23 കഥാപാത്രങ്ങള്‍! കളങ്കാവലില്‍ നിറഞ്ഞാടി മമ്മൂട്ടി, ആ 'വഷളന്‍' നോട്ടത്തിന് നല്‍കണം നൂറില്‍ നൂറ്

Mammootty Vinayakan starrer Kalamkaval movie review;

Update: 2025-12-05 09:21 GMT

നടന്‍ വിക്രമിന്റെ മകനും നടനുമായ ധ്രുവിനോട് ഒരു അഭിമുഖത്തില്‍ ചോദിച്ചു: ഏതാണ് ഇഷ്ടപ്പെട്ട മലയാള സിനിമ? ഒട്ടും ചിന്തിക്കാതെ തന്നെ ധ്രുവ് മറുപടി പറഞ്ഞു: ഭ്രമയുഗം! കറുപ്പിലും വെളുപ്പിലും ഒരുക്കിയ, ഒരു 'ഓഫ് ബീറ്റ്' ചിത്രം എങ്ങനെയാണ് ഒരു ന്യൂജന്‍ ചെറുപ്പക്കാരന്റെ ഇഷ്ട ചിത്രമായി മാറിയത്! ലോകം മുഴുവന്‍ ശ്രദ്ധിച്ച ഭ്രമയുഗം യഥാര്‍ത്ഥ്യമായതില്‍ മമ്മൂട്ടി എന്ന നടന്റെ, താരത്തിന്റെ പങ്കുവലുതാണ്.

മമ്മൂട്ടിയുടെ ചലച്ചിത്ര ജീവിതത്തിലൂടെ സഞ്ചരിച്ചാല്‍ ഒരു കാര്യം മനസ്സിലാകും. മലയാള സിനിമയിലെ നാഴികക്കല്ലുകളുടെ ഭാഗമായി മമ്മൂട്ടി എന്ന നടനും ഉണ്ടായിരുന്നു; ഒരു താരമായി നില്‍ക്കുമ്പോള്‍ തന്നെ! പൊന്തന്‍മാട തന്നെ ഏറ്റവും വലിയ ഉദാഹരണം. ആലീസിന്റെ അന്വേഷണത്തിന് ശേഷം ടി വി ചന്ദ്രന്‍ ഒരുക്കിയ ചിത്രം. ഒരു സൂപ്പര്‍ താരത്തെ കാസ്റ്റ് ചെയ്തതിലൂടെ ആ ചിത്രത്തിന് ലഭിച്ച ഹൈപ്പ് വലുതായിരുന്നു. ആ സൂപ്പര്‍ താരം ഒരു നടന്‍ കൂടിയാകുമ്പോള്‍, മാട എന്ന കഥാപാത്രം ഒരു ക്ലാസിക് പ്രകടനമായി മാറുന്നു. നന്‍പകല്‍ നേരത്ത് മയക്കത്തിലും കാതലിലും പുഴുവിലും റോഷാക്കിലും നമ്മള്‍ ഇത് കണ്ടു!

ഇത്രയും പറഞ്ഞത് പുതിയ 'മമ്മൂട്ടി ചിത്രം' കളങ്കാവലിനെ കുറിച്ച് പറയാനാണ്. ഈ ചിത്രത്തില്‍ മമ്മൂട്ടി എന്ന ആഗ്രഹ നടന്‍ കളം നിറഞ്ഞാടുന്നു. മമ്മൂട്ടി എന്ന താരത്തിന്റെ ഒരു അടയാളവും അവശേഷിപ്പാക്കാതെ അസാധാരണ മെയ് വഴക്കത്തോടെ മിഴിവോടെ അയാള്‍ പ്രതി'നായകനായി' പൂണ്ടുവിളയാടുന്നു. ഈ വിടന്റെ, സൈക്കോപ്പാത്തിന്റെ വഷളന്‍ ചിരിയുണ്ടല്ലോ! അതിനു നല്‍കണം നൂറില്‍ നൂറു മാര്‍ക്ക്. 23 വേഷപ്പകര്‍ച്ചകളിലൂടെ കളങ്കാവല്‍ മമ്മൂട്ടി നിറയുമ്പോള്‍, പതിവു ഇളകിയാട്ടം മാറ്റിവച്ച് വിനായകന്‍ അച്ചടക്കത്തോടെ കഥാപാത്രമായി മാറിയിട്ടുണ്ട്. കളങ്കാവല്‍ മികച്ച സിനിമയാണ്, എല്ലാ അര്‍ത്ഥത്തിലും. നല്ല തിരക്കഥ, ഛായാഗ്രഹണം, എഡിറ്റിംഗ്. അങ്ങനെ മികച്ച ഒരു ടീം ഒരുക്കിയ, മികച്ച സിനിമ. 22 നായികമാര്‍ കടന്നുപോകുന്ന സിനിമ. സ്വാഭാവികമായും ഒരു ഇഴച്ചിലൊക്കെ എല്ലാവരും പ്രതീക്ഷിക്കും. എന്നാല്‍, എത്ര ബ്രില്യന്‍സോടെയാണ് സിനിമയില്‍ നായികമാരെ ഇഴചേര്‍ത്തുവച്ചിരിക്കുന്നത്. തികച്ചും ഒരു പക്കാ ത്രില്ലര്‍ സിനിമയുടെ മൂഡിലാണ് കളങ്കാവല്‍ മുന്നോട്ടുപോകുന്നത്.

മമ്മൂട്ടി എന്ന നടനെ കുറിച്ച് ഒന്നു കൂടി പറയട്ടെ. ഇനിയാണ് മമ്മൂട്ടിയുടെ മികച്ച പ്രകടനം വരാന്‍ പോകുന്നത്. നല്ല സിനിമകളിലൂടെ, കഥാപാത്രങ്ങളിലൂടെ അയാള്‍ വിസ്മയിപ്പിക്കും. കാരണം മമ്മൂട്ടി വെറുമൊരു ആക്ടറല്ല, ഇന്റലിജന്റ് ആക്ടറാണ്!

Tags:    

Similar News