'ഒറ്റയ്ക്ക് ജീവിച്ച് മടുത്തു.. ഒരു കൂട്ട് വേണമെന്ന് രേണു സുധി
മക്കളെയും തന്നെയും സ്നേഹിക്കുന്ന പങ്കാളിയെ വേണമെന്ന് തോന്നി തുടങ്ങിയതായും താരം
ഹാസ്യനടനായ കൊല്ലം സുധിയുടെ അപ്രതീക്ഷിത വിയോഗത്തിന് ശേഷം ജീവിതത്തിൽ താൻ നേരിടുന്ന ഏകാന്തതയെക്കുറിച്ച് മനസ്സ് തുറന്ന് ഭാര്യ രേണു സുധി. ഒറ്റയ്ക്ക് ജീവിച്ച് മടുത്തുവെന്നും തന്നേയും മക്കളെയും ഒരുപോലെ സ്നേഹിക്കുകയും മനസ്സിലാക്കുകയും ചെയ്യുന്ന ഒരു ജീവിതപങ്കാളിയെ വേണമെന്നും രേണു ഇൻസ്റ്റഗ്രാം സ്റ്റോറിയിലൂടെ വെളിപ്പെടുത്തി. "ഒറ്റയ്ക്ക് ജീവിച്ച് മടുത്തു. എന്നെ മനസ്സിലാക്കുന്ന, എന്നെ നോക്കുന്ന, എന്റെ മക്കളെ സ്നേഹിക്കുന്ന ഒരാളെ വേണമെന്ന് തോന്നിത്തുടങ്ങി. ഒരു കൂട്ട് വേണമെന്ന് മനസ്സ് ആഗ്രഹിക്കുകയാണ്" എന്നായിരുന്നു രേണുവിന്റെ കുറിപ്പ്. ഈ കുറിപ്പ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വലിയ രീതിയിൽ ചർച്ചയാകുന്നുണ്ട്.
സുധിയുടെ മരണശേഷം മക്കളുടെ സംരക്ഷണവും കുടുംബത്തിന്റെ ഉത്തരവാദിത്തങ്ങളും ഏറ്റെടുത്ത് മുന്നോട്ട് പോകുന്ന രേണുവിന് തുടക്കത്തിൽ വലിയ രീതിയിലുള്ള സൈബർ ആക്രമണങ്ങളും ട്രോളുകളും നേരിടേണ്ടി വന്നിരുന്നു. ഭർത്താവിന്റെ മരണത്തിന് പിന്നാലെ അഭിനയത്തിലേക്കും സോഷ്യൽ മീഡിയ വീഡിയോകളിലേക്കും ശ്രദ്ധ കേന്ദ്രീകരിച്ചതിനെയാണ് പലരും വിമർശിച്ചിരുന്നത്. എന്നാൽ ഇത്തരം വിമർശനങ്ങളിൽ തളരാതെ, തന്റെയും മക്കളുടെയും ജീവിതത്തിന് വേണ്ടിയാണ് താൻ അധ്വാനിക്കുന്നതെന്ന് രേണു പലപ്പോഴും വ്യക്തമാക്കിയിട്ടുണ്ട്. നേരത്തെ നൽകിയ ചില അഭിമുഖങ്ങളിലും തന്നെയും തന്റെ സാഹചര്യങ്ങളെയും ഉൾക്കൊള്ളാൻ കഴിയുന്ന ഒരാൾ വന്നാൽ രണ്ടാമതൊരു വിവാഹത്തിന് തയ്യാറാണെന്ന സൂചനകൾ രേണു നൽകിയിരുന്നു.
മലയാളം ടെലിവിഷൻ-സിനിമാ രംഗത്തെ അവിഭാജ്യ ഘടകമായിരുന്ന കൊല്ലം സുധി 2023 ജൂൺ 5-നാണ് ഒരു വാഹനാപകടത്തിൽ അന്തരിച്ചത്. ഒരു പരിപാടി കഴിഞ്ഞ് മടങ്ങുന്നതിനിടെ തൃശൂർ കയ്പമംഗലത്ത് വെച്ച് സുധിയും സഹപ്രവർത്തകരും സഞ്ചരിച്ചിരുന്ന കാർ പിക്കപ്പ് വാനുമായി കൂട്ടിയിടിച്ചായിരുന്നു അപകടം സംഭവിച്ചത്. സുധിയുടെ വിയോഗമുണ്ടാക്കിയ വലിയ ശൂന്യതയിൽ നിന്നും കരകയറാൻ ശ്രമിക്കുന്ന കുടുംബത്തിന് പിന്തുണയുമായി നിരവധി ആരാധകർ രംഗത്തെത്തിയിട്ടുണ്ട്. മക്കൾക്ക് തണലായി നിൽക്കാൻ രേണുവിന് ഒരു കൂട്ട് വേണമെന്ന ആവശ്യത്തോട് അനുകൂലമായാണ് പലരും പ്രതികരിക്കുന്നത്.