തന്റെ ആർത്തവം ഒരു 'നാഷണൽ ജോക്ക്' ആയി മാറ്റിയവർക്ക് കടുത്ത മറുപടിയുമായി അയേഷ ഖാൻ

രണ്ടുദിവസമായിരുന്നു ഷൂട്ടിങ്. പിടിപ്പത് പണിയുണ്ടായിരുന്നു. എന്റെ ആർത്തവദിനങ്ങളിലായിരുന്നു ഷൂട്ടിങ്.

Update: 2026-03-04 05:37 GMT

രൺവീർ സിംഗിനെ നായകനാക്കി ആദിത്യ ധർ സംവിധാനം ചെയ്ത 'ധുരന്ധർ' എന്ന ചിത്രം ആഗോളതലത്തിൽ 1300 കോടി രൂപയുടെ വമ്പൻ വിജയം സ്വന്തമാക്കി ബോക്സ് ഓഫീസിൽ തരംഗമായി മാറിയിരിക്കുകയാണ്. ചിത്രത്തിലെ ഗാനങ്ങളും സോഷ്യൽ മീഡിയയിൽ വലിയ രീതിയിൽ ശ്രദ്ധിക്കപ്പെട്ടിരുന്നു. പ്രത്യേകിച്ച്, ക്രിസ്റ്റൽ ഡിസൂസയും അയേഷ ഖാനും തകർപ്പൻ നൃത്തച്ചുവടുകളുമായെത്തിയ 'ഷരാരത്ത്' എന്ന ഗാനം വലിയ സ്വീകാര്യതയാണ് നേടിയത്. എന്നാൽ ഈ ഗാനത്തിന്റെ ചിത്രീകരണവുമായി ബന്ധപ്പെട്ട് നടി അയേഷ ഖാൻ നടത്തിയ വെളിപ്പെടുത്തലുകളും അതിനുപിന്നാലെ താരം നേരിടേണ്ടി വന്ന സൈബർ ആക്രമണങ്ങളുമാണ് ഇപ്പോൾ ചർച്ചയാകുന്നത്. ആർത്തവ ദിനങ്ങളിലെ കഠിനമായ ശാരീരിക ബുദ്ധിമുട്ടുകൾക്കിടയിലാണ് താൻ ഈ ഗാനരംഗത്തിൽ നൃത്തം ചെയ്തതെന്ന് അയേഷ വെളിപ്പെടുത്തിയിരുന്നു.

രണ്ട് ദിവസം നീണ്ടുനിന്ന ചിത്രീകരണ സമയത്ത് തന്റെ ശാരീരികാവസ്ഥ ഒട്ടും മെച്ചപ്പെട്ടതായിരുന്നില്ലെന്നും ആർത്തവം മൂലമുള്ള ക്ഷീണവും വീക്കവും തന്നെ വല്ലാതെ അലട്ടിയിരുന്നതായും നടി പറഞ്ഞു. കുറച്ചുകൂടി നല്ല ആരോഗ്യത്തോടെ ഇരുന്നിരുന്നെങ്കിൽ നൃത്തം ഇതിലും മികച്ചതാക്കാമായിരുന്നുവെന്ന തന്റെ സാധാരണമായ തുറന്നുപറച്ചിലിനെ സോഷ്യൽ മീഡിയ വലിയ രീതിയിൽ പരിഹസിച്ചുവെന്ന് അയേഷ വേദനയോടെ പങ്കുവെച്ചു. തന്റെ ആർത്തവം പെട്ടെന്നൊരു 'ദേശീയ തമാശയായി' മാറിയത് കണ്ട് താൻ ശരിക്കും പേടിച്ചുപോയെന്നും പരിഹസിച്ചവരിൽ ഭൂരിഭാഗവും പുരുഷന്മാരായിരുന്നുവെന്നും താരം കൂട്ടിച്ചേർത്തു. മോജോ സ്റ്റോറിയുടെ 'വിമൻ ഓഫ് ഇന്ത്യ' ഉച്ചകോടിയിൽ സംസാരിക്കവെയാണ് താരം ഈ ദുരനുഭവങ്ങൾ ഓർത്തെടുത്തത്.

എന്തിനെയും ഏതു നേരവും 'ഡാർക്ക് ഹ്യൂമർ' എന്ന പേരിൽ പരിഹസിക്കുന്ന പ്രവണത അത്ര രസകരമായ ഒന്നല്ലെന്ന് അയേഷ വിമർശിച്ചു. ആർത്തവമെന്നത് എല്ലാ മാസവും സ്ത്രീകൾ കടന്നുപോകുന്ന തികച്ചും സ്വാഭാവികമായ ഒരു പ്രക്രിയയാണ്. ആ സമയത്തും സ്ത്രീകൾ തങ്ങളുടെ ജോലിയിൽ മികവ് തെളിയിക്കുന്നുണ്ട്. തന്റെ വെളിപ്പെടുത്തലിൽ ലജ്ജിക്കേണ്ട ഒരു കാര്യവുമില്ലെന്നും താനൊരു അഭിമാനിയായ സ്ത്രീയാണെന്നും അയേഷ വ്യക്തമാക്കി. നമ്മുടെ ആൺമക്കളെയും സഹോദരന്മാരെയും ഇത്തരം കാര്യങ്ങളിൽ കൃത്യമായി ബോധവൽക്കരിക്കേണ്ടത് അനിവാര്യമാണെന്നും താരം ഓർമ്മിപ്പിച്ചു. ആർത്തവകാലത്തെ ശാരീരിക അസ്വസ്ഥതകൾക്കിടയിലും ജോലി ചെയ്യുന്ന സ്ത്രീകളുടെ കരുത്തിനെ താരം പ്രശംസിക്കുകയും ചെയ്തു.

ശശ്വന്ത് സച്ച്‌ദേവിന്റെ സംഗീതത്തിൽ മധുബന്തി ബാഗ്ച്ചിയും ജാസ്മിൻ സാൻഡ്ലാസും ചേർന്ന് പാടിയ 'ഷരാരത്ത്' എന്ന ഗാനം വിജയ് ഗാംഗുലിയാണ് നൃത്തസംവിധാനം ചെയ്തത്. ടെലിവിഷൻ പരമ്പരകളിലൂടെ അഭിനയരംഗത്തെത്തിയ അയേഷ ഖാൻ, ബിഗ് ബോസ് 17-ാം സീസണിലൂടെയാണ് കൂടുതൽ ജനശ്രദ്ധ നേടിയത്. തെലുങ്ക് സിനിമയിലൂടെ ബിഗ് സ്ക്രീനിൽ അരങ്ങേറ്റം കുറിച്ച താരം ഇന്ന് ബോളിവുഡിലെ ശ്രദ്ധേയമായ സാന്നിധ്യമായി മാറിക്കഴിഞ്ഞു

Similar News