നമ്മുടെ ആകാശങ്ങള്‍ ഇന്ന് അന്യരുടേതാണ്: കെ ശ്രീകുമാര്‍
'ട്രാന്‍സ്‌ജെന്‍ഡര്‍' എന്ന ആശയം തന്നെ പലപ്പോഴും തെറ്റിപ്പോയ സങ്കല്‍പ്പമാണ്. സിനിമ എടുക്കുന്നതില്‍ ആദ്യത്തെ വെല്ലുവിളി, എങ്ങനെ കഥാപാത്രത്തെ അവതരിപ്പിക്കും എന്നതായിരുന്നു.;
അന്യരുടെ ആകാശങ്ങള്‍' എന്ന ചിത്രം മുന്‍നിര്‍ത്തി സംവിധായകന്‍ കെ ശ്രീകുമാര്‍ സംസാരിക്കുന്നു
അന്യരുടെ ആകാശങ്ങള്‍ എന്ന ചിത്രം നിലനില്‍ക്കുന്ന വ്യവസ്ഥകളോടും സമൂഹത്തോടും വ്യക്തികളുടെ ഉള്ളിലെ ബോധ്യങ്ങളോടും സംവദിക്കുന്നുണ്ട്. ഏറ്റവും ഫലപ്രദമായി ഈ സിനിമ രാഷ്ട്രീയം പറയുന്നത് ആരോടാണ്?
സമൂഹത്തോട് സംവദിക്കുന്നതിലും ഉപരിയായി ഈ സിനിമ സംസാരിക്കുന്നത് വ്യക്തികളോടാണ്. സമൂഹത്തെ സിനിമ ഒരിക്കലും പ്രതിസ്ഥാനത്ത് നിര്‍ത്തുന്നില്ല. തികച്ചും ആ വ്യക്തിയുടെ അല്ലെങ്കില്‍ കഥാപാത്രത്തിന്റെ വളര്‍ച്ചയിലൂടെയാണ് സിനിമ മുന്നോട്ട് പോകുന്നത്. കഥാപാത്രത്തിന്റെ ആന്തരിക സംഘര്‍ഷങ്ങളാണ് സിനിമ ചര്‍ച്ച ചെയ്യുന്നത്.
നിലവിലെ സാഹചര്യങ്ങളില്‍ മാറ്റങ്ങള്‍ വന്നിട്ടുണ്ടെങ്കിലും, ട്രാന്‍സ്‌ജെന്‍ഡേഴ്‌സ് എന്ന് പറയുമ്പോള്‍ അരികുവല്‍ക്കരിക്കപ്പെട്ടവര്‍ എന്നൊരു ധ്വനി പലപ്പോഴും ഉണ്ട്. അങ്ങനെയൊരു വിഷയത്തില്‍ സിനിമ ചെയ്യുമ്പോള്‍ എന്തെങ്കിലും വെല്ലുവിളികള്‍ നേരിടേണ്ടി വന്നിട്ടുണ്ടോ?
ഞാന്‍ ഒരു ട്രാന്‍സ്‌ജെന്‍ഡര്‍ ആണ്. നിലവിലുള്ള പൊതുബോധങ്ങള്‍ക്ക് മനസ്സിലാക്കുന്നതിനും അപ്പുറമുള്ള കാര്യങ്ങളാണ് ഒരു വ്യക്തിയുടെ ജെന്‍ഡറും സെക്ഷ്വാലിറ്റിയും. 'ട്രാന്‍സ്‌ജെന്‍ഡര്‍' എന്ന ആശയം തന്നെ പലപ്പോഴും തെറ്റിപ്പോയ സങ്കല്‍പ്പമാണ്. സിനിമ എടുക്കുന്നതില്‍ ആദ്യത്തെ വെല്ലുവിളി, എങ്ങനെ കഥാപാത്രത്തെ അവതരിപ്പിക്കും എന്നതായിരുന്നു.
ഞാന്‍ ഒരു ട്രാന്‍സ്‌ജെന്‍ഡര്‍ സ്ത്രീയെ പരിചയപ്പെട്ടിട്ടുണ്ട്. എനിക്കും അവര്‍ക്കും വേറൊരു കുടുംബമുണ്ട്. കഥാപാത്രത്തെ ഉള്‍ക്കൊള്ളുന്നതിനായി ഞാന്‍ ആറുമാസത്തോളം ആ കഥാപാത്രമായി ജീവിച്ചു. ക്രോസ് ഡ്രസ് ചെയ്യാന്‍ എനിക്ക് പണ്ടേ താല്പര്യമുണ്ടായിരുന്നു, അതിനാല്‍ ആറുമാസത്തോളം ഞാന്‍ സാരി ഉടുത്തിട്ടുണ്ട്. ഈ കാലയളവില്‍ കോഴിക്കോട് നടന്ന 'ജെന്‍ഡര്‍ ആന്‍ഡ് ലിറ്ററേച്ചര്‍' പരിപാടിയില്‍ ഞാന്‍ പങ്കെടുക്കുകയും ചെയ്തു. എന്റെ ഇഷ്ടങ്ങളെ പിന്തുടരാന്‍ ഉണ്ടായിരുന്ന ഭയത്തെ ഞാന്‍ കീഴടക്കിയത് ഈ കാലയളവിലാണ്. ഈ അനുഭവങ്ങളുടെ സാക്ഷ്യത്തിലാണ് ഞാന്‍ തിരക്കഥ എഴുതി പൂര്‍ത്തിയാക്കുന്നത്.
