രാഷ്ട്രീയം ഒളിച്ചുവയ്ക്കാനുള്ളതല്ല: ലൂയിസ് സാരാക്വിന്‍
രാഷ്ട്രീയം എന്റെ തൊഴില്‍ അല്ല. സിനിമയാണ് തൊഴില്‍. എന്നാല്‍ രാഷ്ട്രീയമില്ലെന്ന് പറയാനാകില്ല. ആര്‍ക്കാണ് രാഷ്ട്രീയമില്ലാത്തത്. ജനങ്ങള്‍ക്കൊപ്പം സമൂഹത്തില്‍ കഴിയുന്നുവെങ്കില്‍ രാഷ്ട്രീയം വേണം. അത്തരത്തില്‍ രാഷ്ട്രീയമുണ്ടാകുമ്പോള്‍ നമ്മുടെ സൃഷ്ടികളെ അതില്‍ നിന്നും മാറ്റി നിര്‍ത്താനാകില്ല.;
സിനിമകളില്‍ ഒളിച്ചു വയ്ക്കാതെ രാഷ്ട്രീയം പറയുന്ന സംവിധായകനാണ് അര്‍ജന്റീനക്കാരന്‍ ലൂയിസ് സാറാക്വിന്‍. സമൂഹത്തിലുള്ളതും സമൂഹത്തിനെ ബാധിക്കുന്നതുമായ വിഷയം വിട്ട് എങ്ങനെ സമൂഹത്തിന്റെ കഥ പറയുമെന്നതാണ് ലൂയിസിന്റെ പക്ഷം. ജനങ്ങളുടെ വികാരമാണ് രാഷ്ട്രീയം. ആദ്യ സിനിമയായ ഗൗറാനി നിരവധി അന്താരാഷ്ട്ര ചലച്ചിത്ര മേളകളില്‍ പ്രദര്‍ശിപ്പിക്കുകയും നിരൂപക പ്രശംസ നേടുകയും ചെയ്തു. എട്ട് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് കിസിങ് ബഗ് എന്ന സിനിമ ചെയ്യുന്നത്. ഈ സിനിമയിലും ശക്തമായ സാമൂഹ്യ വിമര്‍ശനം തന്നെയാണ് ലൂയിസ് ഉയര്‍ത്തുന്നത്. പ്രേക്ഷകന് ആസ്വദിക്കാന്‍ കഴിയുന്നതാകണം ചലച്ചിത്രം എന്നതാണ് ലൂയിസിന്റെ നിലപാട്. ആസ്വദിക്കുന്നതിനൊപ്പം ചിന്തിക്കുകയും വേണം. ഐഎഫ്എഫ്‌കെയില്‍ കിസിങ് ബഗ് നിറഞ്ഞ സദസിലാണ് പ്രദര്‍ശിപ്പിച്ചത്. പ്രതിനിധികള്‍ നല്‍കിയ വലിയ സ്വീകരണത്തിന് നന്ദി പറയുന്ന ലൂയിസിന് ഐഎഫ്എഫ്‌കെ സ്വപ്‌നത്തിന്റെ ഭാഗമായി കഴിഞ്ഞു. ഇനി അടുത്ത ലക്ഷ്യം അടുത്തവര്‍ഷവും ഇവിടെ എത്തുകയെന്നതാണ്. കിസിങ് ബഗിന്റെ പ്രദര്‍ശനത്തിന് ശേഷം രാഷ്ട്രീയവും സിനിമയും വെള്ളിനക്ഷത്രവുമായി ചര്‍ച്ച ചെയ്യുകയാണ് ലൂയിസ് സാറാക്വിന്‍.
കിസിങ് ബഗ് എന്ന പ്രമേയത്തിലേയ്്ക്ക് എത്തിയതെങ്ങനെയാണ്?
