27 വര്‍ഷങ്ങള്‍ക്ക് ശേഷം ഇനി പരമേശ്വരന്റെ വരവ്; 'ഉസ്താദ്' റീ റിലീസിന് ഒരുങ്ങുന്നു
1999ല്‍ പുറത്തിറങ്ങിയ ആക്ഷന്‍ ത്രില്ലര്‍ ചിത്രം, രഞ്ജിത്ത് എഴുതി സിബിമലയില്‍ ആണ് സംവിധാനം ചെയ്തത്. കണ്‍ട്രി ടോക്കീസിന്റെ ബാനറില്‍ ഷാജി കൈലാസും രഞ്ജിത്തും ചേര്‍ന്നാണ് സിനിമ നിര്‍മിച്ചത്.;
വലിയ 'റിപ്പീറ്റ് വാല്യൂ' പഴയകാല മോഹന്‍ലാല്‍ ചിത്രങ്ങളുടെ വലിയ സവിശേഷതയാണ്. കാണുന്നവരെ ഒട്ടും മടുപ്പിക്കാത്ത, വീണ്ടും വീണ്ടും കാണാന്‍ തോന്നിപ്പിക്കുന്ന ഒരു മാജിക് അത് മോഹന്‍ലാല്‍ ചിത്രങ്ങള്‍ക്കുണ്ട്. സ്ഫടികം, ദേവദൂതന്‍, ഛോട്ടാ മുംബൈ, മണിച്ചിത്രത്താഴ്, രാവണപ്രഭു തുടങ്ങി അദ്ദേഹത്തിന്റെ ചിത്രങ്ങളുടെ റീറിലീസുകള്‍ ആവര്‍ത്തിച്ച് ഹിറ്റ് അടിക്കുന്നതും ഇതിന് തെളിവാണ്. ഇനി റീ റിലീസിന് ഒരുങ്ങുന്ന മോഹന്‍ലാല്‍ ചിത്രം 'ഉസ്താദ്' ആണ്. 1999ല്‍ പുറത്തിറങ്ങിയ ആക്ഷന്‍ ത്രില്ലര്‍ ചിത്രം, രഞ്ജിത്ത് എഴുതി സിബിമലയില്‍ ആണ് സംവിധാനം ചെയ്തത്. കണ്‍ട്രി ടോക്കീസിന്റെ ബാനറില്‍ ഷാജി കൈലാസും രഞ്ജിത്തും ചേര്‍ന്നാണ് സിനിമ നിര്‍മിച്ചത്. ചിത്രത്തില്‍ മോഹന്‍ലാല്‍, ദിവ്യ ഉണ്ണി, ഇന്ദ്രജ, വാണിവിശ്വനാഥ്, വിനീത്, രാജീവ്, ഇന്നസെന്റ്, ജനാര്‍ദ്ദനന്‍, സായികുമാര്‍, ശ്രീ വിദ്യ, നരേന്ദ്ര പ്രസാദ്, മണിയന്‍പിള്ള രാജു, ഗണേഷ്‌കുമാര്‍, കുഞ്ചന്‍, സിദ്ദിഖ്, കൊച്ചിന്‍ ഹനീഫ, അഗസ്റ്റിന്‍, ജോമോള്‍, സുധീഷ് തുടങ്ങിയവരും പ്രധാന വേഷങ്ങളില്‍ എത്തുന്നു.
