ജനനായകൻ സിനിമയുടെ റിലീസായി ബന്ധപ്പെട്ട വിവാദത്തിൽ വിജയ്ക്ക് സപ്പോർട്ടുമായി സിമ്പു

പ്രിയപ്പെട്ട വിജയ് അണ്ണാ, തിരിച്ചടികൾ ഒരിക്കലും നിങ്ങളെ തടസമായിട്ടില്ല. ഇതിനേക്കാൾ വലിയ കൊടുങ്കാറ്റുകളെ നിങ്ങൾ മറികടന്നിട്ടുണ്ട്. ഇതും കടന്നുപോകും, യഥാർത്ഥ ഉത്സവം ആരംഭിക്കുന്നത് ആ ദിവസമാണ്;

Update: 2026-01-08 17:28 GMT

ജനുവരി ഒമ്പതിന് ജനനായകൻ റിലീസിനെത്തുമെന്ന പ്രതീക്ഷയിലായിരുന്നു ആരാധകർ. ഏറെ ആകാംക്ഷയോടെ കാത്തിരുന്നവരെ നിരാശരാക്കിയാണ് അണിയറപ്രവർത്തകർക്ക് റിലീസ് മാറ്റിവെക്കേണ്ടിവന്നത്. രാഷ്ട്രീയത്തിൽ സജീവമാകാൻ ഒരുങ്ങുന്ന വിജയ് യുടെ കരിയറിലെ അവസാന ചിത്രമായിരിക്കും ജനനായകൻ. ചിത്രത്തിന് സെൻസർബോർഡ് സർട്ടിഫിക്കറ്റ് ലഭിക്കാത്തതിനാൽ റിലീസ് മാറ്റിവെക്കുകയായിരുന്നു. രാഷ്ട്രീയ കാരണങ്ങളാണ് ഇതിന് പിന്നിലെന്ന ആരോപണം ശക്തമാണ്. ഈ സാഹചര്യത്തിൽ വിജയ്ക്ക് പിന്തുണയറിയിച്ച് എത്തിയിരിക്കുകയാണ് നടൻ സിലംബരസൻ. ചിത്രം തീയറ്ററുകളിൽ എത്തുമ്പോഴാണ് യഥാർത്ഥ ഉത്സവം ആരംഭിക്കുകയെന്ന് അദ്ദേഹം പറഞ്ഞു.തന്റെ എക്സ് അക്കൗണ്ടിലാണ് സിലംബരസൻ വിജയ്ക്ക് പിന്തുണയറിയിച്ച് എത്തിയത്. പ്രിയപ്പെട്ട വിജയ് അണ്ണാ, തിരിച്ചടികൾ ഒരിക്കലും നിങ്ങളെ തടസമായിട്ടില്ല. ഇതിനേക്കാൾ വലിയ കൊടുങ്കാറ്റുകളെ നിങ്ങൾ മറികടന്നിട്ടുണ്ട്. ഇതും കടന്നുപോകും, യഥാർത്ഥ ഉത്സവം ആരംഭിക്കുന്നത് ആ ദിവസമാണ്. അദ്ദേഹം എക്സിൽ കുറിച്ചു.തമിഴ് സിനിമാ രംഗത്ത് അഭിനേതാക്കളും സംവിധായകരും ഉൾപ്പടെ നിരവധി പ്രമുഖർ വിജയ്ക്ക് പിന്തുണ അറിയിച്ച് രംഗത്തെത്തിയിട്ടുണ്ട്. സെൻസറിന്‍റെ സമയമില്ലായ്മ ഇൻഡസ്ട്രിയെ ഇല്ലാതാക്കുമെന്ന് സംവിധായകൻ കാർത്തിക് സുബ്ബരാജ് പറഞ്ഞു. നടൻ രവിമോഹനും സോഷ്യൽ മീഡിയയിൽ പിന്തുണയറിയിച്ചെത്തി, ഒരു സഹോദരൻ എന്ന നിലയിൽ നിങ്ങളുടെ കൂടെയുള്ള ദശലക്ഷക്കണക്കിന് സഹോദരന്മാരിൽ ഒരാളായി ഞാനും നിങ്ങൾക്കൊപ്പം നിൽക്കുന്നു, ആ തീയ്യതി എപ്പോഴാണോ അപ്പോഴായിരിക്കും പൊങ്കൽ ആരംഭിക്കുകയെന്നും വിജയ് അണ്ണനൊപ്പം നിൽക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

ബുധനാഴ്ച വൈകീട്ടാണ് റിലീസ് മാറ്റിവെക്കുന്നതായ ഔദ്യോഗിക സ്ഥിരീകരണം വന്നത്. റിലീസ് മാറ്റിവെച്ചതായും പുതിയ തീയതി ഉടൻ പ്രഖ്യാപിക്കുമെന്നും നിർമാതാക്കളായ കെവിഎൻ പ്രൊഡക്ഷൻസ് ഔദ്യോഗികമായി അറിയിച്ചു. മതവികാരം വ്രണപ്പെടുത്തുന്നുവെന്ന് ആരോപിച്ച് ലഭിച്ച പരാതിയെത്തുടർന്ന് ചിത്രം റിവൈസിങ് കമ്മിറ്റിക്ക് വിടാൻ സെൻസർ ബോർഡ് തീരുമാനിച്ചിരുന്നു. തുടർന്നാണ് അന്യായമായി സെൻസർ ബോർഡ് അനുമതി വൈകിപ്പിക്കുന്നുവെന്ന് ആരോപിച്ച് നിർമാതാക്കൾ കോടതിയെ സമീപിച്ചത്. ഇതുമായി ബന്ധപ്പെട്ട കോടതി നടപടികൾക്കിടെയാണ് ചിത്രത്തിന്‍റെ റിലീസ് മാറ്റിവെച്ചത്.

Similar News