ഒരിക്കൽ മലയാള സിനിമയിലെ പല വേഷങ്ങളും ഉപേക്ഷിക്കേണ്ടി വന്നു എന്ന് നടി ഭാവന
മലയാളികളുടെ പ്രിയപ്പെട്ട താരമാണ് ഭാവന. സിനിമയിൽ നിന്ന് ഒരിടവേള എടുത്തെങ്കിലും മലയാളി പ്രേക്ഷകരുടെ മനസ്സിൽ എന്നും പ്രത്യേക സ്ഥാനമാണ് ഭാവനയ്ക്കുള്ളത്. നമ്മൾ എന്ന ചിത്രത്തിലൂടെ പ്രേക്ഷകർക്ക് മുന്നിലെത്തിയ ഭാവന, തന്റെ കഠിനാധ്വാനവും ഉറച്ച തീരുമാനങ്ങളും കൊണ്ടാണ് തെന്നിന്ത്യൻ സിനിമയിൽ സ്വന്തം ഇടം ഉറപ്പിച്ചത്.
ഭാവനയുടെ വരാനിരിക്കുന്ന ചിത്രമാണ് ‘അനോമി’. സാറാ ഫിലിപ്പ് എന്ന ശക്തമായ കഥാപാത്രത്തെയാണ് ചിത്രത്തിൽ താരം അവതരിപ്പിക്കുന്നത്. ഭാവന എന്ന നടിയെ റീ ഇന്‍ട്രഡ്യൂസ് ചെയ്യുന്ന സിനിമ എന്ന വിശേഷണത്തോടെയാണ് ചിത്രം തിയേറ്ററുകളിലെത്തുന്നത്.മലയാള സിനിമകൾ ചെയ്യാൻ തനിക്ക് വ്യക്തമായ പ്ലാൻ ഉണ്ടായിരുന്നില്ലെന്നും, നിരവധി പ്രമുഖ താരങ്ങളുടെ ചിത്രങ്ങളിൽ അവസരം ലഭിച്ചിരുന്നെങ്കിലും അവയെല്ലാം നിഷേധിച്ചിരുന്നുവെന്നും ഭാവന പറഞ്ഞു. ഗലാട്ട പ്ലസ്സിന് നൽകിയ അഭിമുഖത്തിലാണ് താരം ഇക്കാര്യം വ്യക്തമാക്കിയത്.
‘ആഷിഖ് അബു, പൃഥ്വിരാജ്, ജയസൂര്യ തുടങ്ങിയവർ സിനിമകളുമായി സമീപിച്ചിരുന്നു. ഒരു മമ്മൂട്ടി ചിത്രവും വന്നു. പക്ഷേ ഞാൻ ‘നോ’ പറഞ്ഞു. എന്തുകൊണ്ടാണെന്ന് എനിക്കുതന്നെ അറിയില്ല. അപ്പോൾ മലയാള സിനിമകൾ ചെയ്യാനുള്ള പ്ലാൻ എനിക്കില്ലായിരുന്നു. ‘ന്റിക്കാക്കാക്കൊരു പ്രേമണ്ടാർന്നു’ എന്ന സിനിമ വന്നപ്പോഴും ആദ്യം ഞാൻ നിരസിച്ചു. പിന്നീട് പലതവണ പലരിലൂടെയും ഈ കഥയുമായി തന്നെ സമീപിച്ചതോടെയാണ് കഥ കേൾക്കാനും ഒടുവിൽ സിനിമ ചെയ്യാനും തീരുമാനിച്ചത്,’ ഭാവന പറഞ്ഞു.
അനോമി സിനിമയോട് വലിയ വിശ്വാസമുണ്ടെന്നും, ഈ സിനിമയുടെ ടീമിനെ നിരാശപ്പെടുത്താൻ തനിക്കാവില്ലെന്നും താരം കൂട്ടിച്ചേർത്തു. തന്റെ ഏറ്റവും പ്രിയപ്പെട്ട അനിയന് ഒരു അപകടം സംഭവിക്കുമ്പോൾ പ്രതികരിക്കുന്ന കഥാപാത്രമായാണ് സാറാ ഫിലിപ്പ് എത്തുന്നത്. പുറമേ ബോൾഡും ധൈര്യശാലിയുമായി തോന്നുന്ന സാറാ, അകമേ ഇമോഷണലി വളരെ ഡൗൺ ആയ ഒരാളാണെന്നും, ഈ കഥാപാത്രത്തിന് തന്റെ ജീവിതവുമായി നിരവധി സാമ്യങ്ങളുണ്ടെന്നും ഭാവന പറഞ്ഞു.ഭാവനയുടെ കരിയറിലെ 90-ാമത് ചിത്രം കൂടിയാണ് അനോമി. ജനുവരി 30-ന് ചിത്രം തീയേറ്ററുകളിലെത്തും. സയൻസ് ഫിക്ഷൻ ഴോണറിലൊരുങ്ങുന്ന ചിത്രത്തിൽ റഹ്മാൻ, ഷെബിൻ ബെൻസൺ, ദൃശ്യ രഘുനാഥ്, ബിനു പപ്പു, അർജുൻ ലാൽ, വിഷ്ണു അഗസ്ത്യ തുടങ്ങിയവർ മറ്റ് പ്രധാന വേഷങ്ങളിലെത്തുന്നു. ചിത്രത്തിന്റെ രചനയും സംവിധാനവും നിർവഹിച്ചിരിക്കുന്നത് റിയാസ് മാരത്ത് ആണ്.