ലോകത്തിന്റെ അഭിമാനമാണ് ഐ എഫ് എഫ് കെ: ഡോ. ദിവ്യ എസ് അയ്യര്‍
ഡെലിഗേറ്റ് കിറ്റ് വിതരണോദ്ഘാടനം നടന്നു;
തിരുവനന്തപുരം: കേരളത്തിന്റെയും ലോകത്തിന്റെയും അഭിമാനമാണ് കേരള അന്താരാഷ്ട്ര ചലച്ചിത്ര മേളയെന്ന് സാംസ്‌കാരിക വകുപ്പ് ഡയറക്ടര്‍ ഡോ. ദിവ്യ എസ്. അയ്യര്‍ പറഞ്ഞു. 30-ാമത് കേരള അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ ഡെലിഗേറ്റ് സെല്ലിന്റെ ഔദ്യോഗിക ഉദ്ഘാടനവും ഡെലിഗേറ്റ് കിറ്റുകളുടെ വിതരണോദ്ഘാടനവും ടാഗോര്‍ തിയേറ്ററില്‍ നിര്‍വഹിക്കുകയായിരുന്നു അവര്‍.
സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് ജേതാവും നടിയുമായ ലിജോമോള്‍ ജോസ് ഡോ. ദിവ്യ എസ്. അയ്യരില്‍ നിന്ന് ആദ്യ ഡെലിഗേറ്റ് കിറ്റ് ഏറ്റുവാങ്ങി.
ചലച്ചിത്രങ്ങള്‍ ഒരു പുസ്തകം പോലെയാണ്. എഴുത്തുകാരന്‍ എഴുതിക്കഴിയുമ്പോള്‍ പുസ്തകം അപൂര്‍ണ്ണമായിരിക്കും. അത് വായനക്കാരന്റെ ഹൃദയത്തില്‍ എത്തി പൂര്‍ണ്ണമാകുന്നതു പോലെയാണ് ഓരോ സിനിമയുമെന്ന് ദിവ്യ എസ് അയ്യര്‍ പറഞ്ഞു. നമ്മള്‍ ഒരുമിച്ച് സിനിമ കാണുമ്പോള്‍, നമ്മള്‍ അതില്‍ നിന്ന് ഉള്‍ക്കൊള്ളുന്നത് മറ്റൊരു സിനിമയാണ്. നമ്മളെ മാറ്റാന്‍ കഴിയുന്ന സിനിമകള്‍ നിര്‍മ്മിക്കാന്‍ മലയാളത്തിന് സാധിക്കുന്നു എന്നത് വിലമതിക്കാനാവാത്ത ഒന്നാണെന്നും ഡോ. ദിവ്യ എസ് അയ്യര്‍ പറഞ്ഞു.
തുടര്‍ന്ന് ചലച്ചിത്രതാരം ലിജോമോള്‍ ജോസ് 2013ല്‍ ഡെലിഗേറ്റായി ഐഎഫ് എഫ് കെയില്‍ പങ്കെടുത്ത അനുഭവം പങ്കുവച്ചു.
ചടങ്ങില്‍ ചലച്ചിത്ര അക്കാദമി വൈസ് ചെയര്‍പേഴ്‌സണ്‍ കുക്കു പരമേശ്വരന്‍ അധ്യക്ഷത വഹിച്ചു. ചലച്ചിത്ര അക്കാദമി സെക്രട്ടറി സി അജോയ്, കെഎസ്എഫ്ഡിസി ചെയര്‍മാന്‍ കെ മധു, സാംസ്‌കാരിക പ്രവര്‍ത്തക ക്ഷേമനിധി ബോര്‍ഡ് ചെയര്‍മാന്‍ മധുപാല്‍, അക്കാദമി ജനറല്‍ കൗണ്‍സില്‍ അംഗങ്ങളായ ബി രാകേഷ്, ജി എസ് വിജയന്‍, സുധീര്‍ കരമന, ഡെലിഗേറ്റ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ കെ ജി മോഹന്‍ കുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.