തന്റെ വ്യക്തിപരമായ പ്രശ്‌നങ്ങൾ താൻ ഒറ്റയ്ക്ക് നേരിട്ടോളാമെന്ന് വിജയ്

ചെങ്കൽപേട്ടിൽ നടന്ന ടിവികെ വനിതാദിനാഘോഷത്തിലായിരുന്നു വിജയ്‌യുടെ പരോക്ഷപ്രതികരണം.

Update: 2026-03-08 05:04 GMT

ഭാര്യ സംഗീത സ്വർണ്ണലിംഗം നൽകിയ വിവാഹമോചന ഹർജിയുമായി ബന്ധപ്പെട്ട വാർത്തകളോട് പരോക്ഷമായി പ്രതികരിച്ച് തമിഴ് നടനും തമിഴക വെട്രി കഴകം (ടിവികെ) നേതാവുമായ വിജയ് രംഗത്തെത്തി. ചെങ്കൽപേട്ടിൽ നടന്ന ടിവികെ വനിതാദിനാഘോഷത്തിൽ സംസാരിക്കവെയാണ് താരം തന്റെ വ്യക്തിപരമായ പ്രതിസന്ധികളെക്കുറിച്ച് സൂചന നൽകിയത്. ആരാധകരും പാർട്ടി പ്രവർത്തകരും തന്റെ സ്വകാര്യ പ്രശ്നങ്ങളിൽ വിഷമിക്കേണ്ടതില്ലെന്നും അത്തരം കാര്യങ്ങൾ താൻ ഒറ്റയ്ക്ക് നേരിട്ടുകൊള്ളാമെന്നും അദ്ദേഹം വ്യക്തമാക്കി. "ചില പ്രശ്നങ്ങൾ നടക്കുന്നുണ്ട്, അതിൽ നിങ്ങൾ വിഷമിക്കുന്നതും പ്രതിരോധിക്കാൻ ശ്രമിക്കുന്നതും കാണുമ്പോൾ എനിക്ക് പ്രയാസമുണ്ട്. അതൊക്കെ ഞാൻ നോക്കിക്കൊള്ളാം. നമ്മൾ ഒരുമിച്ച് ജനങ്ങളുടെ പ്രശ്നങ്ങളാണ് ഏറ്റെടുക്കേണ്ടത്. ആത്മവിശ്വാസത്തോടെ ഇരിക്കുക, നല്ലതേ നടക്കൂ" എന്നായിരുന്നു വിജയ്‌യുടെ വാക്കുകൾ.

വിവാഹമോചനക്കേസിൽ സംഗീത കോടതിയിൽ സമർപ്പിച്ച പുതിയ ഹർജിയിലെ വിവരങ്ങൾ പുറത്തുവന്നതിന് പിന്നാലെയാണ് വിജയ്‌യുടെ ഈ പ്രതികരണം. വിവാഹമോചന നടപടികൾ പൂർത്തിയാകുന്നത് വരെ ഭർതൃഗൃഹത്തിൽ തുടരാൻ അനുവദിക്കണമെന്നാണ് സംഗീതയുടെ പുതിയ ആവശ്യം. വിജയ്ക്ക് മറ്റൊരു നടിയുമായി വിവാഹേതര ബന്ധമുണ്ടെന്ന് ആരോപിച്ചാണ് സംഗീത ചെങ്കൽപേട്ട് കോടതിയിൽ വിവാഹമോചന ഹർജി നൽകിയത്. രാഷ്ട്രീയ പ്രവേശനം പ്രഖ്യാപിച്ചതിന് പിന്നാലെ വിജയ്‌യുടെ കുടുംബജീവിതത്തെ സംബന്ധിച്ചുള്ള വാർത്തകൾ തമിഴ് രാഷ്ട്രീയത്തിലും സിനിമാ ലോകത്തും വലിയ ചർച്ചയായി മാറിയിരിക്കുകയാണ്.

Similar News