പൊതു വേദിയിൽ എത്തുന്ന നടിമാരുടെ ശരീരം സൂം ചെയ്ത് പ്രചരിപ്പിക്കുന്നത്തിനെതിരെ കാന്താരാ ഫെയിം സപ്തമി ഗൗഡ
ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച ദീർഘമായ കുറിപ്പിലൂടെയാണ് സിനിമാ മേഖലയിലെ സ്ത്രീകൾ നേരിടുന്ന ഈ ഗുരുതരമായ വിഷയത്തെ താരം അഭിസംബോധന ചെയ്തത്
പൊതുപരിപാടികളിൽ പങ്കെടുക്കുന്ന നടിമാരുടെ ചിത്രങ്ങളും വീഡിയോകളും മോശമായ രീതിയിൽ പകർത്തി പ്രചരിപ്പിക്കുന്ന പ്രവണതക്കെതിരെ രൂക്ഷമായ ഭാഷയിൽ പ്രതികരിച്ച് 'കാന്താര' ഫെയിം സപ്തമി ഗൗഡ. ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച ദീർഘമായ കുറിപ്പിലൂടെയാണ് സിനിമാ മേഖലയിലെ സ്ത്രീകൾ നേരിടുന്ന ഈ ഗുരുതരമായ വിഷയത്തെ താരം അഭിസംബോധന ചെയ്തത്. ഇത്തരം പ്രവൃത്തികൾ അങ്ങേയറ്റം മര്യാദയില്ലാത്തതാണെന്നും ഒരിക്കലും അംഗീകരിക്കാനാവില്ലെന്നും താരം വ്യക്തമാക്കി.
തങ്ങളുടെ പ്രൊഫഷണൽ മികവിനേക്കാൾ ശരീരത്തിന് പ്രാധാന്യം നൽകുന്ന രീതിയിൽ, അനുചിതമായ ആംഗിളുകളിൽ നിന്ന് ചിത്രങ്ങൾ പകർത്തുന്നത് പതിവാകുകയാണെന്ന് സപ്തമി ചൂണ്ടിക്കാട്ടി. അനാവശ്യമായി സൂം ചെയ്തും മോശമായ രീതിയിൽ ചിത്രീകരിച്ചും സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കുന്നത് മാന്യതയുടെ ലംഘനമാണ്. സിനിമയോടും ജോലിയോടുമുള്ള താല്പര്യം കൊണ്ടാണ് തങ്ങൾ ഈ മേഖലയിൽ നിലകൊള്ളുന്നത്. എന്നാൽ അനാവശ്യമായ ഇത്തരം ഇടപെടലുകളെ സാധാരണവൽക്കരിക്കാനോ അനുവദിക്കാനോ കഴിയില്ലെന്ന് താരം ഓർമ്മിപ്പിച്ചു.
പൊതുപരിപാടികൾ റിപ്പോർട്ട് ചെയ്യാനും പകർത്താനും എത്തുന്നവർ അടിസ്ഥാനപരമായ മര്യാദയും പ്രൊഫഷണലിസവും കാണിക്കുമെന്ന് തങ്ങൾ പ്രതീക്ഷിക്കുന്നുണ്ട്. ഇത്തരം മോശം പ്രവണതകൾക്കെതിരെ അതിർവരമ്പുകൾ നിശ്ചയിക്കുന്നതിൽ സിനിമാ മേഖലയിലെ സ്ത്രീകൾ ഒറ്റക്കെട്ടായി നിൽക്കുമെന്നും സപ്തമി പറഞ്ഞു. സമാനമായ സാഹചര്യം നേരിടേണ്ടി വരുന്ന എല്ലാ സ്ത്രീകൾക്കും താരം ഐക്യദാർഢ്യം പ്രഖ്യാപിച്ചു. പരസ്പര ബഹുമാനം നിലനിർത്താൻ തങ്ങൾ തുടർന്നും പോരാടുമെന്ന് വ്യക്തമാക്കിയ താരം, 'അഭിനേതാക്കൾ വസ്തുക്കളല്ല' എന്ന ഹാഷ്ടാഗോടെയാണ് കുറിപ്പ് അവസാനിപ്പിച്ചത്.