നിയമ തടസം മാറി. ആഭ്യന്തര കുറ്റവാളി ഇനി തിയറ്ററുകളിൽ
ആസിഫ് അലി നായകനായ 'ആഭ്യന്തര കുറ്റവാളി' തിയേറ്ററിൽ പ്രദർശിപ്പിക്കാൻ സുപ്രീം കോടതിയുടെ അനുമതി. വലിയ നിയമപോരാട്ടങ്ങൾക്കൊടുവിലാണ് ചിത്രം തീയേറ്ററുകളിലെത്തുന്നത്. ചിത്രത്തിന്റെ പ്രദർശനം ഹൈക്കോടതി തടഞ്ഞു വച്ചിരിക്കുകയായിരുന്നു. കേരള ഹൈക്കോടതിയുടെ ആ ഉത്തരവ് സ്റ്റേ ചെയ്തു കൊണ്ടാണിപ്പോൾ സുപ്രീം കോടതി ഉത്തരവിറക്കിയത്.
ചിത്രത്തിന്റെ ആദ്യ നിർമാതാവുമായി ബന്ധപ്പെട്ട സാമ്പത്തിക ക്രമക്കേടുകൾ ചൂണ്ടിക്കാട്ടി നിർമാണ പങ്കാളികൾ ഇപ്പോഴത്തെ നിർമാതാവായ നൈസാം സലാമിനെതിരെ നൽകിയ പരാതിയെ തുടർന്നാണ് ഹൈക്കോടതി റിലീസ് തടഞ്ഞത്. ആരോപണം ഉന്നയിക്കുവർ തന്നോട് കാശ് നൽകി ഒഴിവാക്കാൻ ആവശ്യപ്പെട്ടു എന്നാണ് നൈസാം സലാം പറയുന്നത്. എന്നാൽ അവരുമായി യാതൊരു വിധ ഇടപാടുകളും നടത്തിയിട്ടില്ലെന്നും നൈസാം സലാം പറയുന്നു. വാങ്ങാത്ത കാശ് തിരികെ കൊടുക്കണമെന്ന് ആവശ്യപ്പെടുന്നത് ബ്ലാക്ക് മെയിലിങ് ആണെന്നാണ് അദ്ദേഹം വ്യക്തമാക്കിയത്. ചിത്രത്തിനെതിരെ ആരോപണവുമായി കോടതിയിൽ പോയ ആരുടേയും കൈയിൽ നിന്ന് 'ആഭ്യന്തര കുറ്റവാളി' നിർമ്മിക്കാൻ ഒരു തുകയും വാങ്ങിയിട്ടില്ലെന്നും നൈസാം സലാം പറഞ്ഞു.നൈസാം സലാമിന് വേണ്ടി അഡ്വ. ഉമാ ദേവി ,അഡ്വ : സുകേഷ് റോയ്, അഡ്വ. മീര മേനോൻ എന്നിവരാണ് ഹാജരായത്.
നൈസാം സലാം പ്രൊഡക്ഷൻ ബാനറിൽ നൈസാം സലാം നിർമ്മിച്ച ചിത്രത്തിന്റെ രചനയും സംവിധാനവും നിർവഹിച്ചിരിക്കുന്നത് സേതുനാഥ് പദ്‌മകുമാറാണ്.