മനസ് ദഹിപ്പിക്കുന്ന ചുടലത്തീയായി മാറിയ പൈര്‍
ചലച്ചിത്ര മേളയുടെ വേദനയായി പദംസിംഗും തുല്‍സിയും;
ഹിമാലയത്തിലെ മഞ്ഞു പോലെ തണുത്ത മനസുകളില്‍ ശരീരം ദഹിപ്പിക്കുന്ന ചിതയുടെ ചൂട് പകര്‍ന്ന് പ്രേക്ഷകന്റെ ചിന്തകളെ സ്വന്തം മാതാപിതാക്കളിലേയ്ക്കും സ്വന്തം നാടുകളിലേയ്ക്കും തിരിച്ചു വിടുന്നു വിനോദ് കാപ്രിയുടെ പൈര്‍. മനം മനയക്കുന്ന സൗന്ദര്യമാണ് ഹിമാലയത്തിന്. ചിലര്‍ക്ക് അവരുടെ ഭക്തി സാക്ഷാത്ക്കാരത്തിന്റെ മോക്ഷ സ്ഥാനവും. എന്നാല്‍ ഇതൊന്നുമല്ലാത്ത ഒരു ഹിമാലയമുണ്ട്. വന്യമായ വേദന മാത്രം നല്‍കുന്ന മടുപ്പിക്കുന്ന ഏകാന്തത. അവിടെ മകന് വേണ്ടി കാത്തിരിക്കുന്ന പദം സിംഗിനെയും തുല്‍സിയെയും പ്രതിഷ്ഠിച്ചിരിക്കുകയാണ് വിനോദ് കാപ്രിയെന്ന സംവിധായകന്‍. പ്രതീക്ഷ പങ്കുവച്ച് അവരുടെ ജീവിതത്തിന്റെ അവസാന നാളുകളെ നേരിടുകയാണ്. പ്രദേശമാകെ പടര്‍ന്നു കിടക്കുന്ന മഞ്ഞില്‍ നിന്നും അവരുടെവേദനകളെയും വേര്‍തിരിച്ചെടുക്കാന്‍ പ്രേക്ഷകന് കഴിയാത്ത മാനസിക അവസ്ഥയില്‍ എത്തിക്കുകയാണ് പൈറില്‍ വിനോദ് കാപ്രി. ഇത് ഒരു കഥ പറയുന്ന സിനിമയല്ല. ഒരു ജീവിതാവസ്ഥയെ അനുഭവിപ്പിക്കുന്ന സിനിമയാണ്.
സ്‌ക്രീനില്‍ പദം സിംഗും തുല്‍സിയും പ്രതികരണങ്ങളിലൂടെ മുന്നേറുമ്പോള്‍ പ്രേക്ഷകന്‍ അവര്‍ക്കൊപ്പം ആ താഴ് വരയിലൂടെ സഞ്ചരിക്കുന്നു. വരാനിടയില്ലാത്ത മകന്‍ അവരെ തേടിയെത്തുമെന്ന് അവര്‍ പ്രതീക്ഷിക്കുന്നു. വന്നെങ്കില്‍ എന്ന് ആത്മാര്‍ത്ഥമായി ആഗ്രഹിക്കുകയും ചെയ്യുന്നു. അത്തരമൊരു അവസ്ഥ സൃഷ്ടിക്കാന്‍ വിനോദ് കാപ്രിക്ക് കഴിയുന്നു. ജീവിതത്തിന്റെ വിവിധ ഭാവങ്ങളെ പ്രകൃതിയുടെ ശബ്ദങ്ങളിലൂടെ തന്നെയാണ് പകര്‍ത്തി വയ്ക്കുന്നത്. ഹിമാലയത്തിന്റെ വന്യമായ സൗന്ദര്യം പ്രേക്ഷകന് മുന്നിലേയ്ക്കിട്ട് കൊടുത്ത് മന്ദമാരുതനായി തഴുകി പദംസിംഗിലൂടെയും തുല്‍സിയിലൂടെയും സിനിമ മുന്നേറുമ്പോള്‍ ആശ്വാസം പതുക്കെ നിശ്വാസത്തിന് വഴിമാറും. നിശ്വാസം നിരാശയായി മാറാന്‍ അധികം സമയം വേണ്ട. അത് തിരിച്ചറിയുന്നതിന് മുമ്പ് പ്രേക്ഷകന്‍ സിനിമയുടെ ഭാഗമായി മാറി കഴിയും. തിരിച്ചിറങ്ങാന്‍ കഴിയാത്ത തരത്തില്‍ കഥയ്ക്കും കഥാപത്രത്തിനും ഇടയ്ക്കായിരിക്കും അപ്പോള്‍ പ്രേക്ഷകന്‍. തിയറ്റര്‍ വിട്ടു പോകുമ്പോഴും പദംസിംഗും തുല്‍സിയും പ്രേക്ഷകനില്‍ നിന്നും അടര്‍ന്നു പോകുന്നില്ല. ഒപ്പം തന്നെ സഞ്ചരിക്കും. സ്വന്തം മാതാപിതാക്കളെയും സ്വന്തം നാടിനെയും ഓര്‍ത്ത് ഒരു നിമിഷം അവരുടെ കണ്ണു നിറയുകയും ചെയ്യുമെന്നതില്‍ തര്‍ക്കമുണ്ടാകില്ല.
30 വര്‍ഷമായി ഒരു മകനെ കാത്തിരിക്കുകയാണ് ഈ വൃദ്ധ ദമ്പതികള്‍. ഒരിക്കല്‍ വന്ന കത്തിലാണ് ഇവരുടെ പ്രതീക്ഷ. ആ പ്രതീക്ഷയാണ് ഇവരെ ജീവിക്കാന്‍ പ്രേരിപ്പിക്കുന്നത്. കാത്തിരിപ്പിനിടയില്‍ ഗ്രാമത്തിലെ ഓരോ കുടുംബവും സുരക്ഷിത സ്ഥാനങ്ങളിലേയ്ക്ക് മാറി പോകുന്നു. പതിയെ എല്ലാവരും ഒഴിയുന്നു. പ്രതീക്ഷ കൈവിടാതെ അപ്പോഴും അവിടെ തുടരുന്നത് വൃദ്ധ ദമ്പതികളും അവര്‍ക്ക് കൂട്ടായി പ്രേക്ഷകരും മാത്രമായിരിക്കും. ഒടുവില്‍ സ്വയം ഒരുക്കിയ ചിതയിലേയ്ക്ക് അയാള്‍ നടന്ന് കയറുമ്പോള്‍ ഒന്നും ചെയ്യാനാകാതെ നിസംഗരായിരിക്കുന്ന പ്രേക്ഷക മനസുകളില്‍ ഉയരുന്ന ഒരു പിടി ചോദ്യങ്ങള്‍ ചുടലത്തീയുടെ തീവ്രമായ ചൂട് പകര്‍ത്തി പൊള്ളിച്ചു കൊണ്ടേയിരിക്കും. കുളിര്‍ക്കാറ്റായി തുടങ്ങി എല്ലാം നശിപ്പിക്കുന്ന കൊടുങ്കാറ്റായാണ് പൈര്‍ അവസാനിപ്പിക്കുന്നത്. പ്രേക്ഷകനെ വേദനയുടെ കയത്തിലേയ്ക്ക് സംവിധായകന്‍ തള്ളിയിടുന്നില്ല. അവര്‍ സ്വയം ചെന്നു വീഴുകയാണ്. പ്രൊഫഷണലായ അഭിനേതാക്കളെ ഒഴിവാക്കിയ വിനോദ് കാപ്രി, ഗ്രാമവാസികളെ അഭിനേതാക്കളാക്കിയപ്പോള്‍ അഭിനയിക്കുകയായിരുന്നില്ല, ജീവിക്കുകയായിരുന്നു അവര്‍. കാപ്രിയുടെ തീരുമാനം പ്രേക്ഷകനും കൈയടിച്ചാണ് സ്വീകരിച്ചത്. പതിഞ്ഞ താളവും തെളിവാര്‍ന്ന നാടന്‍ സംഗീതവും നാടന്‍ പാട്ടും പ്രകൃതിയുടെ ഈണങ്ങളും പൈറിനെ ആസ്വാദനത്തിന്റെ മികച്ച തലത്തിലേയ്ക്ക് ഉയര്‍ത്തുന്നു.