രാഹുൽ ഈശ്വറിനെ അനുകൂലിച്ച് കൂട്ടിക്കൽ ജയചന്ദ്രൻ

Update: 2026-01-23 15:02 GMT

കള്ളക്കേസില്‍ താന്‍ കുടുങ്ങിയപ്പോള്‍ ഒരു പരിചയവും ഇല്ലാതിരുന്നിട്ടും സഹായിച്ചതും മാധ്യമങ്ങളോട് അനുകൂലമായി സംസാരിച്ചതും രാഹുൽ ഈശ്വർ മാത്രമാണെന്ന് കൂട്ടിക്കല്‍ ജയചന്ദ്രന്‍. രാഹുൽ ഈശ്വറിന് കിട്ടുന്ന ആദ്യവെടി തന്‍റെ നെഞ്ചത്ത് കൊണ്ടിട്ടേ രാഹുലിന്‍റെ നെഞ്ചത്ത് കൊള്ളുകയുള്ളൂ. അത്രയ്ക്ക് കടപ്പാടാണ് രാഹുലിനോടുള്ളതെന്നും കൂട്ടിക്കല്‍ ജയചന്ദ്രന്‍ ഇന്നലെ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ പറയുന്നു.

ജയചന്ദ്രനെതിരായ പോക്സോ കേസിൽ സുപ്രിംകോടതിയുടെ അടക്കം നിരീക്ഷണങ്ങൾ അനുകൂലമായെന്ന് വാര്‍ത്താ സമ്മേളനത്തില്‍ രാഹുല്‍ ഈശ്വര്‍ പറഞ്ഞു. എല്ലാവരും അദ്ദേഹത്തെ തള്ളിപ്പറഞ്ഞപ്പോഴും, ആ മോശം സമയത്തെല്ലാം അദ്ദേഹത്തിന് ഒപ്പം നിന്നത് ഭാര്യ മാത്രമാണ്. ലക്ഷക്കണക്കിന് രൂപയാണ് കേസ് നടത്താനായി ചെലവായതെന്നും രാഹുല്‍ വ്യക്തമാക്കി.ആണുങ്ങളെ വിശ്വസിക്കാം, പെണ്ണുങ്ങളെ ഒരിക്കലും വിശ്വസിക്കാൻ പറ്റില്ലെന്നാണ് കൂട്ടിക്കല്‍ ജയചന്ദ്രന്‍റെ ഭാര്യ ബസന്തി നിറകണ്ണുകളോടെ പറഞ്ഞത്. സത്യം പറഞ്ഞാൽ ഞാനൊരു അതിജീവിതയാണ്. ഉറക്കത്തിൽ അടി കിട്ടിയ പോലെ ഇങ്ങനെയൊരു കേസ് വന്ന സമയത്ത് ജയേട്ടന്‍റെ ഭാ​ഗത്ത് അച്ഛനോ അമ്മയോ കൂടപ്പിറപ്പുകളോ ആരുമുണ്ടായിരുന്നില്ല. താൻ ഒപ്പം നടക്കുകയെന്നല്ലാതെ പുറംലോകവുമായി ബന്ധമില്ലാത്തയാളാണ്. സ്ത്രീകളുടെ ഭാ​ഗത്ത് നിന്നാണ് ഏറ്റവും കൂടുതൽ പണി കിട്ടിയത്. സ്ത്രീത്വം എന്ന വാക്ക് ഉച്ചരിക്കാൻ പോലും യോ​ഗ്യതയില്ലാത്തവരുണ്ട്. എന്തെങ്കിലും ദേഷ്യം വരുമ്പോൾ കള്ളക്കേസിൽ കുടുക്കി ആണുങ്ങളെ ജയിലിലടക്കുമ്പോൾ അവർക്ക് കുടുംബമുണ്ടെന്ന് ചിന്തിക്കണം. ജയേട്ടൻ ഇക്കാര്യത്തിൽ കുറ്റം ചെയ്തിട്ടില്ലെന്ന് ഉറപ്പുള്ളയാളാണ് താനെന്നും അവർ വ്യക്തമാക്കി.

നടന്‍ കൂട്ടിക്കല്‍ ജയചന്ദ്രന്‍ മഞ്ജുവാര്യരെ അഭിനന്ദിച്ചും മാസമുറയെയും സ്ത്രീകളുടെ മാനസിക പ്രശ്നങ്ങളെ അവഹേളിച്ചും പോസ്റ്റ് പങ്കുവെച്ചെന്ന് ആരോപിച്ച് ഈയിടെ വലിയ ചര്‍ച്ചകള്‍ നടന്നിരുന്നു. വലിയ വിമര്‍ശനങ്ങളാണ് ജയചന്ദ്രനെതിരെ ഉയർന്നത്. സ്ത്രീകളുടെ മാനസികാവസ്ഥയെക്കുറിച്ചോ ശാരീരികാവസ്ഥയെക്കുറിച്ചോ വ്യക്തമായ അറിവില്ലെങ്കില്‍ ഇത്തരം തെറ്റായ പോസ്റ്റുകള്‍ എഴുതരുതെന്ന് പലരും അഭിപ്രായപ്പെട്ടിരുന്നു.

Similar News