മേളയുടെ മീഡിയ സെല്ലില്‍ നിന്ന് അതിഥിയിലേക്ക് എത്തിയതില്‍ അഭിമാനം: രാജേഷ് മാധവന്‍
നൂറോളം പുതുമുഖങ്ങളെ വെച്ച് എടുത്ത ഈ ചിത്രത്തിന്റെ കാസ്റ്റിംഗ് സമയം ഒരുപാട് ആസ്വദിച്ചുവെന്നും, ഒരു കാസ്റ്റിംഗ് സംവിധായകനായിരുന്നതുകൊണ്ടുതന്നെ അവരെ ഏവരെയും ഒരു കുടുംബംപോലെ സ്‌നേഹിക്കുവാനും സാധിച്ചു.;
സംസ്ഥാന രാജ്യാന്തര ചലച്ചിത്രമേളയിലെ 'മലയാളം സിനിമ നൗ' വിഭാഗത്തില്‍ പ്രദര്‍ശിപ്പിച്ച 'പെണ്ണും പൊറാട്ടും' എന്ന സിനിമയുടെ വിശേഷങ്ങള്‍ പങ്കുവെച്ച് സംവിധായകന്‍ രാജേഷ് മാധവന്‍.
ഐ.എഫ്.എഫ്.കെയുടെ മീഡിയ സെല്ലില്‍ നിന്ന് തന്റെ ചലച്ചിത്ര യാത്ര ആരംഭിച്ചുവെന്നും, അവിടെനിന്നും ഒരു ഡെലിഗേറ്റ് ആയും പിന്നീട് അതിഥിയായും സഞ്ചാരം തുടരാന്‍ സാധിച്ചത് ഒരു വലിയ ഭാഗ്യമായി കണക്കാക്കുന്നുവെന്നും രാജേഷ് മാധവന്‍ പറഞ്ഞു. ഡിസംബര്‍ 14-നാണ് 'പെണ്ണും പൊറാട്ടും' വെള്ളിത്തിരയിലെത്തിയത്.
ജീവിതനിവൃത്തിക്ക് അഭിനയം; നിര്‍വൃതിക്ക് സംവിധാനം
അപ്രതീക്ഷിതമായാണ് താന്‍ അഭിനയത്തിലേക്കെത്തിയതെന്നും, ജീവിതനിവൃത്തിക്കായി അഭിനയവും, നിര്‍വൃതിക്കായി സംവിധാനവുമാണ് തെരഞ്ഞെടുത്തതെന്ന് രാജേഷ് മാധവന്‍ പറഞ്ഞു.'പെണ്ണും പൊറാട്ടും' എന്ന ചിത്രത്തിലേക്ക് വഴിതെളിച്ചത് സുഹൃത്തായ രവി ശങ്കറുമായുള്ള കാലങ്ങളായുള്ള സംവാദങ്ങളില്‍ നിന്നുമുദിച്ച ആശയങ്ങളാണ്.
നൂറോളം പുതുമുഖങ്ങളെ വെച്ച് എടുത്ത ഈ ചിത്രത്തിന്റെ കാസ്റ്റിംഗ് സമയം ഒരുപാട് ആസ്വദിച്ചുവെന്നും, ഒരു കാസ്റ്റിംഗ് സംവിധായകനായിരുന്നതുകൊണ്ടുതന്നെ അവരെ ഏവരെയും ഒരു കുടുംബംപോലെ സ്‌നേഹിക്കുവാനും സാധിച്ചു.
മലയാള സിനിമയുടെ വളര്‍ച്ചയില്‍ ഐ.എഫ്.എഫ്.കെയ്ക്ക് നിര്‍ണ്ണായക പങ്ക്
മലയാള സിനിമയ്ക്ക് ഇന്നിവിടെ നല്ല അഭിപ്രായങ്ങള്‍ ലഭിക്കുന്നുണ്ടെങ്കില്‍ അതിന് ഐ.എഫ്.എഫ്.കെയുടെ ചലച്ചിത്രസംസ്‌കാരം വഹിക്കുന്ന പങ്ക് വളരെ വലുതാണ്. സിനിമയുടെ നവ ശൈലികളെ പ്രോത്സാഹിപ്പിക്കുന്ന ഈ ചലച്ചിത്രമേളയുടെ ഭാഗമാകുവാന്‍ സാധിക്കുക എന്നത് സ്വപ്‌നസമാനമാന്നെന്നും രാജേഷ് മാധവന്‍ പറഞ്ഞു.
തുടക്കക്കാരായ സിനിമാമോഹികളോട് തുടര്‍ന്നും സിനിമകള്‍ കാണുക എന്നും ചലച്ചിത്രമേളകളില്‍ പങ്കെടുക്കുക എന്നും മാത്രമാണ് പറയാനുള്ളത്. കണ്ടിറങ്ങുന്ന ഓരോ പ്രേക്ഷകന്റെയും മനസ്സില്‍ നിലനില്‍ക്കുന്ന അനുഭവമാകാനാണ് ആഗ്രഹിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.