പ്രായവും ഇമേജും ഉപേക്ഷിച്ച് മമ്മൂട്ടി; നടനില്‍ നിന്ന് മഹാനടനിലേക്ക്!
Mammootty's performance in Kalamkaval;
ഡോ. അനില്‍ കുമാര്‍ എസ്.ഡി.
കളങ്കാവല്‍ കണ്ടു. മനസ്സിന്റെ നിഗൂഢതയിലൂടെ രണ്ടര മണിക്കൂര്‍ യാത്ര ചെയ്തു. ജിതിന്‍ കെ. ജോസിന്റെ സംവിധാനം. മമ്മൂട്ടിയുടെ നിര്‍മ്മാണം. ഫൈസല്‍ അലിയുടെ ക്യാമറ. പ്രവീണ്‍ പ്രഭാകറിന്റെ എഡിറ്റിംഗ്. മുജീബ് മുജീബിന്റെ മ്യൂസിക്. മമ്മൂട്ടിയും വിനായകനും നിറഞ്ഞാടിയ സ്‌ക്രീന്‍. രജിഷാ വിജയന്‍, മാളവികാ മേനോന്‍, ജിബിന്‍ ഗോപിനാഥ് തുടങ്ങിയ പ്രമുഖരുടെ അഭിനയനിര.
പ്രണയം, സെക്സ്, കൊല എന്ന ത്രികോണത്തിന്റെ തനിയാവര്‍ത്തനത്തിന്റെ ലഹരിയുള്ള സിനിമ. സീരിയല്‍ കൊലയുടെ അന്വേഷണത്തിന്റെ ഉദ്വേഗവും ചടുലതയും നിറച്ച വെള്ളിത്തിര. അടുത്ത നിമിഷത്തിന്റ ചടുലതയ്ക്കായി കാത്തിരിക്കുന്ന പ്രേക്ഷക മനസ്സ് ഒരുക്കുന്ന തിരക്കഥ. പ്രായവും ഇമേജും ഉപേക്ഷിച്ച് അഭിനയ ദാഹവുമായി മമ്മൂട്ടി വില്ലനായും വഷളനായും സ്വയം പുതുക്കിപ്പണിഞ്ഞ അഭിനയത്തികവ്. സ്വന്തം വാക്കുകള്‍ വ്യക്തി ജീവിതത്തില്‍ പലപ്പോഴും കുരുക്കാക്കുന്ന വിനായകന്‍ എത്ര മികച്ച പ്രതിഭയാണ് എന്ന് തെളിയിക്കുന്ന സിനിമ. പ്രണയത്തിനെ പ്രണയിക്കുന്ന സ്ത്രീയുടെ ദൗര്‍ബല്യത്തെ കേന്ദ്രകഥാപാത്രമാക്കിയ മനോഹരമായ തിരക്കഥ. പ്രണയമൊരു ചുഴിയായ് വിഴുങ്ങി മരണത്തിലേക്ക് ഒഴുക്കെടുക്കുന്ന ഇരുപതിലേറെ സ്ത്രീകളുടെ കഥ.
എന്താണ് ഈ സ്ത്രീകള്‍ തലച്ചോറ് പണയം വച്ച് പ്രണയത്തിന്റെ കാല്‍പ്പനിക ഹൃദയത്തില്‍ കുരുങ്ങിപ്പോവുന്നത് എന്ന ചോദ്യവും സിനിമ ചോദിക്കുന്നു. കാവല്‍ക്കാരനില്‍ കള്ളന്മാര്‍ ധാരാളമുള്ള പോലീസിങ്ങിന്റെ പരാധീനത സിനിമ നമ്മളെ ബോധ്യപ്പെടുത്തുന്നു. വിനായകന്റെ കഥാപാത്രങ്ങള്‍ വിരളവും മമ്മൂട്ടിയുടെ കഥാപാത്രങ്ങള്‍ മഹാഭൂരിപക്ഷവുമായ പോലീസ് സേനയില്‍ സ്ത്രീകള്‍ക്ക് മാത്രമല്ല പുരുഷന്മാര്‍ക്കും സുരക്ഷിതത്വം ഇല്ലയെന്നും സിനിമ സൂചിപ്പിക്കുന്നു.
കേസുകളിലെ എഫ്ഐആര്‍ മുതല്‍ മഹസ്സര്‍ വരെ പോലീസിന്റെ സുപ്രധാന റോളുകള്‍ പങ്കിലമാണെന്ന് പല സീനുകളിലൂടെയും സിനിമ നമ്മോടു പറയുന്നു. സ്ത്രീയുടെ മനസ്സും പുരുഷന്റെ മനസ്സും സിനിമ വ്യാഖ്യാനിക്കുന്നു.
കാലം മാറിയപ്പോള്‍ സിനിമയും മാറുന്നു. നേര്‍ അനുഭവങ്ങളുടെ ചൂരുള്ള സിനിമകളും മമ്മൂട്ടിയെപ്പോലെ അര്‍പ്പണബുദ്ധിയും ഇമേജ് ഭാരവുമില്ലാത്ത മഹാനടന്മാരും നമുക്ക് പ്രതീക്ഷ നല്‍കുന്നു. വിനായകനും ജിതിന്‍ കെ. ജോസും നിലനില്‍ക്കുന്ന സിനിമാവ്യവസായം തളരില്ല, തകരില്ല എന്നും ഈ സിനിമ അടിവരയിടുന്നു. സിനിമയില്‍ എല്ലാക്കാലത്തും വില്ലന്മാരായി നിലനിന്നിരുന്ന പോലീസുകാരുടെ കറുത്ത മുഖവും ഈ സിനിമയില്‍ കാണാം. എന്നാല്‍, നമ്മളെ രക്ഷിക്കേണ്ട പോലീസ് പലതലത്തിലും വില്ലന്മാരാകുന്ന സമകാലിക കാലഘട്ടത്തില്‍ ഈ സിനിമ എന്നെ അസ്വസ്ഥനാക്കുന്നു, ആശങ്കാകുലനാക്കുന്നു.