ഈ സിനിമക്ക് പ്രമേയം തിരഞ്ഞെടുത്ത വഴി എങ്ങനെയായിരുന്നു?
അന്യരുടെ ആകാശങ്ങള്‍' എന്റെ ജീവിതം തന്നെയാണ്. എന്റെ ജെന്‍ഡര്‍ ഞാന്‍ തിരിച്ചറിയുന്നത് വളരെ വൈകിയാണ്. സുഹൃത്തുക്കളോട് സംസാരിച്ചപ്പോള്‍ അവര്‍ ഒരു സൈക്യാട്രിസ്റ്റിനെ കാണാന്‍ ആവശ്യപ്പെട്ടു. അഞ്ചു മണിക്കൂറോളം, രണ്ടു ദിവസം ഡോക്ടറുമായി സംസാരിച്ചതിന്റെ ഫലമായി അദ്ദേഹം എന്നോട് പറഞ്ഞു: 'ശ്രീകുമാര്‍, നിങ്ങള്‍ ഒരു ട്രാന്‍സ്‌ജെന്‍ഡര്‍ ആണ്.'
48 വര്‍ഷമായി ഒരുമിച്ച് നടക്കുന്ന എന്റെ സുഹൃത്തുക്കള്‍ക്ക് പോലും ഈ സത്യം പെട്ടെന്ന് അംഗീകരിക്കാന്‍ കഴിഞ്ഞില്ല. ഒരു മാസം കഴിഞ്ഞിട്ട് ഒരു സുഹൃത്ത് എന്നെ വിളിച്ചു പറഞ്ഞു: നല്ലൊരു പ്ലോട്ട് കിട്ടിയിട്ടുണ്ട്. നീയാണ് ആ പ്ലോട്ട്. ധൈര്യമുണ്ടോ? എനിക്കൊരു കുഴപ്പവുമില്ല, നമുക്കിത് ചെയ്യാം എന്ന് ഞാന്‍ പറഞ്ഞു. അങ്ങനെയാണ് കഥയും തിരക്കഥയും എഴുതിയത്.
അന്യരുടെ ആകാശങ്ങള്‍' അഥവാ 'സ്റ്റോളന്‍ സ്‌കൈസ്' എന്ന ടൈറ്റിലിലേക്ക് എത്തിച്ചേര്‍ന്നത് എങ്ങനെയാണ്?
ബഷീറിന്റെ 'ഭൂമിയുടെ അവകാശികള്‍' എന്ന കഥയുണ്ട്. ഭൂമി എല്ലാവര്‍ക്കും അവകാശപ്പെട്ടതാണ് എന്ന ആശയത്തില്‍നിന്ന് ഇന്ന് മാറ്റം സംഭവിച്ച്, ഭൂമി ചിലരുടെ മാത്രമായിരിക്കുന്നു. ഏഞ്ചല്‍ പെരിസിന്റെ 'ആകാശം സ്വാതന്ത്ര്യം' എന്ന കവിതയുണ്ട്. ആകാശം സമം സ്വാതന്ത്ര്യം എന്നാണ് കവിതയിലൂടെ അവര്‍ പറഞ്ഞുവെക്കുന്നത്. നമ്മുടെ സ്വാതന്ത്ര്യം ഓരോ ദിവസം നഷ്ടപ്പെട്ടുകൊണ്ടിരിക്കുകയാണ്.
'നമ്മുടെ ആകാശങ്ങള്‍ ഇന്ന് അന്യരുടെയാണ്.' നമുക്ക് പറക്കാനുള്ള അവകാശം കുറഞ്ഞുവരുന്നു. പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട എല്ലാവരുടെയും സ്വാതന്ത്ര്യം അന്യവല്‍ക്കരിക്കപ്പെട്ടുകൊണ്ടിരിക്കുകയാണ്. ട്രാന്‍സ്‌ജെന്‍ഡേഴ്‌സ് ഈ വിഭാഗങ്ങളെല്ലാം പ്രതിനിധീകരിക്കുന്ന ഒരു ഭാഗം മാത്രമാണ്. അങ്ങനെയാണ് 'അന്യരുടെ ആകാശങ്ങള്‍' എന്ന തലക്കെട്ടിലേക്ക് എത്തിച്ചേരുന്നത്.
ഐ എഫ് എഫ് കെയില്‍ നിന്നും സിനിമയെപ്പറ്റിയുള്ള മറക്കാനാവാത്ത പ്രതികരണങ്ങള്‍ ഉണ്ടായിട്ടുണ്ടോ?
സിനിമയെക്കുറിച്ച് എല്ലാവരും നല്ല അഭിപ്രായമാണ് പറഞ്ഞത്. പലരും വന്ന് സംസാരിക്കുകയുണ്ടായി. 'ഫ്‌ളാബര്‍ഗാസ്റ്റഡ്' (ഞെട്ടിപ്പോയി) എന്ന വാക്കാണ് എനിക്ക് ഇതിനെക്കുറിച്ച് ഉപയോഗിക്കാന്‍ തോന്നുന്നത്. പ്രതികരണങ്ങള്‍ കേട്ടപ്പോള്‍ ഞാന്‍ ആകെ ഞെട്ടിപ്പോയി. ഈ കമ്പനിയുടെ ബാനറില്‍ നിര്‍മ്മിച്ച 12 സിനിമകളില്‍ ഒന്നാണിത്. ആളുകള്‍ നല്ല അഭിപ്രായം പറഞ്ഞു, അത് തന്നെയാണ് സിനിമയുടെ വിജയവും.