'കേരള സ്റ്റോറി-2': സിനിമയുടെ പേരിൽ നിന്ന് 'കേരളം' എന്ന പേര് ഒഴിവാക്കണമെന്ന് ഹരജി
ചിത്രം സാങ്കല്പികമാണെന്ന് എഴുതിക്കാണിക്കണമെന്നും ആവശ്യം
വിവാദമായ ‘കേരള സ്റ്റോറി-2 ഗോസ് ബിയോണ്ട്’ എന്ന സിനിമയുടെ പേരിൽ നിന്ന് സംസ്ഥാനത്തിന്റെ പേര് നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ പൊതുതാൽപര്യ ഹരജി സമർപ്പിച്ചു. കെ.സി. ചന്ദ്രമോഹനൻ ഉൾപ്പെടെയുള്ളവരാണ് വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള യുവതികളെ നിർബന്ധിത മതപരിവർത്തനത്തിനും തീവ്രവാദ പ്രവർത്തനങ്ങൾക്കും ഇരയാക്കുന്നതിനെക്കുറിച്ചുള്ള ഈ ചിത്രത്തിന്റെ പേരിൽ നിന്ന് 'കേരളം' എന്ന വാക്ക് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചത്. സിനിമയുടെ പ്രദർശനാനുമതിയുമായി ബന്ധപ്പെട്ട് നേരത്തെ സിംഗിൾ ബെഞ്ച് ഏർപ്പെടുത്തിയ തടസ്സം ഡിവിഷൻ ബെഞ്ച് സ്റ്റേ ചെയ്തതിനെത്തുടർന്ന് ചിത്രം തിയേറ്ററുകളിൽ എത്തുന്നതിലെ തടസ്സങ്ങൾ നീങ്ങിയിരുന്നു.
സിനിമയുടെ പേര് മാറ്റുന്നതിനൊപ്പം തന്നെ, ചിത്രത്തിൽ പറയുന്ന കാര്യങ്ങൾ വെറും സാങ്കൽപ്പിക കഥയാണെന്ന് സ്ക്രീനിൽ എഴുതിക്കാണിക്കണമെന്ന ആവശ്യവും ഹരജിക്കാർ ഉന്നയിച്ചിട്ടുണ്ട്. കേരളത്തെ മോശമായി ചിത്രീകരിക്കുന്നു എന്ന ആരോപണത്തെത്തുടർന്നാണ് സിനിമയുടെ പേരിനെതിരെ ഹരജി നൽകാൻ കാരണമായത്. ഈ ഹരജി വരും ദിവസങ്ങളിൽ കോടതി വിശദമായി പരിഗണിക്കും.