പ്രതിബന്ധങ്ങളെ അതിജീവിക്കാന്‍ കലാസൃഷ്ടികള്‍; താലിബാനെ തുറന്നു കാട്ടുന്നു സിനെമാ ജസീറാ

രൂക്ഷമായ ഏറ്റുമുട്ടലുകളിലൂടെ അഫ്ഗാനിസ്ഥാന്‍ താലിബാന്‍ പിടിച്ചടക്കുന്ന കാലഘട്ടമാണ് സിനെമാ ജസീറയുടേത്. മത രാഷ്ട്രത്തില്‍ സ്ത്രീകളുടെ സ്വാതന്ത്ര്യത്തിന്റെ പരിധിയാണ് സിനിമ ചര്‍ച്ച ചെയ്യുന്നത്.;

Update: 2025-12-14 12:30 GMT

അരാജകത്വവും അസ്ഥിര ഭരണവും അക്രമങ്ങളും സാധാരണക്കാരന്റെ ജീവിതത്തെ ഏതു തരത്തിലാണ് മാറ്റി മറിക്കുന്നുവെന്നതിന് ഉത്തമ ഉദാഹരണമാണ് ഗൊഡ്‌സെ കുറലിന്റെ തുര്‍ക്കി ചിത്രം സിനെമാ ജസീറാ. രൂക്ഷമായ ഏറ്റുമുട്ടലുകളിലൂടെ അഫ്ഗാനിസ്ഥാന്‍ താലിബാന്‍ പിടിച്ചടക്കുന്ന കാലഘട്ടമാണ് സിനെമാ ജസീറയുടേത്. മത രാഷ്ട്രത്തില്‍ സ്ത്രീകളുടെ സ്വാതന്ത്ര്യത്തിന്റെ പരിധിയാണ് സിനിമ ചര്‍ച്ച ചെയ്യുന്നത്. വിലക്കുകള്‍ക്കും വിലങ്ങുകള്‍ക്കുമിടയില്‍ സ്ത്രീകള്‍ക്കുള്ളത് സ്വന്തമായുള്ളത് സ്വപ്‌നങ്ങളും ചിന്തകളും മാത്രമാണെന്ന് തുര്‍ക്കി സംവിധായിക ഗൊസ്‌ദെ കുറല്‍ വിശ്വസിക്കുന്നു. ഇതാകട്ടെ പൂര്‍ണമാകാതെ, പ്രാവര്‍ത്തികമാകാതെ മനസില്‍ തന്നെ കുടിയിരിക്കുന്നു. എല്ലാം നഷ്ടപ്പെടുന്ന ഘട്ടത്തില്‍ ചിലര്‍ വിലക്കുകളെ വെല്ലുവിളിക്കാന്‍ ശ്രമിക്കും. അതിജീവനത്തിനായി പോരാടും. അത്തരത്തിലുള്ള ഒരു അതിജീവനത്തിന്റെ കഥയാണ് ഗൊസ്‌ദെയുടെ സിനെമാ ജസീറാ. സിനിമ നിര്‍മ്മിക്കാന്‍ സഹായവും പിന്തുണയും നല്‍കിയ തുര്‍ക്കി ഭരണം, സിനിമയുടെ പ്രിവ്യൂ കഴിഞ്ഞതോടെ എല്ലാ പിന്തുണയും പിന്‍വലിച്ചത് ലോക സിനിമാ രംഗത്ത് വലിയ ചര്‍ച്ചയായിരുന്നു. തുര്‍ക്കിയിലെ സംഭവങ്ങളല്ല, അഫ്ഗാനിലെ സംഭവങ്ങളാണെന്ന് വിശദീകരിച്ചിട്ടും സിനിമയെ പിന്തുണയ്ക്കാന്‍ തുര്‍ക്കി അന്ന് തയ്യാറായില്ല. ഈ ഘട്ടത്തിലാണ് ലോക സിനിമാ പ്രേമികള്‍ സിനിമാ ജെസീറാ ഏറ്റെടുത്തത്.




 

