ആരെ വെറുക്കും, ആര്‍ക്കൊപ്പം നില്‍ക്കും...
പ്രേക്ഷകനെ ത്രില്ലടിപ്പിച്ച് കണ്‍ഫ്യൂഷനാക്കി ബൂഗോണിയോ;
നമുക്ക് അംഗീകരിക്കാന്‍ കഴിയാത്തവരോടും നമ്മള്‍ വെറുക്കുന്നവരോടും ആത്മബന്ധം സൃഷ്ടിക്കാനുള്ള പ്രേരണ നമ്മളില്‍ കടത്തി വിടാന്‍ സിനിമയ്ക്ക് അപൂര്‍വ്വമായ കഴിവുണ്ട്. വെറുപ്പിക്കുന്നവരെ വെറുക്കാന്‍ തോന്നിപ്പിക്കാതിരിക്കാനും. അറപ്പുളവാക്കുന്നവരോട് അടുപ്പം തോന്നിപ്പിക്കുകയും ചെയ്യുന്ന മാനസിക അവസ്ഥ സൃഷ്ടിക്കാന്‍ മികച്ച സംവിധായകര്‍ക്ക് കഴിയും. തുര്‍ക്കി സംവിധായകന്‍ യോര്‍ഗോസ് ലാന്തിമോസിന്റെ കൈവശം ഇത്തരമൊരു മാജിക്കുണ്ട്. ബുഗോണിയ എന്ന സിനിമയില്‍ ഈ മാജിക് വാരി വിതറിയിട്ടുമുണ്ട്. ആദ്യ നിമിഷങ്ങള്‍ പിന്നിടുമ്പോള്‍ തന്നെ കഥാപാത്രങ്ങളില്‍ ആരെയാണ് കൂടുതല്‍ വെറുക്കേണ്ടതെന്ന ചിന്തയിലായിരിക്കും സിനിമ കാണുക. ഓരോരുത്തരെയും വെറുക്കാനും വെറുക്കാതിരിക്കാനുമുള്ള കാരണങ്ങളെ കുറിച്ചായിരിക്കും സിനിമ കണ്ടുകൊണ്ടിരിക്കുന്നവര്‍ ചിന്തിക്കുക.
ആധുനിക കോര്‍പ്പറേറ്റ് ലോകത്തിന്റെ പ്രതീകമായ മിഷേല്‍ ഫുള്ളര്‍ എല്ലാവിധ കോര്‍പ്പറേറ്റ് തന്ത്രങ്ങളും വിദഗ്ദ്ധമായി ഉപയോഗിക്കുന്ന സിഇഒയാണ്. മനുഷ്യത്വം, വൈവിധ്യം, സ്വാതന്ത്ര്യം, സുതാര്യത തുടങ്ങിയ വാക്കുകള്‍ അവസരത്തിനൊത്ത് കൃത്യമായി ഉപയോഗിക്കുന്നു. കപടത മറച്ചു പിടിക്കുന്നതാണ് അവരുടെ ഓരോ വാചകവും. ആത്മാര്‍ത്ഥത ഇതിലുണ്ടെന്ന് ആരും വിശ്വസിക്കും. കരുതലുള്ള കമ്പനിയാണ് ഞങ്ങളുടേത് എന്നാണ് ഇവര്‍ എപ്പോഴും പറയുന്നത്.
ആദ്യകാലത്ത് ലാഭം മാത്രമാണ് ലക്ഷ്യം എന്ന് പറഞ്ഞിരുന്ന വന്‍കിട കോര്‍പ്പറേറ്റ് കമ്പനികള്‍ പരിഷ്‌കരിച്ച വാചകമാണിത്. സ്വഭാവവും. ആത്മാര്‍ത്ഥതയും സ്‌നേഹവുമുള്ള വ്യക്തിയാണ് മിഷേല്‍ എന്ന് സിനിമയില്‍ സ്ഥാപിക്കുമ്പോഴും അവരില്‍ കപടതയുണ്ടെന്ന് പ്രേക്ഷകനെ നേരിട്ടല്ലാതെ ബോദ്ധ്യപ്പെടുത്തുകയും ചെയ്യുന്നുണ്ട്. തന്റെ കഥാപാത്രങ്ങളുടെ യഥാര്‍ത്ഥ സ്വഭാവം പ്രേക്ഷകന് ബോധ്യം വേണമെന്ന് നിര്‍ബന്ധമുണ്ട് യോര്‍ഗോസ് ലാന്തിമോസിന്.
