സിനിമ മനുഷ്യ പോരാട്ടങ്ങളുടെ നേര്‍സാക്ഷ്യമാണെന്ന് ഗാരിന്‍ നുഗ്രോഹോ

'അധികാരത്തിന്റേതല്ല; തീവ്രമായ അഭിലാഷത്തിന്റെ ബഹിര്‍സ്ഫുരണമാണ് സിനിമ';

Update: 2025-12-17 14:28 GMT

മനുഷ്യന്റെ പോരാട്ടങ്ങള്‍ക്ക് നേര്‍സാക്ഷിത്വം വഹിച്ചതിന്റെ ചരിത്രമാണ് സിനിമയുടേതെന്ന് പ്രശസ്ത ഇന്തോനേഷ്യന്‍ ചലച്ചിത്ര സംവിധായകന്‍ ഗാരിന്‍ നുഗ്രോഹോ. പ്രത്യേകം അനുവദിച്ച അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

'മനുഷ്യ പോരാട്ടങ്ങള്‍ക്ക് സാക്ഷ്യം വഹിക്കുന്നതില്‍ സിനിമയിലെ നിശ്ശബ്ദതയ്ക്ക് നിര്‍ണായക പങ്കുണ്ട്. മനുഷ്യരുടെ ആശയവിനിമയത്തിന്റെ വലിയൊരു ഭാഗം വാക്കുകള്‍ക്ക് അതീതമാണ്. ചരിത്രപരമായ പ്രശ്‌നങ്ങളെ നേരിടുമ്പോള്‍ നിശ്ശബ്ദതയും സംയമനവും പലപ്പോഴും സംഭാഷണത്തേക്കാള്‍ കൂടുതല്‍ സത്യസന്ധമായി സംസാരിക്കും, ' നുഗ്രോഹോ വ്യക്തമാക്കുന്നു.

തന്റെ സിനിമകളിലുടനീളം പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട മനുഷ്യജീവിതങ്ങളിലേക്കാണ് നുഗ്രഹോ ക്യാമറ തിരിച്ചത്. ആ ജീവിതങ്ങളോടുള്ള സഹാനുഭൂതി പ്രകടിപ്പിക്കാനും അവര്‍ക്കര്‍ഹമായ മാന്യതയും നീതിയും ഉറപ്പാക്കാനുമായിരുന്നു അദ്ദേഹത്തിന്റെ ശ്രമം.

നുഗ്രോഹോയുടെ കാഴ്ചപ്പാടില്‍, സിനിമയുടെ ശക്തി നേരിട്ടുള്ള പോരാട്ടങ്ങളിലല്ല, തിരിച്ചറിവുകളിലാണ്. ദാരിദ്ര്യത്തിന്റെയും ചെറുത്തുനില്‍പ്പിന്റെയും അതിജീവനത്തിന്റെയും നേര്‍ക്കാഴ്ചകളാണ് അദ്ദേഹത്തിന്റെ ഓരോ സിനിമയിലും പ്രതിഫലിക്കുന്നത്.

മനുഷ്യജീവിതം പോലെ തന്നെ നിഗൂഢതകള്‍ നിറഞ്ഞതാണ് സിനിമയും. എല്ലാറ്റിനും ഉത്തരം നല്‍കാന്‍ അതിന് കഴിയണമെന്നില്ല. പ്രാദേശിക പാരമ്പര്യങ്ങളെയും സംഗീതത്തെയും കലാരൂപങ്ങളെയും നുഗ്രോഹോ തന്റെ സിനിമകളില്‍ അവതരിപ്പിക്കുന്നത് മാറിക്കൊണ്ടിരിക്കുന്ന അനുഭവങ്ങളായാണ്.

ഭാഷയ്ക്ക് അതീതമായി വിവിധ വികാരങ്ങളെയും ചിന്തകളെയും പകര്‍ത്താനുള്ള കഴിവ് സിനിമയ്ക്കുണ്ടെന്ന് വിശ്വസിക്കുന്ന നുഗ്രോഹോ, അതിനകത്ത് തന്റേതായ ഒരു ഇടം കണ്ടെത്താന്‍ ബദ്ധശ്രദ്ധനുമാണ്.

സിനിമ എടുക്കാന്‍ ആഗ്രഹിക്കുന്ന യുവതലമുറയോട് ഗാരിന്‍ നുഗ്രോഹോയ്ക്ക് പറയാനുള്ളത് ഇത്രമാത്രം: 'മുന്നില്‍ വരുന്ന പ്രതിസന്ധികളെ, സത്യസന്ധതയോടെ, വ്യക്തമായ കാഴ്ചപ്പാടോടെ സമീപിക്കുക. സിനിമ തീവ്രമായ അഭിലാഷത്തിന്റെ ബഹിര്‍സ്ഫുരണമാണ്; അധികാരത്തിന്റേതല്ല'.

30-ാമത് രാജ്യാന്തര ചലച്ചിത്രമേളയില്‍, സമകാലിക ചലച്ചിത്രനിര്‍മാണ വിഭാഗത്തില്‍ ഗാരിന്‍ നുഗ്രഹോയുടെ അഞ്ച് ചിത്രങ്ങളാണ് പ്രദര്‍ശിപ്പിക്കുന്നത്.

Garin Nugroho
IFFK 2025
Posted By on17 Dec 2025 7:58 PM IST
ratings
Tags:    

Similar News