അഫ്ഗാനില്‍ താലിബാന്‍ നടത്തിയ കടന്നു കയറ്റത്തിന്റെ ഭാഗമായുള്ള കടന്നാക്രമണത്തില്‍ ഭര്‍ത്താവ് കൊല്ലപ്പെട്ട ലൈല കാണാതായ മകനെ കണ്ടെത്താന്‍ നടത്തുന്ന സാഹസിക യാത്രയാണ് സിനിമ. അഫ്ഗാനിലെ സ്ത്രീകള്‍ക്ക് പുറത്തിറങ്ങുന്നതിന് സമയ പരിധി നിശ്ചയിച്ചിട്ടുണ്ട്.യാത്ര ചെയ്യുന്നതിന് ദൂര പരിധിയും. എന്നാല്‍ മകന് വേണ്ടിയുള്ള അന്വേഷണത്തിന് തയ്യാറെടുക്കുന്ന ലൈലയ്ക്ക് ഈ നിബന്ധനകള്‍ അംഗീകരിക്കാന്‍ കഴിയുന്നില്ല. ചാരക്കണ്ണുകളില്‍ നിന്നും രക്ഷ നേടാന്‍ കാണാതായ ഭര്‍ത്താവിന്റെ ശവക്കല്ലറ കണ്ടെത്തുന്നു ലൈല. മൃതദേഹത്തില്‍ നിന്നും അയാളുടെ താടി രോമങ്ങള്‍ മുറിച്ചെടുക്കുന്നു. അയാളുടെ വസ്ത്രങ്ങളും ശേഖരിച്ച ശേഷം താടി രോമങ്ങള്‍ മുഖത്തൊട്ടിച്ച് ഭര്‍ത്താവിന്റെ വേഷവും അണിഞ്ഞാണ് കാവല്‍ക്കാരെയും ചാരന്മാരെയും ലൈല പറ്റിക്കുന്നത്. പിന്നീട് മകനെ തേടിയുള്ള യാത്രയിലാണ് അഫ്ഗാന്റെ അന്നത്തെ രാഷ്ട്രീയ സാമൂഹ്യ പശ്ചാത്തലം അനാവരണം ചെയ്യുന്നത്. സ്വവര്‍ഗ രതി മാത്രമല്ല അതിനായുള്ള വില്‍പ്പനയും കള്ളക്കടത്തുമൊക്കെ നേരിട്ട് കാണിച്ചു തരാന്‍ ഗൊസ്‌ദെ തയ്യാറാകുന്നു. ഈ ദൃശ്യങ്ങളാണ് തുര്‍ക്കി സര്‍ക്കാരിനെ പ്രകോപിച്ചത് എന്ന് വേണം കരുതാന്‍.




 

തീര്‍ത്തും അണ്‍ പ്രൊഫഷണല്‍ ചിത്രീകരണം തന്നെയാണ് സിനിമയുടെ ഹൈലൈറ്റ്. ലൈലയ്‌ക്കൊപ്പം ക്യാമറയും നടക്കുകയാണ്. ആ സീനുകള്‍ സിനിമയ്ക്ക് അഭൂതപൂര്‍വ്വമായ സൗന്ദര്യം പ്രധാനം ചെയ്യുന്നു. പ്രമേയത്തിന് അനുസൃതമായ വിഷ്വലുകളാണ് പ്രേക്ഷകനെ സിനിമയോട് കൂടുതല്‍ അടുപ്പിക്കുന്നത്. താലിബാന്റെ ഇരുമ്പുമറ ഭേദിച്ചും കലാസൃഷ്ടികള്‍ അഫ്ഗാനിസ്ഥാനില്‍ എത്തിയിരുന്നുവെന്ന് സ്ഥാപിക്കാനും ഗൊസ്‌ദെ ശ്രമിക്കുന്നുണ്ട്. ജെയിംസ് കാമറൂണിന്റെ ടൈറ്റാനിക് സിനിമയുടെ വ്യാജ വിഡൊയോ കാസറ്റ് വാങ്ങുന്നത് സിനിമയില്‍ ചേര്‍ത്തത് തന്നെ എത്ര വലിയ പ്രതിബന്ധങ്ങള്‍ സൃഷ്ടിച്ചാലും കലയെയും കലാരൂപങ്ങളെയും ഇല്ലാതാക്കാനോ മറച്ചു വയ്ക്കാനോ കഴിയില്ലെന്ന് സ്ഥാപിക്കാനാണ്. മനോഹരമായ ഫ്രെയിമുകളൊന്നുമില്ല. ഭൂരിഭാഗം ഫ്രെയിമുകളും പ്രൊഫഷണലുമല്ല. എങ്കിലും സിനിമയ്ക്ക് ഒരു പ്രത്യേക സൗന്ദര്യമുണ്ട്. അതൊരു പക്ഷെ പോരാട്ടത്തിന്റെ കഥ പറയുന്നത് കെണ്ടായിരിക്കണം. അന്താരാഷ്ട്ര മത്സര വിഭാഗത്തിലെ ഏറ്റവും ശക്തമായ സാനിദ്ധ്യമാണ് സിനെമാ ജസീറാ.

ഇനിയും കാണാം

16 - അജന്ത ഉച്ചയ്ക്ക് 12.30

18 - ടാഗോര്‍ രാവിലെ 9.00

Gözde Kural (Turkey)
Reza Akhlaghirad, Meysa Damanzeh, Fereshteh Hosseini
Posted By on14 Dec 2025 6:00 PM IST
ratings
Tags:    

Similar News