അതിരു കടന്ന പോരാട്ടം
വിജയ് ചിത്രം ജന നായകന്റെ കൂടെ ക്ലാഷ് റിലീസ് വെച്ച ശിവകാർത്തികേയന്റെ പരാ ശക്തി സിനിമയ്ക്ക് നേരെ വലിയ വിമർശനം;
പൊങ്കൽ റിലീസുകളായെത്തുന്ന ജനനായകൻ, പരാശക്തി എന്നീ ചിത്രങ്ങൾ തമ്മിലുള്ള പോരാട്ടം മറ്റൊരു തലത്തിലേക്ക്. താരങ്ങളായ വിജയിയും ശിവകാർത്തികേയനും തമ്മിൽ വ്യക്തിപരമായി നല്ല ബന്ധമാണെങ്കിലും, അവരുടെ ആരാധകർ തമ്മിലുള്ള തർക്കം ഇപ്പോൾ രൂക്ഷമായിരിക്കുകയാണ്. ഈ വർഷത്തെ പൊങ്കൽ റിലീസായി വിജയ്‍യുടെ അവസാന ചിത്രം 'ജനനായകൻ', ശിവകാർത്തികേയന്റെ 'പരാശക്തി' എന്നിവ തിയേറ്ററുകളിൽ ഏറ്റുമുട്ടുന്നതാണ് ഈ പ്രതിഷേധങ്ങൾക്ക് പ്രധാന കാരണം.മധുരയിലെ റിറ്റ്സി സിനിമാസിൽ 'ജനനായകൻ' സിനിമയുടെ ട്രെയിലർ ലോഞ്ചിനിടെ ഉണ്ടായ സംഭവങ്ങൾ വലിയ വിവാദങ്ങൾക്ക് വഴിയൊരുക്കിയിരിക്കുകയാണ്. തിയേറ്ററിന് പുറത്ത് സ്ഥാപിച്ചിരുന്ന 'പരാശക്തി'യുടെ പോസ്റ്ററുകൾ വിജയ് ആരാധകർ കൂട്ടമായി എത്തി വലിച്ചുകീറുകയും താഴേക്ക് എറിയുകയും ചെയ്തു. ഈ പ്രവൃത്തി കണ്ടുനിന്ന മറ്റ് ആരാധകർ ആഹ്ലാദിക്കുകയും ഇതിന്റെ വീഡിയോകൾ പകർത്തി സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കുകയും ചെയ്തു.പരാശക്തി'യുടെ പ്രീ-റിലീസ് ചടങ്ങിലും വിജയ് ആരാധകർ ബഹളം സൃഷ്ടിച്ചു. പരിപാടി ആരംഭിക്കുന്നതിന് മുമ്പ് തന്നെ വേദിയിലെ സീറ്റുകൾ കൈയടക്കിയ ഇവർ, വിജയ്‌യുടെ രാഷ്ട്രീയ പാർട്ടിയായ തമിഴക വെട്രി കഴകത്തിന്റെ (TVK) പേര് ഉച്ചത്തിൽ വിളിച്ചുപറഞ്ഞു. ശിവകാർത്തികേയൻ വേദിയിൽ സംസാരിക്കുമ്പോൾ വിജയ്‌യുടെ പേര് പരാമർശിച്ചപ്പോഴെല്ലാം ആരാധകർ വലിയ രീതിയിൽ ആർപ്പുവിളികൾ നടത്തി പരിപാടി തടസ്സപ്പെടുത്തിക്കൊണ്ടിരുന്നു.
എച്ച്. വിനോദ് സംവിധാനം ചെയ്ത 'ജനനായകൻ' 2025 ദീപാവലിക്കും, സുധ കൊങ്കരയുടെ 'പരാശക്തി' ജനുവരി 14-നും റിലീസ് ചെയ്യാനാണ് ആദ്യം തീരുമാനിച്ചിരുന്നത്. എന്നാൽ രണ്ട് സിനിമകളുടെയും തീയതികളിൽ മാറ്റം വന്നതോടെ ഇവ ജനുവരി 9, 10 തീയതികളിൽ റിലീസ് ചെയ്യുന്ന രീതിയിലായി. വിജയ്‍യുടെ സമ്മതത്തോടെയാണ് തന്റെ ചിത്രം ഈ തീയതിയിൽ റിലീസ് ചെയ്യുന്നതെന്നും, തീയതി മാറ്റാൻ താൻ ശ്രമിച്ചിരുന്നുവെന്നും ശിവകാർത്തികേയൻ വെളിപ്പെടുത്തിയിരുന്നു.