ഓര്‍മ്മകളുടെയും അനുഭവങ്ങളുടെയും തിരച്ചിലാണ് സിനിമ: ഗൗതം ഘോഷ്
ഒരാളുടെ യാത്രകളും അനുഭവങ്ങളുമാണ് സിനിമ എന്ന ശക്തമായ ആശയത്തിലേക്ക് അവരെ എത്തിക്കുന്നത്. ഓര്‍മ്മകളുടെ തിരച്ചിലാണ് സിനിമയെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ഫിക്ഷനും ഫീച്ചര്‍ ഫിലിമും ബന്ധപ്പെട്ടിരിക്കുന്നു. എല്ലാം സിനിമയുടെ ഭാഗമാണ്.;
പ്രശസ്ത ബംഗാളി ചലച്ചിത്ര സംവിധായകന്‍ ഗൗതം ഘോഷ് 16 ഫീച്ചര്‍ ഫിലിമുകളും 17 ഡോക്യുമെന്ററികളും സംവിധാനം ചെയ്തിട്ടുണ്ട്. വിറ്റോറിയോ ഡി സിക്ക പുരസ്‌കാരം നേടിയ ആദ്യ ഇന്ത്യക്കാരന്‍ കൂടിയാണ്.
യാത്രയില്‍ നിന്ന് സിനിമയിലേക്ക്
ചലച്ചിത്ര ജീവിതം തുടങ്ങിയത് 'ന്യൂ എര്‍ത്ത്' (1973) എന്ന ഡോക്യുമെന്ററിയിലൂടെയാണെങ്കിലും 1979-ല്‍ സംവിധാനം ചെയ്ത 'മാ ഭൂമി' എന്ന തെലുങ്കു ഫീച്ചര്‍ ഫിലിം ആണ് തന്നെ ഫീച്ചര്‍ ഫിലിമിന്റെ ലോകത്തേക്ക് കൊണ്ടുവന്നതെന്ന് ഗൗതം ഘോഷ് പറഞ്ഞു. ഫോട്ടോ ജേണലിസ്റ്റ് ആയി കരിയര്‍ തുടങ്ങി രാജ്യം മുഴുവന്‍ യാത്ര ചെയ്യുകയും അതിന്റെ വൈവിധ്യത്തെ പഠിക്കുകയും ചെയ്തതിനു ശേഷമാണ് ചലച്ചിത്ര മേഖലയിലേക്ക് തിരിഞ്ഞത്.
ഒരാളുടെ യാത്രകളും അനുഭവങ്ങളുമാണ് സിനിമ എന്ന ശക്തമായ ആശയത്തിലേക്ക് അവരെ എത്തിക്കുന്നത്. ഓര്‍മ്മകളുടെ തിരച്ചിലാണ് സിനിമയെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ഫിക്ഷനും ഫീച്ചര്‍ ഫിലിമും ബന്ധപ്പെട്ടിരിക്കുന്നു. എല്ലാം സിനിമയുടെ ഭാഗമാണ്.
ചലച്ചിത്രത്തിന്റെ സുവര്‍ണ്ണ കാലഘട്ടം
ലൂമിയര്‍ സഹോദരന്മാരുടെ മുംബൈയിലെ ചലച്ചിത്ര പ്രദര്‍ശനത്തിലൂടെയാണ് ഇന്ത്യന്‍ സിനിമ എന്ന ആശയം ഉയര്‍ന്നു വന്നത്. നിശബ്ദ ചിത്രങ്ങളും ശബ്ദ ചിത്രങ്ങളും വന്നതിനു ശേഷവും, ചലച്ചിത്രത്തിന്റെ സുവര്‍ണ്ണ കാലഘട്ടം ഒരുപക്ഷേ അന്‍പതുകളും അറുപതുകളുമാണ്. ഈ ചലച്ചിത്ര തരംഗം ഇന്ത്യന്‍ ചലച്ചിത്ര മേഖലയിലുടനീളം പ്രഭാവം ചെലുത്തുകയും ഭാഷയെ ചിത്രത്തിനുതകുന്ന രീതിയില്‍ മാറ്റിയെടുക്കാന്‍ പഠിക്കാന്‍ പ്രേരിപ്പിക്കുകയും ചെയ്തു.
പുതിയ കാലത്തെ വെല്ലുവിളികള്‍
സാങ്കേതികത വളരുന്ന കാലഘട്ടം ചലച്ചിത്ര രംഗത്തെ എങ്ങനെ ബാധിക്കുന്നു എന്ന ചോദ്യത്തിന് ഗുണവും ദോഷവും ഒരു പോലെ എന്നായിരുന്നു ഗൗതം ഘോഷിന്റെ മറുപടി. നവ സാങ്കേതികത ചലച്ചിത്ര രംഗത്തെ മികവുറ്റതാക്കുമ്പോള്‍ത്തന്നെ, ചിത്രീകരണത്തിന്റെ അടിസ്ഥാനപരമായ പല കാര്യങ്ങളും സ്വാര്‍ത്ഥ താല്‍പ്പര്യങ്ങള്‍ക്കായി തിരുത്തപ്പെടുകയും കേവലം ലാഭത്തിനായി ചിത്ര നിര്‍മ്മാണം നടക്കുന്ന സ്ഥിതിയിലേക്ക് നാം മാറുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ആശയമാണ് കാതല്‍
പലരും ചലച്ചിത്ര ആസ്വാദനം ശരിയായ രീതിയിലല്ല നടത്തുന്നത് എന്ന് ഗൗതം പറഞ്ഞു. ഒരു ചിത്രത്തിലെ നിശബ്ദതയ്ക്ക് പോലും അതിന്റേതായ പ്രാധാന്യം ഉണ്ട്. ആ നിമിഷം തിരികെ ലഭിക്കുന്നതല്ല. നവ പ്രേക്ഷകര്‍ക്കിടയില്‍ സിനിമയെക്കുറിച്ചുള്ള ധാരണ മാറിയിരിക്കുന്നു. നമ്മള്‍ ചലച്ചിത്രത്തിലൂടെ പങ്കു വെക്കുന്ന ആശയമാണ് പ്രേക്ഷകനെ ചിത്രം കാണാനും ചിന്തിക്കാനും പ്രേരിപ്പിക്കുന്നത്. ചിത്രത്തിന്റെ കഥ അതിന്റെ കാതലാണ്. മറ്റു കലാമേഖലകളെക്കാള്‍ സെന്‍സര്‍ഷിപ്പ് നിലനില്‍ക്കുന്ന മേഖലയാണ് സിനിമ .
മലയാളത്തില്‍ ഒരു ചിത്രമെടുക്കുക എന്നത് തന്റെ ഏറെ കാലത്തെ ആഗ്രഹമാണെന്നും അത് അടുത്തു തന്നെ സാധിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും ഗൗതം ഘോഷ് പറഞ്ഞു.