നവീകരിച്ച ചിത്രാഞ്ജലി സ്റ്റുഡിയോയുടെ ഉദ്ഘാടനം ബഹിഷ്കരിക്കാൻ ഒരുങ്ങി ഫിലിം ചേംബർ

ഇത് സംബന്ധിച്ച്, മലയാള സിനിമയിലെ എല്ലാ സിനിമാ സംഘടനകൾക്കും കേരളാ ഫിലിം ചേംബർ ഓഫ് കോമേഴ്‌സ് കത്തയച്ചു

Update: 2026-03-04 06:02 GMT

മലയാള ചലച്ചിത്ര വ്യവസായം നേരിടുന്ന വിവിധ പ്രതിസന്ധികളിൽ സർക്കാർ കൃത്യമായ ഇടപെടൽ നടത്തുന്നില്ലെന്ന് ആരോപിച്ച്, നവീകരിച്ച ചിത്രാഞ്ജലി സ്റ്റുഡിയോയുടെ ഒന്നാം ഘട്ട ഉദ്ഘാടന പരിപാടി ബഹിഷ്കരിക്കാൻ ഫിലിം ചേംബർ തീരുമാനിച്ചു. മാർച്ച് നാലിന് നടക്കാനിരിക്കുന്ന ഈ ചടങ്ങിൽ നിന്ന് വിട്ടുനിൽക്കാൻ ആവശ്യപ്പെട്ടുകൊണ്ട് കേരള ഫിലിം ചേംബർ ഓഫ് കോമേഴ്‌സ് മലയാള സിനിമയിലെ എല്ലാ പ്രമുഖ സംഘടനകൾക്കും കത്തയച്ചിട്ടുണ്ട്. സിനിമാ മേഖലയുടെ നിലനിൽപ്പിനായി പലപ്പോഴായി സർക്കാരിനോട് സഹായം അഭ്യർത്ഥിച്ചിട്ടും അനുകൂല നടപടികൾ ഉണ്ടാകാത്ത സാഹചര്യത്തിലാണ് ഇത്തരമൊരു പ്രതിഷേധത്തിലേക്ക് സംഘടനകൾ നീങ്ങുന്നത്.

കഴിഞ്ഞ ജനുവരി 20-ന് സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാനുമായി നടത്തിയ ചർച്ചയിൽ, സംഘടനകൾ ഉന്നയിച്ച ആവശ്യങ്ങളിൽ രണ്ടാഴ്ചയ്ക്കകം തീരുമാനമുണ്ടാകുമെന്ന് ഉറപ്പ് നൽകിയിരുന്നുവെങ്കിലും അത് പാലിക്കപ്പെട്ടില്ലെന്ന് ഫിലിം ചേംബർ കത്തിൽ ചൂണ്ടിക്കാട്ടുന്നു. ചിത്രാഞ്ജലി സ്റ്റുഡിയോയിൽ നിർമ്മിക്കുന്ന ചിത്രങ്ങൾക്കുള്ള സബ്‌സിഡി കാലാനുസൃതമായി വർധിപ്പിക്കുക എന്നതായിരുന്നു പ്രധാന ആവശ്യങ്ങളിൽ ഒന്ന്. എന്നാൽ ഈ വിഷയത്തിലും മറ്റ് ഉന്നയിക്കപ്പെട്ട പരാതികളിലും സർക്കാർ ഭാഗത്തുനിന്ന് യാതൊരു നടപടിയും ഉണ്ടാകാത്ത സാഹചര്യത്തിലാണ് ഉദ്ഘാടന ചടങ്ങ് ബഹിഷ്കരിക്കാൻ തീരുമാനിച്ചത്.

താരസംഘടനയായ 'അമ്മ', സാങ്കേതിക പ്രവർത്തകരുടെ സംഘടനയായ 'ഫെഫ്ക', തീയേറ്റർ ഉടമകളുടെ സംഘടനകളായ 'ഫിയോക്', എക്സിബിറ്റേഴ്സ് ഫെഡറേഷൻ തുടങ്ങിയ പ്രമുഖ സംഘടനകൾക്കെല്ലാം ഫിലിം ചേംബർ ഈ കത്ത് കൈമാറിയിട്ടുണ്ട്. ഫിലിം ചേംബറിന്റെ ഈ നിലപാടിനോട് മറ്റ് സംഘടനകളും അനുകൂലമായി പ്രതികരിക്കുമെന്നാണ് നിലവിലെ പ്രതീക്ഷയെങ്കിലും അവരുടെ ഔദ്യോഗിക നിലപാടുകൾ ഇതുവരെ പുറത്തുവന്നിട്ടില്ല. സിനിമാ മേഖലയുടെ ശക്തമായ പ്രതിഷേധം സർക്കാരിനെ അറിയിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ ബഹിഷ്കരണം നടപ്പിലാക്കുന്നത്.

Similar News