം ആദ്യമായി ഒന്നിക്കുന്ന ഈ ചിത്രത്തില്‍ ജഗപതി ബാബു, ബോളിവുഡ് താരം ദിവ്യേന്ദു എന്നിവരാണ് മറ്റ് പ്രധാന താരങ്ങള്‍.
എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍- വി. വൈ. പ്രവീണ്‍ കുമാര്‍, ഛായാഗ്രഹണം - രത്‌നവേലു, സംഗീതം - എ ആര്‍ റഹ്‌മാന്‍, എഡിറ്റര്‍- നവീന്‍ നൂലി, പ്രൊഡക്ഷന്‍ ഡിസൈന്‍ - അവിനാഷ് കൊല്ല, മാര്‍ക്കറ്റിംഗ്- ഫസ്റ്റ് ഷോ, പിആര്‍ഒ - ശബരി