സായ് ദുര്‍ഗ തേജ്- രോഹിത് കെ. പി ചിത്രം 'സാംബരാല യേതിഗട്ട്' ഗ്ലിമ്പ്‌സ് പുറത്ത്

പാന്‍ ഇന്ത്യ സെന്‍സേഷണല്‍ ബ്ലോക്ക്ബസ്റ്റര്‍ ഹനുമാന് ശേഷം ഇവര്‍ നിര്‍മ്മിക്കുന്ന ചിത്രം കൂടിയാണിത്. ഐശ്വര്യ ലക്ഷ്മിയാണ് ഈ വമ്പന്‍ പീരിയഡ്-ആക്ഷന്‍ ഡ്രാമയിലെ നായിക.;

By :  Bivin
Update: 2025-10-15 07:21 GMT

സായ് ദുര്‍ഗ തേജ് നായകനാവുന്ന രോഹിത് കെ പി ചിത്രത്തിന്റെ ഗ്ലിമ്പ്‌സ് വീഡിയോ പുറത്ത്. സായ് ദുര്‍ഗ തേജിന്റെ ജന്മദിനം പ്രമാണിച്ചാണ് ' അസുര ആഗമന' എന്ന ടൈറ്റിലോടെ ഗ്ലിമ്പ്‌സ് വീഡിയോ പുറത്ത് വിട്ടത്. എസ് വൈ ജി (സാംബരാല യേതിഗട്ട്) എന്ന് പേരിട്ടിരിക്കുന്ന ചിത്രം 'വിരൂപാക്ഷ', 'ബ്രോ' എന്നീ സൂപ്പര്‍ഹിറ്റ് ചിത്രങ്ങള്‍ക്ക് ശേഷം സായ് ദുര്‍ഗ തേജ് നായകനായെത്തുന്ന ചിത്രമാണ്. 125 കോടി രൂപ ബജറ്റില്‍ ആണ് ഈ ബ്രഹ്‌മാണ്ഡ ആക്ഷന്‍ ചിത്രം നിര്‍മ്മിക്കുന്നത്. പ്രൈംഷോ എന്റര്‍ടെയ്ന്‍മെന്റിന്റെ ബാനറില്‍ കെ നിരഞ്ജന്‍ റെഡ്ഡിയും ചൈതന്യ റെഡ്ഡിയും ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മ്മാണം. പാന്‍ ഇന്ത്യ സെന്‍സേഷണല്‍ ബ്ലോക്ക്ബസ്റ്റര്‍ ഹനുമാന് ശേഷം ഇവര്‍ നിര്‍മ്മിക്കുന്ന ചിത്രം കൂടിയാണിത്. ഐശ്വര്യ ലക്ഷ്മിയാണ് ഈ വമ്പന്‍ പീരിയഡ്-ആക്ഷന്‍ ഡ്രാമയിലെ നായിക.

ചിത്രത്തിന്റെ വമ്പന്‍ കാന്‍വാസും കഥാ പശ്ചാത്തലവും വെളിപ്പെടുത്തുന്നതിനൊപ്പം സായ് ദുര്‍ഗ തേജിനെ ഉഗ്ര രൂപത്തില്‍ അവതരിപ്പിക്കുകയും ചെയ്യുന്നുണ്ട് ഗ്ലിമ്പ്‌സ് വീഡിയോ. സായ് ദുര്‍ഗ്ഗ തേജിന്റെ ശാരീരികവും വൈകാരികവുമായ പരിവര്‍ത്തനമാണ് ഈ വീഡിയോയുടെ ഹൈലൈറ്റ്. കഠിനമായ പേശീബലവും കണ്ണുകളില്‍ കത്തുന്ന തീവ്രതയും ഉള്ള ഒരു യോദ്ധാവിനെ ശരീരം കൊണ്ടും മനസ്സ് കൊണ്ടും സായ് ദുര്‍ഗ തേജ് ഉള്‍ക്കൊള്ളുന്നു. അദ്ദേഹത്തിന്റെ ഗംഭീര സംഭാഷണങ്ങളും ഊര്‍ജ്ജസ്വലമായ ഭാവങ്ങളും ഈ വീഡിയോക്ക് ആധികാരികത പകര്‍ന്ന് നല്‍കുന്നതിനൊപ്പം അദ്ദേഹത്തിന്റെ അസാധാരണമായ പ്രകടനത്തെയും സൂചിപ്പിക്കുന്നു.

ശക്തമായ പ്രകടനങ്ങളും സാങ്കേതിക വൈഭവവും കൊണ്ട് പ്രേക്ഷകരെ അമ്പരപ്പിക്കുന്ന ഒരു പാന്‍ ഇന്ത്യന്‍ കാഴ്ചയായി ചിത്രം മാറുമെന്ന സൂചനയാണ് ഗ്ലിമ്പ്‌സ് നല്‍കുന്നത്. വൈകാരികമായി ഏറെ ആഴമുള്ളതും ദൃശ്യപരമായി ഗംഭീരവുമായ ഒരു പീരിയഡ് ആക്ഷന്‍ ഡ്രാമയായി ആണ് ചിത്രം അവതരിപ്പിക്കുന്നത് എന്നും ഈ ഗ്ലിമ്പ്‌സ് കാണിച്ചു തരുന്നു. തെലുങ്ക് സിനിമയുടെ പുരാണ-ആക്ഷന്‍ വിഭാഗത്തിന് ഈ ചിത്രം ഒരു പുതിയ മാനദണ്ഡം സൃഷ്ടിക്കും എന്നാണ് വീഡിയോ സൂചിപ്പിക്കുന്നത്.

തെലുങ്ക്, തമിഴ്, ഹിന്ദി, കന്നഡ, മലയാളം എന്നീ ഭാഷകളില്‍ വമ്പിച്ച പാന്‍-ഇന്ത്യ റിലീസിനായി ആണ് ചിത്രം ഒരുങ്ങുന്നത്. ഇത് ഈ വര്‍ഷത്തെ ഏറ്റവും കൂടുതല്‍ ചര്‍ച്ച ചെയ്യപ്പെടുന്ന സിനിമാറ്റിക് ഇവന്റുകളില്‍ ഒന്നായിരിക്കുമെനുള്ള പ്രതീക്ഷയും അതോടൊപ്പം സമ്മാനിക്കുന്നു. ജഗപതി ബാബു, സായ് കുമാര്‍, ശ്രീകാന്ത്, അനന്യ നാഗല്ല, രവി കൃഷ്ണ എന്നിവരാണ് ചിത്രത്തിലെ മറ്റു താരങ്ങള്‍.

രചന- സംവിധാനം- രോഹിത് കെ പി, നിര്‍മ്മാതാക്കള്‍- കെ. നിരഞ്ജന്‍ റെഡ്ഡി, ചൈതന്യ റെഡ്ഡി, ബാനര്‍- പ്രൈംഷോ എന്റര്‍ടെയ്ന്‍മെന്റ്, ഛായാഗ്രഹണം- വെട്രിവെല്‍ പളനിസ്വാമി, സംഗീതം- ബി അജനീഷ് ലോക്‌നാഥ്, എഡിറ്റിംഗ്- നവീന്‍ വിജയകൃഷ്ണ, പ്രൊഡക്ഷന്‍ ഡിസൈനര്‍- ഗാന്ധി നാടികുടികര്‍, കോസ്റ്റ്യൂം ഡിസൈനര്‍- അയിഷ മറിയം, മാര്‍ക്കറ്റിംഗ് - ഹാഷ്ടാഗ് മീഡിയ, പിആര്‍ഒ- ശബരി.

Rohith.K.P.
Sai Dharam Tej, Aishwarya Lekshmi, Jagapati Babu, Ananya Nagalla
Posted By on15 Oct 2025 12:51 PM IST
ratings
Tags:    

Similar News