കെ.എസ്സ്.ചിത്രയുടെ ഓണപ്പാട്ട് അത്തം പത്ത്
ഒട്ടേറെ ഹിറ്റ് ഗാനങ്ങള്‍ക്ക് രചന നിര്‍വ്വഹിച്ചിട്ടുള്ള രാജീവ് ആലുങ്കലാണ് ഗൃഹാതുരത്വമുള്ള ഈ പാട്ടിന്റെ വരികള്‍ രചിച്ചിരിക്കുന്നത്. ശ്രദ്ധേയനായ യുവസംഗീത സംവിധായകന്‍ സല്‍ജിന്‍ കളപ്പുരയാണ് ഈണം നല്‍കിയിരിക്കുന്നത്.;
മലയാളത്തിന്റെ വാനമ്പാടി കെ.എസ്സ് ചിത്രയുടെ ഓണപ്പാട്ട് 'അത്തം പത്ത് ' തരംഗമാകുന്നു. ചിത്രയുടെ യൂട്യൂബ് ചാനലിലൂടെയാണ് ഗാനം പുറത്തിറങ്ങിയിരിക്കുന്നത്. ഒട്ടേറെ ഹിറ്റ് ഗാനങ്ങള്‍ക്ക് രചന നിര്‍വ്വഹിച്ചിട്ടുള്ള രാജീവ് ആലുങ്കലാണ് ഗൃഹാതുരത്വമുള്ള ഈ പാട്ടിന്റെ വരികള്‍ രചിച്ചിരിക്കുന്നത്.ശ്രദ്ധേയനായ യുവസംഗീത സംവിധായകന്‍ സല്‍ജിന്‍ കളപ്പുരയാണ് ഈണം നല്‍കിയിരിക്കുന്നത്. ഇതിനു മുന്‍പ് രാജീവ് ആലുങ്കല്‍ സല്‍ജിന്‍ കളപ്പുര കൂടുകെട്ടില്‍ പുറത്തിറങ്ങിയ എം.ജി. ശ്രീകുമാര്‍ ആലപിച്ച എന്റെ പൊന്നു സ്വാമി' ,എന്ന അയ്യപ്പഭക്തിഗാനവും,സുജാത പാടിയ 'സ്തുതി'എന്ന ക്രിസ്തുമസ് ആല്‍ബവും വളരെയധികം ജനശ്രദ്ധ നേടികഴിഞ്ഞിരുന്നു.ഈ രണ്ട് സംഗീതആല്‍ബങ്ങളുടേയും വന്‍ സ്വീകാര്യതയ്ക്കു ശേഷമാണ് ഇവര്‍ ഇരുവരും ചേര്‍ന്നൊരുക്കി ചിത്ര ആലപിച്ച 'അത്തംപത്ത്' എന്ന ഓണപ്പാട്ട് തരംഗമായി മാറുന്നത്.
32 വര്‍ഷത്തിനു ശേഷം ശ്രീകുമാരന്‍ തമ്പിയും യേശുദാസും ഒരുമിച്ച 2023ല്‍ പുറത്തിറങ്ങിയ തരംഗണിയുടെ 'പൊന്നോണത്താളം എന്ന
സൂപ്പര്‍ഹിറ്റ് ഓണ ആല്‍ബത്തിന് സംഗീതം നല്‍കിയതുംസല്‍ജിന്‍ കളപ്പുരതന്നെയായിരുന്നു.തുടര്‍ന്ന് ഒട്ടേറെ ഗാനങ്ങള്‍ക്ക് ഈണം നല്‍കി ഇന്ന് മലയാളത്തിലും,തമിഴിലും ഈ രംഗത്ത് സജീവ സാന്നിധ്യമാണ് ഈ യുവ സംഗീത സംവിധായകന്‍. ഇന്ത്യയിലെതന്നെ പ്രഗല്‍ഭരും, പ്രശസ്തരുമായ നിരവധി കലാകാരന്‍മാരാണ് അത്തം പത്ത് എന്ന ആല്‍ബത്തിന് പശ്ചാത്തല സംഗീതം ഒരുക്കുവാന്‍ ബിജു പൗലോസിനൊപ്പം ചെന്നൈയില്‍ അണിനിരന്നത്.പതിവില്‍ നിന്നു വ്യത്യസ്ഥമായ വലിയൊരു കോറസ്ടീമും ഗാനത്തിന്റെ പ്രത്യേകതയാണ്.ഏറെ കാലത്തിനു ശേഷമാണ് മെഗാ ഓര്‍ക്കസ്‌ട്രേഷനില്‍ ഒരു മലയാള ഗാനം പുറത്തിറങ്ങുന്നത് .അനില്‍ നായരാണ് നിര്‍മ്മാണം.
മലയാളത്തനിമയുള്ള നല്ല ഗാനങ്ങള്‍ ഇല്ലാതായിപ്പോകുന്നു എന്ന് പലപ്പോഴും തോന്നിപോകാറുള്ള ഈ കാലത്ത് സംഗീതപ്രേമിക്കുള്ള ഓണക്കൈനീട്ടമാണ് ഈ പാട്ടെന്നും കെ.എസ്സ് ചിത്ര സമൂഹമാധ്യമങ്ങളില്‍ കുറിച്ചു. ഇതിനോടകം തന്നെ നിരവധിപേരുടെ മികച്ച അഭിപ്രായങ്ങളിലൂടെ കൂടുതല്‍ ജനകീയമായിമാറുന്ന അത്തം പത്ത് ഓണക്കാലം കഴിഞ്ഞാലും ഗാനാസ്വാദകരുടെ നാവിന്‍ തുമ്പില്‍നിന്ന് ഒഴിഞ്ഞു പോകാത്ത ഗാനമായി മാറും.