സഹോദരിയെ ജീവന് തുല്യം സ്‌നേഹിക്കുന്ന ഏട്ടന്‍, പരമേശ്വരന് ആരും അറിയാത്ത ഒരു അധോലോക പരിവേഷം കൂടിയുണ്ട് ചിത്രത്തില്‍. മോഹന്‍ലാലിന്റെ വ്യത്യസ്ത വേഷപ്പകര്‍ച്ചകളാല്‍ പരമേശ്വരന്റെയും അധോലോക നായകനായ ഉസ്താദിന്റെയും കഥയാണ് ചിത്രം പറയുന്നത്. ദിവ്യ ഉണ്ണിയാണ് മോഹന്‍ലാലിന്റെ സഹോദരിയായി വേഷമിട്ടത്. ഇരുവരും തമ്മിലുള്ള വൈകാരിക രംഗങ്ങള്‍ ഇന്നും പ്രേക്ഷകരുടെ ഉള്ളുലയ്ക്കുന്നതാണ്. മോഹന്‍ലാലിന്റെ ആക്ഷന്‍ രംഗങ്ങള്‍ കൊണ്ടും അഭിനയത്തികവ് കൊണ്ടും ഇന്നും ആരാധകരുടെ ഫേവറേറ്റ് ലിസ്റ്റിലുള്ള സിനിമയാണ് ഉസ്താദ്. 27 വര്‍ഷങ്ങള്‍ക്ക് ശേഷം ജാഗ്വാര്‍ സ്റ്റുഡിയോസിന്റെ ബാനറില്‍ ബി. വിനോദ് ജെയിന്‍ ആണ് വീണ്ടും തീയറ്ററിലെത്തിയിരിക്കുന്നത്. മികച്ച 4ഗ ദൃശ്യ നിലവാരത്തിലും, ശബ്ദത്തിലും പുനരവതരിപ്പിക്കുന്ന ചിത്രം 2026 ഫെബ്രുവരിയില്‍ പ്രേക്ഷകര്‍ക്ക് മുന്‍പില്‍ എത്തിക്കാനാണ് ശ്രമിക്കുന്നതെന്ന് അറിയിച്ചു.
ദേവദൂതനും, ഛോട്ടാ മുംബൈക്കും ശേഷം ഹൈ സ്റ്റുഡിയോസ് ആണ് സിനിമ 4ഗ ഡോള്‍ബി അറ്റ്‌മോസില്‍ റീമാസ്റ്ററിംഗ് ചെയ്യുന്നത്. ആക്ഷന്‍ രംഗങ്ങള്‍ക്കൊപ്പം സംഗീതത്തിനും ഏറെ ശ്രദ്ധനേടിയ ചിത്രത്തില്‍ ഗിരീഷ് പുത്തഞ്ചേരി, കണ്ണന്‍ പരീക്കുട്ടി എന്നിവരുടെ വരികള്‍ക്ക് വിദ്യാസാഗര്‍, തേജ് മെറിന്‍ എന്നിവര്‍ ചേര്‍ന്നാണ് സംഗീതം ഒരുക്കിയത്. കെ. ജെ. യേശുദാസ്, എം. ജി. ശ്രീകുമാര്‍, മോഹന്‍ലാല്‍, ശ്രീനിവാസ്, സുജാത, രാധിക തിലക് എന്നിവരാണ് ചിത്രത്തിലെ ഗായകര്‍. ഛായാഗ്രഹണം: ആനന്ദക്കുട്ടന്‍, എഡിറ്റിംഗ്: ഭൂമിനാഥന്‍, പശ്ചാത്തല സംഗീതം: രാജാമണി, മേക്കപ്പ്: സലീം, കോസ്റ്റ്യൂംസ്: എ.സതീശന്‍ എസ്.ബി., മുരളി, അഡ്മിനിസ്‌ട്രേറ്റീവ് & ഡിസ്ട്രിബൂഷന്‍ ഹെഡ്: ഷാനു പരപ്പനങ്ങാടി, പി.ആര്‍.ഒ: പി.ശിവപ്രസാദ്, പബ്ലിസിറ്റി ഡിസൈന്‍സ്: ഗായത്രി അശോകന്‍ എന്നിവരാണ് മറ്റ് അണിയറ പ്രവര്‍ത്തകര്‍. ചിത്രത്തിന്റെ കൂടുതല്‍ അപ്‌ഡേറ്റ് ഉടന്‍ പുറത്ത് വിടുമെന്ന് അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചു.