തലൈവർ ചിത്രമൊരുക്കാൻ ഒടുവിൽ സിബി ചക്രവർത്തി
ലോകേഷ് കനക രാജ് സംവിധാനം ചെയ്യാനിരുന്ന ചിത്രം കൂലിയുടെ പരാജയത്തെ തുടർന്ന് മാറ്റുക ആയിരുന്നു.പിന്നീട് സുന്ദർ സി പരിഗണയിൽ വന്നു എങ്കിലും അദ്ദേഹവും പിന്മാറി ഒടുവിൽ ശിവ കാർത്തികേയൻ ചിത്രം ഡോൺ സംവിധാനം ചെയ്ത സിബി ചക്രവർത്തിയാണ് ചിത്രം ഒരുക്കുന്നത്;
കൂലി എന്ന ചിത്രത്തിന് ശേഷം സൂപ്പർ രജനികാന്തിനെ നായകനാക്കി കമൽ ഹാസന്റെ രാജ് കമൽ ഫിലിംസ് ഇന്റർനാഷണൽ നിർമ്മിക്കുന്ന "തലൈവർ 173" എന്ന ചിത്രം സിബി ചക്രവർത്തി സംവിധാനം ചെയ്യുമെന്ന് ഔദ്യോഗിക പ്രഖ്യാപനം. 2027 പൊങ്കൽ റിലീസായി ചിത്രം തിയേറ്ററുകളിൽ എത്തുമെന്നും അണിയറപ്രവർത്തകർ അറിയിച്ചു. സംവിധായകൻ സുന്ദർ സി പിൻമാറിയതിനെത്തുടർന്ന് "തലൈവർ 173" സംവിധാനം ചെയ്യാൻ പോകുന്നത് ആരാണെന്ന ചർച്ചകൾ സിനിമാലോകത്ത് സജീവമായിരുന്നു.
പാർക്കിങ് സംവിധായകൻ രാംകുമാർ ബാലകൃഷ്ണൻ, നിതിലൻ സ്വാമിനാഥൻ, പ്രദീപ് രംഗനാഥൻ, ധനുഷ് എന്നിവരുടെ പേരുകൾ ഉയർന്നു കേൾക്കുന്നതിനിടയിലാണ് സിബി ചക്രവർത്തിയുടെ പേര് പ്രഖ്യാപിച്ചത്. 2022-ൽ പുറത്തിറങ്ങിയ ശിവകാർത്തികേയൻ ചിത്രം 'ഡോൺ' സംവിധാനം ചെയ്ത് ശ്രദ്ധേയനായ സിബി ചക്രവർത്തിയുടെ രണ്ടാമത്തെ ചിത്രമാണ് "തലൈവർ 173". 'തെരി', 'മെർസൽ' എന്നീ ബ്ലോക്ക്ബസ്റ്റർ ചിത്രങ്ങളിൽ ആറ്റ്‌ലിയുടെ സംവിധാന സഹായിയായും സിബി പ്രവർത്തിച്ചിട്ടുണ്ട്.കമൽ ഹാസന്റെ ഉടമസ്ഥതയിലുള്ള രാജ് കമൽ ഫിലിംസ് ഇന്റർനാഷണൽ അടുത്തിടെ 44 വർഷങ്ങൾ പൂർത്തിയാക്കിയതിന്റെ ആഘോഷങ്ങളുടെ ഭാഗമായാണ് ഈ വമ്പൻ ചിത്രം പ്രഖ്യാപിച്ചിരിക്കുന്നത്. ആർ മഹേന്ദ്രനൊപ്പം ചേർന്നാണ് കമൽ ഹാസൻ ചിത്രം നിർമ്മിക്കുന്നത്. റെഡ് ജയന്റ് മൂവീസാണ് വിതരണം. അനിരുദ്ധ് രവിചന്ദർ സംഗീതമൊരുക്കുന്ന ചിത്രത്തിന്റെ ടാഗ്‌ലൈൻ "എവെരി ഫാമിലി ഹാസ് എ ഹീറോ" എന്നാണ്. കമൽ ഹാസൻ നിർമ്മിക്കുന്ന ചിത്രത്തിൽ രജനികാന്ത് നായകനായി എത്തുന്നത് ഇത് ആദ്യമായാണ് എന്ന പ്രത്യേകതയുമുണ്ട്.ചിത്രം ആദ്യം ലോകേഷ് കനക രാജ് സംവിധാനം ചെയ്യും എന്നായിരുന്നു റിപ്പോർട്ട് എന്നാൽ കൂലിയുടെ പരാജയത്തെ തുടർന്ന് ലോകേഷിനെ മാറ്റുക ആയിരുന്നു.പിന്നീട് സുന്ദർ സി പരിഗണയിൽ വന്നു എങ്കിലും അദ്ദേഹവും പിന്മാറി ഒടുവിൽ ശിവ കാർത്തികേയൻ ചിത്രം ഡോൺ സംവിധാനം ചെയ്ത സിബി ചക്രവർത്തിയാണ് ചിത്രം ഒരുക്കുന്നത്
നിലവിൽ നെൽസൺ സംവിധാനം ചെയ്യുന്ന 'ജയിലർ 2' ൽ അഭിനയിക്കുന്ന രജനികാന്ത്, അതിന്റെ ചിത്രീകരണം പൂർത്തിയാക്കിയ ശേഷമായിരിക്കും "തലൈവർ 173" ൽ ജോയിൻ ചെയ്യുക. ഒരു പക്കാ മാസ്സ് കൊമേർഷ്യൽ എന്റെർറ്റൈനെർ ആയാണ് ഈ ചിത്രം ഒരുങ്ങുന്നത്.