മാധ്യമങ്ങൾ നുണ പ്രചരിപ്പിക്കുന്നു എന്ന് നടൻ ജയസൂര്യ
സേവ് ബോക്സ് ആപ്പ് തട്ടിപ്പുമായി ബന്ധപ്പെട്ട് നടൻ ജയസൂര്യയെ രണ്ടു തവണ ചോദ്യം ചെയ്യാൻ വിളിപ്പിച്ചത് മാധ്യമങ്ങൾ വളച്ചൊടിച്ചു കാണിച്ചു എന്നാണ് ജയസൂര്യ പറയുന്നത്;
ഓണ്‍ലൈന്‍ ലേല ആപ്പായ സേവ് ബോക്സ് ആപ്പ് സാമ്പത്തിക തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട സംഭവത്തിൽ പ്രതികരിച്ച് നടന് ജയസൂര്യ. ജനുവരി ഏഴിന് വീണ്ടും ഹാജരാകണമെന്ന സമന്‍സ് തനിക്ക് ലഭിച്ചിട്ടില്ലെന്നും നുണ പ്രചരണം കണ്ട് അന്തം വിട്ടിരിക്കുകയാണ് താനെന്നുമാണ് ജയസൂര്യ സമൂഹമാധ്യമത്തില്‍ കുറിച്ചത്.കഴിഞ്ഞ മാസം 24 ന് ഹാജരാകണം എന്ന സമന്‍സ് കിട്ടിയപ്പോള്‍ ഹാജരായിരുന്നു. 29നും ഹാജരാകണം എന്ന് പറഞ്ഞു. അതിനും തങ്ങള്‍ ഹാജരായിരുന്നു. അല്ലാതെ ജനുവരി ഏഴിന് വീണ്ടും ഹാജരാകാനുളള സമന്‍സ് ഇതുവരെയും ലഭിച്ചിട്ടില്ല.മാധ്യമങ്ങളിൽ ഇത്തരത്തിൽ പല വാർത്തകളുമാണ് കെട്ടി ചമച്ച് എഴുതി വിടുന്നത് എന്നും ഇത് വല്ലാത്ത സങ്കടം ആണെന്നും ജയസൂര്യ കുറിച്ചു.
പരസ്യ ആവശ്യങ്ങള്‍ക്കും മറ്റുമായി സമീപിക്കുന്നവര്‍ നാളെ എന്തൊക്കെ തട്ടിപ്പുകള്‍ ഒപ്പിക്കുമെന്ന് ആര്‍ക്കെങ്കിലും ഇന്ന് ഊഹിക്കാന്‍ സാധിക്കുമോ എന്ന് ജയസൂര്യ ചോദിക്കുന്നു. എല്ലാവിധ സാമ്പത്തിക ഇടപാടുകളും നിയമാനുസൃതമായി മാത്രം നടത്തി കൃത്യമായ നികുതി പൊതു ഖജനാവില്‍ അടയ്ക്കുന്ന ഉത്തരവാദിത്വപ്പെട്ട ഒരു സാധാരണ പൗരനാണ് താനെന്നും ജയസൂര്യ കൂട്ടിച്ചേര്‍ത്തു.ജയസൂര്യയുടെ അക്കൗണ്ടില്‍ പണം എത്തിയതായി കണ്ടെത്തല്‍.നടന് ജയസൂര്യ ഒരുകോടിയോളം രൂപ കൈപ്പറ്റിയതായി എന്‍ഫോഴ്സമെന്റ് ഡയറക്ടറേറ്റിന്റെ (ഇഡി) കണ്ടെത്തല്‍. കേസിലെ മുഖ്യപ്രതി സ്വാതിഖ് റഹീമിന്റെ അക്കൗണ്ടില്‍നിന്ന് നടന്റേയും ഭാര്യ സരിതയുടെയും അക്കൗണ്ടുകളിലേക്ക് പണം എത്തിയതായാണ് കണ്ടെത്തല്‍.കമ്പനിയുടെ ബ്രാന്‍ഡ് അംബാസഡറായി പ്രവര്‍ത്തിച്ചതിന്റെ പ്രതിഫലമാണിതെന്നാണ് ജയസൂര്യയുടെ പ്രാഥമിക മൊഴി. എന്നാല്‍, നടന്റെ ബാങ്ക് അക്കൗണ്ട്, കരാര്‍ എന്നിവയില്‍ ഇഡി വീണ്ടും പരിശോധന നടത്തും. ഏഴിന് വീണ്ടും ചോദ്യംചെയ്യലിന് ഹാജരാകാന്‍ നോട്ടീസും നല്‍കിയിട്ടുണ്ട്.സ്വാതിഖിന് സിനിമ മേഖലയിലുള്ളവരുമായി ഏറെ അടുപ്പമുണ്ടായിരുന്നതിനാല്‍ കൂടുതല്‍ സിനിമ താരങ്ങള്‍ ഉള്‍പ്പെട്ടിട്ടുണ്ടോ എന്നതടക്കം ഇഡി പരിശോധിക്കുന്നുണ്ട്. ജയസൂര്യ പ്രതിഫലമായി സ്വീകരിച്ച പണം തട്ടിപ്പിലൂടെ സമ്പാദിച്ചതാണെന്ന് കണ്ടെത്തിയാല്‍ ഇത് കണ്ട്കെട്ടുന്ന നടപടികളും ഇഡി സ്വീകരിക്കും. പണമിടപാടുകളുടെ പൂര്‍ണ രേഖകള്‍ ഹാജരാക്കാന്‍ ഇഡി ആവശ്യപ്പെട്ടിട്ടുണ്ട്.കഴിഞ്ഞ ദിവസമാണ് കേസുമായി ബന്ധപ്പെട്ട് നടന് ജയസൂര്യയെ ഇഡി ചോദ്യം ചെയ്ത് വിട്ടയച്ചത്. സേവ് ബോക്സിന്റെ ബ്രാന്‍ഡ് അംബാസിഡറായി ജയസൂര്യ പ്രവര്‍ത്തിച്ചോയെന്നും ഇതുമായി ബന്ധപ്പെട്ട് സാമ്പത്തിക ഇടപാടുകള്‍ നടത്തിയോ എന്നുമാണ് ഇഡി പ്രധാനമായും പരിശോധിക്കുന്നത്. ജയസൂര്യയുടെ ഭാര്യ സരിതയുടെയും മൊഴി ഇഡി രേഖപ്പെടുത്തിയിരുന്നു.