അര്‍ജന്റീനയുടെ വടക്കന്‍ അതിര്‍ത്തിയിലാണ് ജനിച്ചതും വളര്‍ന്നതും. അവിടത്തെ സാമൂഹ്യ സാഹചര്യങ്ങള്‍ നേരിട്ട് ബോദ്ധ്യമുള്ളതാണ്. വിദ്യാര്‍ത്ഥിയായിരുന്നപ്പോള്‍ നേരിട്ട പ്രശ്‌നങ്ങള്‍ തന്നെയാണ് സിനിമയില്‍ ഉപയോഗിച്ചിരിക്കുന്നത്. വിദ്യാര്‍ത്ഥികളുടെയും അവരുടെ ജീവിതത്തെയും സിനിമയില്‍ അവതരിപ്പിക്കാന്‍ കഴിഞ്ഞു. ജീവിക്കാനായി കള്ളക്കടത്തിന് തയ്യാറാകുന്നു. പണം അവര്‍ക്ക് ആവശ്യമാണ്. അതിനായി കള്ളക്കടത്തില്‍ തെറ്റില്ലെന്ന് അവര്‍ കരുതുന്നു. അവരെ നിയന്ത്രിക്കാനുള്ളവര്‍ അഴിമതിക്കാരായാല്‍ എന്തായിരിക്കും സ്ഥിതി. കിസിങ് ബഗിലെ പൊലീസുകാരന്‍ ഉദ്യോഗസ്ഥരുടെ പ്രതിനിധിയാണ്. പ്രതീകമാണ്. ഒരിക്കല്‍ ഇത്തരത്തില്‍ ഒരു കുഴിയില്‍ വീണു പോയാല്‍ തിരിച്ചുവരവ് പ്രയാസമാണ്. അവിടത്തെ സാമൂഹ്യ സാഹചര്യങ്ങള്‍ തന്നെയാണ് സിനിമയിലൂടെ കാണിക്കുന്നത്. തമാശയുണ്ടാകും. അതിനു പിന്നില്‍ യാഥാര്‍ത്ഥ്യവും.
കഥാപാത്രങ്ങള്‍ക്ക് നെഗറ്റീവ് ഷെയ്ഡും പോസിറ്റീവ് ഷെയ്ഡും ഒരു പോലെ നല്‍കിയിരിക്കുന്നല്ലോ?
ഏതൊരാള്‍ക്കും രണ്ടു വശങ്ങളുണ്ടാകും. നന്മയുടെ വശമുണ്ടാകും. തിന്മയുടെ വശവും. അതാകട്ടെ ഏറിയും കുറഞ്ഞുമിരിക്കും. ചിലര്‍ ഏതെങ്കിലും ഒരു വശം മാത്രം നിലനിര്‍ത്താന്‍ ശ്രമിക്കും. അല്ലെങ്കില്‍ അങ്ങനെയാണെന്ന് സ്ഥാപിക്കാന്‍ ശ്രമിക്കും. തിന്മയില്‍ ജീവിക്കുന്നവര്‍ അഴിമതിക്കാരാകാനായിരിക്കും കൂടുതല്‍ സാദ്ധ്യത. അതിനായി കുറ്റങ്ങള്‍ ചെയ്യുന്നതിനും തയ്യാറാകും. ചിലപ്പോള്‍ അതില്‍ നിന്നും മോചനം നേടി നന്മയുടെ ലോകത്ത് ജീവിക്കാന്‍ ശ്രമിക്കും. അത് തുറന്നു കാണിക്കുന്നതില്‍ എന്താണ് തെറ്റ്. കഥാപാത്രങ്ങളുടെ കാതല്‍ പ്രേക്ഷകന് തീരുമാനിക്കാം. അതിനായി എല്ലാവശവും കാണിച്ചു കൊടുക്കുന്നതില്‍ തെറ്റില്ലല്ലോ.
സിനിമകള്‍ കണ്ടിറങ്ങുന്നവര്‍ക്ക് സിനിമ എന്താണ് നല്‍കേണ്ടത്? കിസിങ് ബഗ് എന്തും നല്‍കി?
സിനിമകള്‍ ഫിക്ഷനുകളാണ്. അത് പ്രേക്ഷകന് ആസ്വാദ്യമായിരിക്കണം. തിയറ്റര്‍ വിട്ടിറങ്ങുന്നത് സന്തോഷത്തോടെയായിരിക്കണം. എന്നാല്‍ അവര്‍ക്ക് പ്രതീക്ഷ നല്‍കാന്‍ സിനിമയ്ക്കാകണം. സ്വതന്ത്രമായി ചിന്തിക്കാന്‍ പ്രേരിപ്പിക്കുകയും വേണം. സിനിമയുടെ പശ്ചാത്തലമാകുന്ന നാടിന്റെ സാഹചര്യവും സാമൂഹ്യ അവസ്ഥയും ബോധ്യപ്പെടണം. അവിടത്തെ ജനങ്ങള്‍ അനുഭവിക്കുന്ന ജീവിത യാഥാര്‍ത്ഥ്യങ്ങള്‍ ബോധ്യപ്പെടുകയും അവരോട് ഐക്യപ്പെടാന്‍ തോന്നുകയും വേണം. അങ്ങനെയുണ്ടായാല്‍ സിനിമ പൂര്‍ണമാണെന്ന് പറയാം. കിസിങ് ബഗ് കണ്ടിറങ്ങിയവര്‍ക്ക് പ്രതീക്ഷയും സന്തോഷവുമുണ്ട്. പ്രത്യേകിച്ച് കേരള ചലച്ചിത്ര മേളയില്‍. പ്രതിനിധികള്‍ പറയുന്ന അഭിപ്രായം മികച്ചതാണ്. ഉയര്‍ന്ന മൂല്യമുള്ള ചര്‍ച്ചകളാണ് നടക്കുന്നത്. ഉയര്‍ന്ന നിലവാരമുള്ള പ്രേക്ഷകരാണ് ഈ മേളയുടെ നട്ടെല്ലെന്നാണ് കഴിഞ്ഞ ദിവസങ്ങളില്‍ മനസിലായത്. അതുകൊണ്ടു തന്നെ അടുത്ത സിനിമ ഇവിടെ ആദ്യം പ്രദര്‍ശിപ്പിക്കണമെന്നാണ് ആഗ്രഹിക്കുന്നത്. ഇതാണ് ഇനിയെന്റ് സ്വപ്‌നം.
