"ആളുകളുടെ കുത്തുവാക്കുകൾ കാരണം പാട്ടിനെ വെറുത്തു, അത് എന്നെ ഡിപ്രെഷനിലേക്ക് വരെ എത്തിച്ചു"

Update: 2025-05-01 07:31 GMT

മലയാളികൾക്ക് എന്നും പ്രിയപ്പെട്ട ഗായികയാണ് സുജാത മോഹൻ. എന്നാൽ ജീവിതത്തിൽ താൻ പാട്ട് പാടാൻ വിസമ്മതിച്ച കാലത്തെ കുറിച്ച് ഒരു അഭിമുഖത്തിലൂടെ തുറന്നു പറഞ്ഞിരിക്കുകയാണ് കലാകാരി. ആളുകളുടെ കുത്തുവാക്കുകൾ ഭയന്നാണ് താൻ പാട്ടിൽ നിന്ന് അകന്നു നിൽക്കാൻ ശ്രമിച്ചതെന്നാണ് ഗായിക തുറന്നുപറയുന്നത്. ജീവിത്തത്തിൽ രണ്ടു പ്രാവശ്യം ആരോഗ്യപരമായ കാരണങ്ങളാൽ അബോർഷൻ നേരിടേണ്ടി വന്നപ്പോൾ അതിനെ ആളുകൾ വ്യാഖ്യാനിച്ചത് പാട്ടുപാടി നടക്കാനായി മനഃപൂർവ്വം കുഞ്ഞുങ്ങളെ വേണ്ടെന്നു വച്ചതായാണ്. എന്നാൽ നാട്ടുകാരുടെ ഇത്തരം കുത്തുവാക്കുകൾ കാര്യമായി തന്നെ തന്റെ സന്തോഷങ്ങളെ ബാധിച്ചിരുന്നതയാണ് കലാകാരി പറയുന്നത്.

അമ്മയും ഭർത്താവും എല്ലാം തന്നെ സമാധനിപ്പിച്ചെങ്കിലും താൻ പാട്ടിനെ വെറുത്തെന്നും ഡിപ്രെഷനിലേക്ക് വരെ അത് തന്നെ കൊണ്ടെത്തിച്ചെന്നും സുജാത പറയുന്നു. നമ്മുടെ വീട്ടിനുള്ളിൽ എന്താണ് നടക്കുന്നതെന്ന് കുത്തുവാക്കുകൾ പറയുന്ന ആളുകൾക്കറിയില്ലല്ലോ എന്നും സുജാത കൂട്ടിച്ചേർക്കുന്നു.

വിവാഹ ശേഷം ഉണ്ടായ ഇത്തരം അനിഷ്ട സംഭവങ്ങൾ കാരണം അവർ പാട്ടിൽ നിന്ന് സ്വയം വിട്ടുനിന്നു. എന്നാൽ സുജാതയെ ഭർത്താവായ ഡോക്ടർ കൃഷ്ണമോഹൻ പാട്ടുപാടാൻ അനുവദിക്കാത്തതായാണ് പലരും കരുതിയിരുന്നതെന്നും സുജാത പറയുന്നു.

കാത്തിരിപ്പിനൊടുവിൽ ഗർഭിണിയാവുകയും തുടർന്ന് ബെഡ് റെസ്റ്റിലുമായിരുന്നു സുജാത. ഗർഭിണി ആയിരിക്കുമ്പോൾ കുഞ്ഞിന് പാട്ടുപാടി കൊടുക്കുകയും ഹിന്ദുസ്ഥാനി സംഗീതം പഠിക്കുകയും ഒക്കെ ചെയ്യുമായിരുന്നു. സിനിമയിലും വേദികളിലും പാടാനായി പലരും വിളിച്ചെങ്കിലും അപ്പോഴും സുജാതയുടെ മനസ് അതിനോട് പാകപ്പെട്ടിരുന്നില്ല. അവസാനം സംവിധായകൻ പ്രിയദർശന്റെ ഇടപെടലോടെയാണ് സുജാത വീണ്ടും സിനിമയിൽ പാടാൻ എത്തുന്നുന്നത്. പ്രിയദർശൻ സുജാതയുടെ ഭർത്താവ് മോഹനെയാണ് വിളിക്കുന്നത്.

"എന്താണ് സുജാതയെ പാടാൻ അനുവദിക്കാത്തത്? എന്ന പ്രിയദർശന്റെ ചോദ്യത്തിന് കല്യാണം കഴിച്ചത് തന്നെ പാടുന്നതുകൊണ്ടാണ്. ഇപ്പോഴിതാ പാടുന്നില്ല എന്ന് പറയുന്നു. നിങ്ങൾ പറ്റുമെങ്കിൽ പാടിക്കൂ എന്നായിരുന്നു മോഹന്റെ മറുപടി എന്നും സുജാത പറയുന്നു.

താൻ പാടാത്തതിൽ ഏറ്റവും അധികം വിഷമിച്ചത് തന്റെ ഭർത്താവായ മോഹനായിരുന്നെന്നും സുജാത പറയുന്നു. അങ്ങനെ ഇടവേളയ്ക്കു ശേഷം പ്രിയദർശന്റെ ഇടപെടലോടു കൂടി 'കടത്തനാടൻ അമ്പാടി'യിൽ സുജാത പാടിയ പാട്ടാണ് 'നാളെയന്തി മയങ്ങുമ്പോൾ'.

18 ആമത്തെ വയസ്സിലായിരുന്നു ഡോക്ടർ കൃഷ്ണമോഹനുമായുള്ള സുജാതയുടെ വിവാഹം. ഇരുവരും തമ്മിൽ 12 വയസ്സ് വ്യത്യാസമുണ്ടെങ്കിലും സംഗീതവുമായുള്ള ഇരുകുടുംബങ്ങളുടെയും ബന്ധം വിവാഹത്തിന് അനുകൂലമായി. സത്യസായിബാവയുടെ ആരാധകരായിരുന്ന മോഹന്റെ വീട്ടുകാർ അദ്ദേഹത്തിന്റെ കൂടി നിർദേശത്തോടെയാണ് ഇരുവരും തമ്മിലുള്ള വിവാഹം ഉറപ്പിച്ചതെന്നും സുജാത ഒരു പ്രമുഖ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലൂടെ തുറന്നു പറയുന്നു.

Tags:    

Similar News