അടിവാതിലും തുറന്നു വന്നേക്കുവാണ് കടവാവല്.. ഡയലോഗ് പറ’’ - ഇനി ഓർമ്മകളിൽ ഹരിമുരളി

"ആ സീനിൽ ദിലീപിന് അങ്ങനെ പറയാൻ തോന്നിയിരുന്നില്ലെങ്കിൽ ആ ഡയലോഗും അതിലൂടെ ഞാനും ഹിറ്റാവില്ലായിരുന്നു "-ഹരിമുരളി

Update: 2026-03-12 14:51 GMT

അടിവാതിലും തുറന്നു വന്നേക്കുവാണ് കടവാവല്.. ഡയലോഗ് പറ’’ 

 ദിലീപ് ചിത്രമായ രസികനിലെ  ഈ ഡയലോഗ് കേട്ട് ചിരിക്കാത്ത മലയാളികൾ ഇല്ല. നിത്യജീവിതത്തിൽ ഈ ഡയലോഗ് ഒരിക്കലെങ്കിലും മലയാളി പറഞ്ഞിട്ടുണ്ടാവും.

 ദിലീപ് പറഞ്ഞു തീരും മുമ്പേ മുഴുനീളൻ ഡയലോഗു പറഞ്ഞു പ്രേക്ഷകരെ ചിരിപ്പിച്ച രസികനിലെ ആ കൊച്ചു പയ്യനെ മലയാളി സിനിമാ പ്രേമികൾ മറക്കാനിടയില്ല.

 ഈ ഒരൊറ്റ സീൻ കൊണ്ട് തന്നെ മലയാളികളുടെ ഉള്ളിൽ മായാതെ ഇന്നും കൊച്ചു ഹരിമുരളി ഉണ്ട്.

 ഹരിമുരളിയുടെ അകാല വിയോഗത്തിന്റെ നടുക്കം വിട്ടു മാറിയിട്ടില്ല സിനിമ പ്രേമികൾക്ക് .


 ‘രസികനു’ ശേഷം അണ്ണൻ തമ്പിയിൽ സിദ്ദീഖിന്റെ ചെറുപ്പമായും അമർ അക്ബർ അന്തോണിയിൽ പൃഥ്വിരാജിന്റെ അനുജനായും സിനിമയിലെത്തിയിരുന്നു ഹരിമുരളി. കുട്ടിത്താരമായി ചില സീരിയലുകളിലും വേഷമിട്ടു. 

അഭിനയം പഠനത്തെ ബാധിക്കുന്നു എന്നു തോന്നിയപ്പോൾ സിനിമയും സീരിയലും ഉപേക്ഷിച്ചു. 

ബെംഗളൂരുവിൽ ഉന്നത വിദ്യാഭ്യാസം പൂർത്തിയാക്കി യുഎഇയിലേക്ക് പോയ ഹരിമുരളി കുറച്ചു വർഷങ്ങൾക്കു മുൻപാണ് നാട്ടിൽ തിരിച്ചെത്തിയത്. 

വിഎഫ്എക്സ് ആർട്ടിസ്റ്റായിരുന്നു.  


 ഹരിമുരളിയുടെ അച്ഛൻ ഒരു നാടക സംവിധായകനും ആർട്ടിസ്റ്റുമാണ്. അതുകൊണ്ടുതന്നെ വളർന്നതൊക്കെ നാടക ക്യാംപുകളിലായിരുന്നു. അഭിനയത്തോടു ചെറുപ്പം മുതൽ താൽപര്യമുണ്ടായിരുന്നു. അച്ഛന്റെ സുഹൃത്ത് സ്ക്രിപ്റ്റ് എഴുതിയ നാടകത്തിൽ ഗുഡ്മോണിങ് ടീച്ചർ എന്നൊരു ഡയലോഗു പറയാൻ പോയതാണ്. 

അവിടെ നിന്നാണ് കൊച്ചു ഹരിയുടെ അഭിനയ ജീവിതം തുടങ്ങിയത്. അതിനു ശേഷം മറ്റൊരു സീരിയലിലേക്ക് വിളി വന്നു.. സീരിയലിൽ നിന്നും സിനിമയിലേക്ക്. ആദ്യ സിനിമ രസികനിൽ അഭിനയിക്കുമ്പോൾ 6 വയസ്സ് . 


അന്ന് ആ പ്രായത്തിൽ അഭിനയിക്കുന്ന വേറെ കുട്ടികൾ ഇല്ലായിരുന്നു. അത് ശരിക്കും ഹരിക്ക് ഒരു ഭാഗ്യമായി. രസികനിലെ അടിവാതിലും തുറന്നു വന്നേക്കുവാണ് കടവാവല് എന്ന ഡയലോഗിലൂടെയാണ് ഏറെ ശ്രദ്ധിക്കപ്പെട്ടത്. പക്ഷേ ആ ഡയലോഗ് സ്ക്രിപ്റ്റിൽ ഇല്ല, ഡബ്ബിങ്ങിന്റെ സമയത്ത് ദിലീപ്കൂ ട്ടിച്ചേർത്തതാണ്. 

ആ സീനിൽ ദിലീപിന് അങ്ങനെ പറയാൻ തോന്നിയിരുന്നില്ലെങ്കിൽ ആ ഡയലോഗും അതിലൂടെ ഞാനും ഹിറ്റാവില്ലായിരുന്നു എന്ന് അഭിമുഖത്തിലൂടെ ഹരിമുരളി നേരത്തെ പറഞ്ഞിരുന്നു . 

 പിന്നീട് ഹരിയുടെ ഐഡന്റിറ്റി തന്നെ ആ ഡയലോഗായി മാറി . സംവൃതയുടെയും ഹരിയുടെയും ആദ്യ സിനിമയായിരുന്നു ‘രസികൻ’. അവർ തമ്മിൽ നല്ല ബന്ധമായിരുന്നു. ഹരി കുട്ടിയായതുകൊണ്ടു തന്നെ സെറ്റിൽ എല്ലാവരും കൊച്ചു ഹരിയെ എടുത്ത് നടക്കുമായിരുന്നു. രസികന് ശേഷം മാടമ്പി,ഡോൺ,അണ്ണൻ തമ്പി തുടങ്ങിയ സിനിമകളിലും വേഷം ചെയ്തിട്ടുണ്ട്. പക്ഷേ ഇംപാക്ടുണ്ടാക്കിയത് രസികനിലെ കഥാപാത്രമാണ്.


സിനിമയിൽ നിന്നും മാറി നിൽക്കാനുള്ള കാരണം പഠനം മാത്രമായിരുന്നില്ല, മറ്റു ചിലതു കൂടിയുണ്ട്. സോഷ്യൽ മീഡിയ അത്ര പരിചിതമല്ലാത്ത കാലത്താണ് അയാൾ അഭിനയിച്ചു തുടങ്ങിയത്. അതും നാലര വയസ്സിൽ. സീരിയലിൽ അഭിനയിക്കുന്നതു കൊണ്ടു ആളുകൾക്കു 

 മുഖം പരിചിതമായിരുന്നു. ഇത് പേഴ്സണലി ഹരിയെ ഒരു പാട് ബാധിച്ചിരുന്നു. വീടിനടുത്തുള്ള കുട്ടികൾ തന്നെ കളിക്കാൻ പോലും കൂട്ടില്ലായിരുന്നു. സ്കൂളിൽ പോയാലും കുട്ടികൾ സംസാരിക്കാതെ മാറി നിൽക്കും. തന്നെ വേറെ എന്തോ ആയിട്ടാണ് കുട്ടികളൊക്കെ കണ്ടത് എന്ന് ഹരി ഒരു അഭിമുഖത്തിൽ തുറന്നുപറയുന്നുണ്ട്.

 ചെറിയ പ്രായത്തിൽ വിട പറഞ്ഞ നടൻ ഹരിമുരളിക്ക് ഒട്ടേറെ സിനിമ താരങ്ങളാണ് അനുശോചനം അറിയിച്ചു രംഗത്തെത്തിയത്. 


Tags:    

Similar News