രാഷ്ട്രീയമുണ്ടോ? ശക്തമായ വിമര്‍ശനങ്ങളാണല്ലോ സിനിമയില്‍ പരോക്ഷമായി നടത്തുന്നത്?
രാഷ്ട്രീയം എന്റെ തൊഴില്‍ അല്ല. സിനിമയാണ് തൊഴില്‍. എന്നാല്‍ രാഷ്ട്രീയമില്ലെന്ന് പറയാനാകില്ല. ആര്‍ക്കാണ് രാഷ്ട്രീയമില്ലാത്തത്. ജനങ്ങള്‍ക്കൊപ്പം സമൂഹത്തില്‍ കഴിയുന്നുവെങ്കില്‍ രാഷ്ട്രീയം വേണം. അത്തരത്തില്‍ രാഷ്ട്രീയമുണ്ടാകുമ്പോള്‍ നമ്മുടെ സൃഷ്ടികളെ അതില്‍ നിന്നും മാറ്റി നിര്‍ത്താനാകില്ല. സ്വാഭാവികമായും രാഷ്ട്രീയം കലരുക തന്നെ ചെയ്യും. അര്‍ജന്റീനയില്‍ രാഷ്ട്രീയം ദുഷിച്ചതായി തോന്നുന്നുണ്ട്. നമ്മുടെ പ്രസിഡന്റിന് നാട്ടിലെ രാഷ്ട്രീയത്തിനേക്കാള്‍ താല്‍പ്പര്യം അമേരിക്കന്‍ പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപിന്റെ രാഷ്ട്രീയത്തിനോടാണെന്ന് തോന്നിയിട്ടുണ്ട്. അവര്‍ പറയുന്നതെല്ലാം ചെയ്തു കൊടുക്കും. അവര്‍ക്കായാണ് അവര്‍ ഭരണം നടത്തുന്നതെന്ന് തോന്നും. ജനങ്ങള്‍ക്ക് ശക്തമായ എതിര്‍പ്പാണുള്ളത്. അമര്‍ഷമാണുള്ളത്. അവര്‍ ശക്തമായി എതിര്‍ക്കുന്നു. ഞാനും. എനിക്കും ട്രംപിനെയും ട്രംപിന്റെ രാഷ്ട്രീയത്തെയും അംഗീകരിക്കാന്‍ കഴിയില്ല. അത് നടപ്പാക്കുമ്പോള്‍ ഞാന്‍ എങ്ങനെ എന്റെ പ്രസിഡന്റിനെ അംഗീകരിക്കും. അത് തുറന്നു പറയാന്‍ എന്തിന് മടിക്കണം. എന്റെ സൃഷ്ടികളില്‍ നിന്നും അതൊഴിവാക്കാന്‍ എന്തിന് ശ്രമിക്കണം.
അര്‍ജന്റീന സിനിമകള്‍ക്ക് എന്തുമാത്രം സഹായകമായ നിലപാട് സ്വീകരിക്കുന്നു?
മുന്‍കാലങ്ങളില്‍ ലഭിച്ച പിന്തുണ ഇപ്പോള്‍ ലഭിക്കുന്നില്ല. സാധാരണ ബജറ്റിന്റെ 30 ശതമാനം സഹായധനമായി നല്‍കാറുണ്ട്. എന്നാല്‍ ഇപ്പോള്‍ അതുപോലും നിയന്ത്രിച്ചിരിക്കുകയാണ്. ലാറ്റിന്‍ അമേരിക്കന്‍ രാജ്യങ്ങളില്‍ സിനിമയ്ക്കും കലയ്ക്കും മികച്ച പ്രതികരണങ്ങള്‍ ലഭിക്കാറുണ്ട്. വിദേശത്തും ലാറ്റിന്‍ അമേരിക്കന്‍ സിനിമയ്ക്ക് സ്വീകാര്യതയുണ്ട്. എന്നാല്‍ സ്വന്തം നാട്ടില്‍ സഹായം ലഭിക്കുന്നില്ലെന്നതാണ് യാഥാര്‍ത്ഥ്യം. അത് പറയുന്നതിന് മടിക്കേണ്ടതില്ലല്ലോ.