പൊങ്കൽ തൂക്കി മലയാളി സംവിധായകന്റെ തമിഴ് ചിത്രം
ജീവ നായകനായ തലൈവർ തമ്പി തലൈമയിൽ ആണ് ഇപ്പോൾ തമിഴ് സിനിമകളിൽ മുന്നിൽ നിൽക്കുന്നത്
തമിഴ് സിനിമയെ സംബന്ധിച്ച് ഏറ്റവും പ്രധാനപ്പെട്ട റിലീസ് സീസണുകളില്‍ ഒന്നാണ് പൊങ്കല്‍. അതിനാല്‍ത്തന്നെ തങ്ങളുടെ ചിത്രം പൊങ്കലിന് എത്തിക്കുക എന്നത് നിര്‍മ്മാതാക്കളും താരങ്ങളുമൊക്കെ വലിയ അഭിമാനത്തോടെയാണ് കാണുന്നത്. എന്നാല്‍ മുന്‍കൂര്‍ പ്ലാനിംഗ് എല്ലാം തകിടംമറിഞ്ഞ പൊങ്കല്‍ സീസണ്‍ ആയിരുന്നു ഇത്തവണ. സിനിമകളുടെ ജയപരാജയങ്ങളുടെ അപ്രവചനീയത ഒരിക്കല്‍ക്കൂടി വ്യക്തമായ റിലീസിംഗ് സീസണ്‍ കൂടിയായി മാറി തമിഴ് സിനിമയെ സംബന്ധിച്ച് ഇത്തവണത്തെ പൊങ്കല്‍. പൊങ്കലിന്‍റെ പ്രധാന സാന്നിധ്യം ആവേണ്ടിയിരുന്ന വിജയ് ചിത്രം ജനനായകന്‍ സെന്‍സര്‍ പ്രതിസന്ധിയെത്തുടര്‍ന്ന് മുടങ്ങിയത് കോളിവുഡിനെ അക്ഷരാര്‍ഥത്തില്‍ ഞെട്ടിച്ചു. ജനുവരി 9 ന് റിലീസ് പ്ലാന്‍ ചെയ്തിരുന്ന ചിത്രം ഇതുവരെയും പ്രതിസന്ധി തരണം ചെയ്തിട്ടുമില്ല. വന്ന ചിത്രങ്ങളില്‍ ജനപ്രീതി നേടിയതാവട്ടെ ആരും കാര്യമായി ശ്രദ്ധിക്കാതിരുന്ന ഒരു ചിത്രവും.ശിവകാര്‍ത്തികേയനെ നായകനാക്കി സുധ കൊങ്കര സംവിധാനം ചെയ്ത പരാശക്തി, കാര്‍ത്തിയെ നായകനാക്കി നളന്‍ കുമാരസാമി സംവിധാനം ചെയ്ത വാ വാത്തിയാര്‍, ജീവയെ നായകനാക്കി മലയാളി സംവിധായകന്‍ നിതീഷ് സഹദേവ് സംവിധാനം ചെയ്ത തലൈവര്‍ തമ്പി തലൈമയില്‍ (ടിടിടി/ ട്രിപ്പിള്‍ ടി) എന്നിവയാണ് ഇക്കുറി പൊങ്കല്‍ റിലീസ് ആയി എത്തിയ തമിഴ് ചിത്രങ്ങള്‍. ഇതില്‍ പരാശക്തി ജനുവരി 10 നും വാ വാത്തിയാര്‍ 14 നും ട്രിപ്പിള്‍ ടി 15 നുമാണ് എത്തിയത്. ഇതില്‍ പരാശക്തിയും വാ വാത്തിയാരും സമ്മിശ്ര പ്രതികരണങ്ങള്‍ നേടിയപ്പോള്‍ ജീവ ചിത്രം ജനപ്രീതിയില്‍ ബഹുദൂരം മുന്നിലാണ്.