നഗരാതിര്‍ത്തിയില്‍ ശോചനീയമായ സാഹചര്യത്തില്‍ താമസിക്കുന്ന ടെഡിയോട് പ്രേക്ഷകന് അനുകമ്പ തോന്നും. ടെഡിയുടെ സ്വഭാവം കൂടുതല്‍ പ്രകടമാക്കുമ്പോള്‍ എന്തിനാണ് ഇയാളോട് അനുകമ്പ തോന്നിയതെന്ന് പ്രേക്ഷകന്‍ സ്വയം ചോദിക്കും. എന്നാല്‍ അവന്റെ പ്രവര്‍ത്തികളെ പൂര്‍ണമായും തെറ്റാണെന്ന് പറയാനും കഴിയില്ല. ഇതാണ് സംവിധായകന്റെ മാജിക്. ടെഡി മാനസിക വെല്ലുവിളി ( ഓട്ടിസം ) നേരിടുന്ന ബന്ധു ഡോണിയെയാണ് തന്റെ പ്രവര്‍ത്തികള്‍ക്ക് ഒപ്പം കൂട്ടുന്നത്. ടെഡിയുടെ അമ്മ കോര്‍പ്പറേറ്റ് കമ്പനിയുടെ മരുന്ന് പരീക്ഷണത്തിന് വിധേയ ആയി കോമ സ്‌റ്റേജിലാണ്. അതിനുള്ള പ്രതികാരം ചെയ്യുകയെന്നതാണ് ടെഡിയുടെ ലക്ഷ്യം. അതിനായി അവന്‍ മിഷേലിനെ തട്ടിക്കൊണ്ടു വരുന്നു. മിഷേല്‍ അന്യ ഗ്രഹത്തില്‍ നിന്നു വന്ന ഏലിയനാണെന്ന് അവന്‍ വിശ്വസിക്കുന്നു. ഡോണിയെയും ഇത് ബോദ്ധ്യപ്പെടുത്തുന്നു. മിഷേലിലൂടെ അവരുടെ രാജാവിനെ സമീപിക്കാമെന്നും രാജാവിനെ കൊണ്ട് ഭൂമിയിലെ കെടുതികള്‍ക്ക് അറുതി വരുത്താമെന്നുമാണ് ടെഡിയുടെ വിശ്വാസം. അതാകട്ടെ അവന്റെ പ്രതികാരം തീര്‍ക്കുന്നതിനായി മറ്റുള്ളവരെ വിശ്വസിപ്പിക്കാനുള്ള തന്ത്രമാണെന്ന് പ്രേക്ഷകന്‍ കരുതും.
പിന്നീട് തട്ടികൊണ്ടു വന്നതിന് ശേഷമുള്ള സീനുകള്‍ തീര്‍ത്തും മികച്ച ത്രില്ലര്‍ സിനിമകളുടേതിനു തുല്യമാണ്. ശ്വാസമടക്കിപിടിച്ച് തന്നെ കാണേണ്ടി വരും. മിഷേല്‍ ഏലിയനാണെന്ന് സമ്മതിക്കണമെന്ന് ടെഡി ആവശ്യപ്പെടുന്നു. നിഷേധിക്കുമ്പോള്‍ പീഡിപ്പിക്കുന്നു. ഒടുവില്‍ മിഷേല്‍ ഏലിയനാണെന്നും ടെഡിയുടെ ആവശ്യം പരിഗണിക്കാമെന്നും ഉറപ്പു നല്‍കുന്നു. ഇതിന് ശേഷം അതി നാടകീയതയിലേയ്ക്കാണ് സിനിമ നീങ്ങുന്നത്. ഒടുവില്‍ മിഷേല്‍ ഏലിയാനാണെന്ന് പ്രേക്ഷകന് ബോദ്ധ്യപ്പെടും. അവസാന സീനുകള്‍ കൂടുതല്‍ ചിന്തകള്‍ക്ക് വഴി മരുന്നിടുകയും ചെയ്യും. പ്രശസ്ത കൊറിയന്‍ സംവിധായകനായ ജാങ് ജുങ് ഹ്വാനിന്റെ 2003 ലെ കൊറിയന്‍ ചിത്രമായ സേവ് ദ ഗ്രീന്‍ പ്ലാനറ്റില്‍ നിന്നാണ് ബുഗോണിയ സൃഷ്ടിച്ചിരിക്കുന്നത്. സ്വതന്ത്രമായ പുനര്‍ നിര്‍മ്മാണമാണ്. മികച്ച ദൃശ്യങ്ങളുടെ മനോഹരമായ കൊളാഷാണ് ബുഗോണിയ. പ്രേക്ഷകനെ ഒരു നിമിഷം പോലും സ്വതന്ത്രമായി വിടാതെ പരമാവധി എന്‍ഗേജ് ചെയ്യിക്കുകയാണ് സിനിമ ആദ്യാവസാനം. 30-ാം കേരള രാജ്യാന്തര ചലച്ചിത്ര മേളയില്‍ മികച്ച സിനിമകളുടെ കൂട്ടത്തില്‍ ബൂഗോണിയയെയും പെടുത്താം.