പത്താം വയസ്സിൽ പേറ്റന്റും വരുമാനവും; വിസ്മയിപ്പിച്ച് സണ്ണി ലിയോണിയുടെ മകൾ നിഷ
ഉപയോഗിച്ച ടിഷ്യൂകൾ നിക്ഷേപിക്കാൻ 'ബൂ ബോക്സ്'; മകളുടെ ബുദ്ധിശക്തിയിൽ അഭിമാനമെന്ന് താരം
ബോളിവുഡ് താരം സണ്ണി ലിയോണിയുടെ മകൾ നിഷ കൗർ വെബ്ബർ തന്റെ പത്താം വയസ്സിൽത്തന്നെ ഒരു പുതിയ ഉത്പന്നത്തിന് പേറ്റന്റ് നേടി സ്ഥിരവരുമാനം നേടുന്നു എന്ന വാർത്തയാണ് ഇപ്പോൾ സിനിമാ ലോകത്തും സോഷ്യൽ മീഡിയയിലും വലിയ ചർച്ചയാകുന്നത്. പ്രശസ്ത സംവിധായികയും കൊറിയോഗ്രാഫറുമായ ഫറ ഖാൻ അവതരിപ്പിക്കുന്ന 'ഫൺ വിത്ത് ഫറ' എന്ന പരിപാടിയുടെ ചിത്രീകരണത്തിനിടെയാണ് സണ്ണി ലിയോണി ഈ സന്തോഷവാർത്ത ആരാധകരുമായി പങ്കുവെച്ചത്. 'ബൂ ബോക്സ്' എന്ന് പേരിട്ടിരിക്കുന്ന ഈ നൂതന ഉപകരണം നിഷയുടെ സ്വന്തം ആശയവും കണ്ടുപിടിത്തവുമാണെന്ന് സണ്ണി ലിയോണി അഭിമാനപൂർവ്വം വ്യക്തമാക്കി.
രണ്ട് വ്യത്യസ്ത ആവശ്യങ്ങൾക്കായി ഒരേസമയം ഉപയോഗിക്കാവുന്ന ഒരു സവിശേഷ ടിഷ്യൂ ഹോൾഡറാണ് 'ബൂ ബോക്സ്'. സാധാരണ ടിഷ്യൂ ബോക്സുകളിൽ നിന്ന് വ്യത്യസ്തമായി, ഉപയോഗിച്ച ടിഷ്യൂ പേപ്പറുകൾ അപ്പപ്പോൾത്തന്നെ നിക്ഷേപിക്കാനായി ഒരു ചെറിയ വേസ്റ്റ് ബിൻ കൂടി ഇതിൽ സംയോജിപ്പിച്ചിരിക്കുന്നു. വീടിനകവും പരിസരവും വൃത്തിയായി സൂക്ഷിക്കാനും, ഉപയോഗിച്ച ടിഷ്യൂകൾ കളയാൻ പ്രത്യേക വേസ്റ്റ് ബിൻ അന്വേഷിച്ചു നടക്കേണ്ട ബുദ്ധിമുട്ട് ഒഴിവാക്കാനും ഈ ലളിതമായ ഉപകരണം സഹായിക്കും. നിഷ തന്നെയാണ് ഇതിന്റെ അടിസ്ഥാന ആശയം കണ്ടെത്തിയതെന്നും രൂപകൽപ്പന മുതൽ പേറ്റന്റ് സ്വന്തമാക്കുന്നത് വരെയുള്ള എല്ലാ കാര്യങ്ങളിലും അവൾ സജീവമായി ഇടപെട്ടിട്ടുണ്ടെന്നും സണ്ണി ലിയോണി വിശദീകരിച്ചു.
മുംബൈയിലെ അന്തരീക്ഷത്തിലെ പൊടി കാരണം നിഷയ്ക്ക് അലർജി സംബന്ധമായ പ്രശ്നങ്ങൾ ഉണ്ടായിരുന്നു. അതിനാൽ ടിഷ്യൂകൾ എപ്പോഴും ഉപയോഗിക്കേണ്ടി വരുമായിരുന്നു. ഉപയോഗിച്ച ടിഷ്യൂ പേപ്പറുകൾ മുറിയിൽ ചിതറിക്കിടക്കുന്നത് കാണുമ്പോൾ അവ കൃത്യമായി ബിന്നിൽ നിക്ഷേപിക്കാൻ സണ്ണി മകളോട് ആവശ്യപ്പെടാറുണ്ടായിരുന്നു. ഈ സാഹചര്യത്തിലാണ് പരിഹാരമെന്നോണം നിഷ ഒരു ടിഷ്യൂ ബോക്സിന് വശത്ത് ഡിസ്പോസിബിൾ കപ്പ് ടേപ്പ് ഉപയോഗിച്ച് ഒട്ടിച്ച ശേഷം അമ്മയ്ക്ക് കാണിച്ചു കൊടുത്തത്. മകളുടെ ഈ വേറിട്ട ചിന്തയെ പ്രോത്സാഹിപ്പിച്ച സണ്ണി ലിയോണി പിന്നീട് അത് ഒരു ഉത്പന്നമായി വികസിപ്പിക്കാൻ പിന്തുണ നൽകുകയായിരുന്നു.
പത്താം വയസ്സിൽത്തന്നെ സ്വന്തം അധ്വാനത്തിലൂടെ പണം സമ്പാദിക്കാൻ തുടങ്ങിയ നിഷയോട് തന്റെ ആൺമക്കൾക്ക് ഇപ്പോൾ ചെറിയ അസൂയയുണ്ടെന്ന് സണ്ണി ലിയോണി തമാശരൂപേണ പറഞ്ഞു. നിഷയുടെ നേട്ടം കേട്ട ഫറ ഖാൻ, തന്റെ മക്കൾക്ക് ഇതിലും പ്രായമായിട്ടും ഇത്തരം കാര്യങ്ങളൊന്നും ചെയ്യുന്നില്ലെന്നും അതുകൊണ്ട് വീട്ടിൽ പോയി അവർക്ക് 'അടി' കൊടുക്കാൻ പോവുകയാണെന്നും തമാശയായി പ്രതികരിച്ചു. 2017-ൽ മഹാരാഷ്ട്രയിലെ ലാത്തൂരിൽ നിന്നാണ് സണ്ണി ലിയോണിയും ഭർത്താവ് ഡാനിയൽ വെബ്ബറും നിഷയെ ദത്തെടുത്തത്. നിഷയെ കൂടാതെ നോഹ, അഷർ എന്നീ രണ്ട് ആൺമക്കൾ കൂടി ഈ താരദമ്പതികൾക്കുണ്ട്.