പാതിരാത്രിയിലെ കൊല; പിരിമുറുക്കത്തോടെ, ബോറടിക്കാതെ കണ്ടു തീര്‍ക്കാം!
Soubin Shahir–Navya Nair Starrer Pathirathri Review;
ഡോ. അനില്‍ കുമാര്‍ എസ്.ഡി.
പാതിരാത്രി കണ്ടു. രണ്ടു മണിക്കൂറിലേറെയുള്ള സ്‌ക്രീന്‍ പ്രസന്‍സ്സ്. ജീവിതവും തൊഴിലും കലഹിച്ചും പ്രണയിച്ചും നീങ്ങുന്ന തിരക്കഥ. രത്തീനയുടെ സംവിധാനം, ജെയിക്സ് ബിജോയിയുടെ സംഗീതം, ശ്രീജിത്ത് സാരംഗിന്റെ എഡിറ്റിംഗ്, ഷെഹാദ് ജലാലിന്റെ ക്യാമറയും.
കഥാപാത്രത്തിന്റെ ആത്മാവറിഞ്ഞ് അഭിനയിക്കുന്ന നടീനടന്മാര്‍. നവ്യാനായരും സൗബിനും ഇന്ദ്രന്‍സും സണ്ണിവെയിനും ആന്‍ അഗസ്റ്റിനും അച്യുത്കുമാറും ആത്മീയ രാജനും ഹരിശ്രീ അശോകനും ഉള്‍പ്പെടുന്ന താരനിര. നിറഞ്ഞു കവിഞ്ഞ കഥാസഞ്ചയം ഭാരപ്പെടുത്തിയ തിരക്കഥ. പോലീസിന്റെ ഉള്ളറയിലേക്ക് ഊളിയിട്ടിറങ്ങുന്ന ഒരു മലയാള സിനിമ കൂടി. രാത്രിയിലെ റോന്തിലൂടെ പാതിരാത്രിയിലേക്ക് വണ്ടിയോടിക്കുന്ന ചില ആവര്‍ത്തനങ്ങളും. എങ്കിലും പിരിമുറക്കത്തോടെ, ബോറടിക്കാതെ കണ്ടുതീര്‍ക്കാവുന്ന ദൃശ്യവിഭവമാണ് പാതിരാത്രി.
മനുഷ്യനും നിയമവും പോലീസും കുറ്റവും കുറ്റവാളിയും അഭിനയിക്കുന്ന ഫ്രെയിമുകള്‍. അതിഭാവുകത്വമില്ലാതെ മണ്ണില്‍ ചവിട്ടിനില്‍ക്കുന്ന, സ്വാഭാവികതയുള്ള ഷോട്ടുകള്‍. ജീവിതം പോലെ വിടരുന്ന പോലീസ് സ്റ്റേഷന്‍. പരാതിപ്പെട്ടിയുടെ നിര്‍വികാരത വിഴുങ്ങിയ പോലീസുകാര്‍. തെളിവില്‍ കുരുങ്ങി തോറ്റു പോകുന്ന നീതിയും കള്ളം ശരിയാക്കുന്ന വന്യനീതിയുടെ ക്ലൈമാക്സും.
ജനാധിപത്യത്തിന്റെ തേര് ഇത്രനാള്‍ ഉരുണ്ടിട്ടും നീതിന്യായവും പോലീസിങ്ങും ഇപ്പോഴും പരാധീനതയില്‍ എന്ന് ഉറപ്പിക്കുന്ന സിനിമ. ഒരേ സമയം തോല്‍ക്കുകയും തോല്‍പ്പിക്കുകയും ചെയ്യുന്ന വെറും ഇരയായ പോലീസുകാരും. അഭിനയത്തിലും സംവിധാനത്തിലും സിനിമ മികച്ചതായി. കഥയുടെ സാന്ദ്രതയും ട്വിസ്റ്റുകളുടെ അപ്രതീക്ഷിതമായ പ്രത്യക്ഷപ്പെടലും തിരക്കഥയെ ദുര്‍ബലമാക്കി.
മലയാളത്തിന്റെ മികച്ച അഭിനേതാക്കളായ സൗബിനും സണ്ണി വെയിനും സിനിമയുടെ ഒഴുക്കിനെ സുന്ദരമാക്കി . ഒരു പ്രൊബേഷന്‍ എസ് .ഐ യായി എത്തിയ നവ്യയും ജീവിതത്തിനും തൊഴിലിടത്തിനുമിടയിലുള്ള ഞെരുക്കങ്ങളും തൊഴിലിടത്തിലെ ചതിയുടെ ചൂരും നന്നായി പകര്‍ത്തി. മലയാളത്തിന് ഇനിയും ആവശ്യമുള്ള ഒരു നടിയാണ് താനെന്ന് നവ്യ ഈ ചിത്രത്തിലൂടെ സ്വയം അടയാളപ്പെടുത്തി.
മികച്ച സംവിധായിക എന്ന നിലയില്‍ രത്തീനയും ഇനിയും എനിക്ക് അഭിനയിക്കാനുണ്ട് എന്ന് ആന്‍ അഗസ്റ്റിനും സിനിമയിലൂടെ പ്രേക്ഷകരോട് സംവദിക്കുന്നു. നവ്യാനായര്‍ ഇനിയും പരീക്ഷിക്കപ്പെടേണ്ട, ഉള്‍ക്കാമ്പുള്ള ഒരു നടിയാണ് താനെന്ന് സിനിമയിലൂടെ ഓര്‍മ്മിപ്പിക്കുന്നു.
നിരന്തരം മാറ്റിയും മാറിയും പുതുക്കിപ്പണിഞ്ഞും സംവദിക്കേണ്ട സമ്പൂര്‍ണ്ണ കലയോ സങ്കരകലയോ ആണ് സിനിമ. റോന്തും കഴിഞ്ഞ് അതേ ജോണറില്‍ മറ്റൊരു സിനിമയുണ്ടാക്കിയാല്‍ സംഭവിക്കാവുന്ന വിരസതയെ പാതിരാത്രി മറികടന്നോ എന്നത് പ്രേക്ഷകര്‍ക്ക് വിട്ടുകൊടുക്കുന്നു. ഈ ചോദ്യവും കൂടി ഒരു തിയേറ്റര്‍ വിരുന്നായ പാതിരാത്രി ഉയര്‍ത്തുന്നു.