കാത്തിരിപ്പിന് വിരാമം ഒടുവിൽ ധ്രുവനച്ചത്തിരം തിയേറ്ററിലേക്ക്
2017 ൽ ഷൂട്ട് തുടങ്ങി പല പ്രതിസന്ധികളും തരണം ചെയ്ത് 2023 ൽ റിലീസിന് തയ്യാറെടുത്ത ചിത്രം പിന്നീട് തിയേറ്റർ റിലീസ് നടക്കാതെ പോകുകയും പെട്ടിയിൽ ആയി പോകുകയും ആയിരുന്നു;
ചെന്നൈ: ഗൗതം വാസുദേവ് മേനോൻ സംവിധാനം ചെയ്ത പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ആക്ഷൻ ചിത്രം 'ധ്രുവനച്ചത്തിരം' ഉടൻ തീയറ്ററുകളിൽ എത്തുമെന്ന് സൂചന. വിക്രം നായകനാകുന്ന ചിത്രവുമായി ബന്ധപ്പെട്ട എല്ലാ പ്രശ്നങ്ങളും ഏകദേശം പരിഹരിച്ചതായി സംവിധായകൻ അടുത്തിടെ ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ വെളിപ്പെടുത്തി. റിലീസ് സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം ഉടൻ ഉണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഒരു സ്പൈ ത്രില്ലർ വിഭാഗത്തിൽപ്പെടുന്ന ചിത്രമാണ് 'ധ്രുവനച്ചത്തിരം'. 11 അംഗങ്ങളുള്ള ഒരു അണ്ടർകവർ ഏജന്‍റ് സംഘത്തിന്‍റെ കഥയാണ് ചിത്രം പറയുന്നതെന്നാണ് ട്രെയിലർ നൽകുന്ന സൂചന. ചിത്രത്തിന്‍റെ നിർമ്മാണവും റിലീസും നിരവധി തവണ വൈകിയതിന്‍റെ ചരിത്രം ശ്രദ്ധേയമാണ്. 2013-ൽ സൂര്യയെ നായകനാക്കി ഗൗതം മേനോൻ ആദ്യം ആലോചിച്ച ഈ പ്രോജക്റ്റ് പിന്നീട് ഉപേക്ഷിച്ചു. 2015-ൽ പല താരങ്ങളെയും പരിഗണിച്ച ശേഷം വിക്രമിനെ നായകനായി ഉറപ്പിക്കുകയായിരുന്നു.ഗൗതം മേനോൻ തന്നെ നിർമ്മിച്ച ചിത്രം 2017-ൽ ചിത്രീകരണം ആരംഭിച്ചെങ്കിലും, സാമ്പത്തിക പ്രതിസന്ധികൾ കാരണം പലതവണ മുടങ്ങുകയും റിലീസ് വൈകുകയും ചെയ്തു. 2023-ൽ ചിത്രീകരണം പൂർത്തിയാക്കിയ ചിത്രം, അതേ വർഷം നവംബർ 24-ന് റിലീസ് ചെയ്യുമെന്ന് നിർമ്മാതാക്കൾ പ്രഖ്യാപിച്ചിരുന്നു. എന്നാൽ, റിലീസ് ഷെഡ്യൂൾ ചെയ്തതിന്‍റെ തലേദിവസം, തീർപ്പാക്കാത്ത സാമ്പത്തിക പ്രശ്നങ്ങൾ കാരണം ചിത്രം അനിശ്ചിതകാലത്തേക്ക് മാറ്റിവെക്കുകയായിരുന്നു. പിന്നീട് 2024 ഫെബ്രുവരിയിൽ റിലീസ് ചെയ്യാൻ ടീം ആലോചിച്ചെങ്കിലും അത് യാഥാർത്ഥ്യമായില്ല.
2025 ഫെബ്രുവരിയിൽ സംഗീത സംവിധായകൻ ഹാരിസ് ജയരാജ് 2025 ഏപ്രിലിൽ ചിത്രം റിലീസ് ചെയ്യുമെന്ന് പറഞ്ഞിരുന്നെങ്കിലും അതും നടന്നില്ല. ഇതിനിടെ, ഗൗതം വാസുദേവ് മേനോന്‍റെ മറ്റൊരു ചിത്രം, 'ജോഷ്വ: ഇമൈ പോൽ കാക്ക' 2024 മാർച്ചിൽ പുറത്തിറങ്ങിയിരുന്നു. ഈ ചിത്രം 'ധ്രുവനച്ചത്തിരം' യൂണിവേഴ്സിന്‍റെ ഭാഗമാണെന്ന് റിപ്പോർട്ടുകളുണ്ട്. 'യുദ്ധ കാണ്ഡം' എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്‍റെ ആദ്യ ഭാഗമാണ് ഇപ്പോൾ തിയറ്ററുകളിലെത്താൻ ഒരുങ്ങുന്നത്.
വിക്രമിനെ കൂടാതെ വിനായകൻ, ഋതു വർമ്മ, പാർഥിബൻ, സിമ്രാൻ, രാധിക ശരത്കുമാർ എന്നിവരും 'ധ്രുവനച്ചത്തിര'ത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു