'ജനനായകൻ' റീ സെൻസറിങ് തിങ്കളാഴ്ച; ഉച്ചയ്ക്ക് രണ്ടിന് റിവൈസിങ് കമ്മിറ്റി ചിത്രം കാണും

സെൻസർ ബോർഡുമായുള്ള നിയമ പോരാട്ടങ്ങൾക്കൊടുവിൽ ‘ജനനായകൻ’ വൈകാതെ പ്രദർശനത്തിനെത്താനാണ് സാധ്യത

Update: 2026-03-08 05:28 GMT

നടൻ വിജയ്‌യുടെ അവസാന ചിത്രമെന്ന് കരുതപ്പെടുന്ന 'ജനനായകൻ' നേരിടുന്ന റിലീസ് പ്രതിസന്ധികൾക്ക് ഉടൻ പരിഹാരമായേക്കും. സെൻസർ ബോർഡുമായുള്ള ദീർഘനാളത്തെ നിയമപോരാട്ടങ്ങൾക്കൊടുവിൽ ചിത്രം മാർച്ച് ഒൻപതിന് റിവൈസിങ് കമ്മിറ്റിക്ക് മുന്നിൽ വീണ്ടും പ്രദർശിപ്പിക്കാൻ തീരുമാനമായി. ഉച്ചയ്ക്ക് രണ്ട് മണിക്കാണ് സെൻട്രൽ ബോർഡ് ഓഫ് ഫിലിം സർട്ടിഫിക്കേഷന്റെ പ്രത്യേക സമിതി സിനിമ കാണുക. കെ.വി.എൻ. പ്രൊഡക്ഷൻസിന്റെ ബാനറിൽ എച്ച്. വിനോദ് സംവിധാനം ചെയ്ത ഈ ചിത്രം ജനുവരി ഒൻപതിന് പൊങ്കൽ റിലീസായി തിയേറ്ററുകളിൽ എത്തേണ്ടതായിരുന്നു. എന്നാൽ സെൻസർ ബോർഡുമായുണ്ടായ സാങ്കേതികവും നിയമപരവുമായ തർക്കങ്ങൾ കാരണം റിലീസ് അനിശ്ചിതമായി നീണ്ടുപോവുകയായിരുന്നു.

രാഷ്ട്രീയ പ്രവേശനം പ്രഖ്യാപിച്ച വിജയ്‌യുടെ സിനിമാ ജീവിതത്തിലെ അവസാന ചിത്രമെന്ന നിലയിൽ വലിയ ആവേശത്തോടെയാണ് ആരാധകർ 'ജനനായകൻ' കാത്തിരിക്കുന്നത്. റിവൈസിങ് കമ്മിറ്റിയുടെ പ്രദർശനത്തിന് ശേഷം സെൻസർ സർട്ടിഫിക്കറ്റ് ലഭിക്കുന്നതോടെ ചിത്രം വൈകാതെ തന്നെ ആഗോളതലത്തിൽ പ്രദർശനത്തിനെത്തുമെന്നാണ് സിനിമാ ലോകത്തെ പ്രതീക്ഷ. തന്റെ രാഷ്ട്രീയ പാർട്ടിയായ തമിഴക വെട്രി കഴകത്തിന്റെ പ്രവർത്തനങ്ങളിൽ പൂർണ്ണമായി ശ്രദ്ധ കേന്ദ്രീകരിക്കുന്നതിന് മുന്നോടിയായി എത്തുന്ന ഈ ചിത്രം വിജയ്‌യുടെ കരിയറിലെ തന്നെ ഏറ്റവും പ്രധാനപ്പെട്ട ഒന്നായി മാറും.

Similar News