നെല്‍സണ്‍ എന്ന ചെറുപ്പക്കാരന്‍ വില്ലനോ? നായകനോ? കിസിങ് ബഗിന്റെ സംവിധായകന്‍ ലൂയിസ് സാറാ ക്വിന്‍ സിനിമയില്‍ ഉത്തരം നല്‍കില്ല. കണ്ടിരിക്കുന്ന പ്രേക്ഷകന്‍ തീരുമാനിക്കണം നെല്‍സന്റെ അസ്ഥിത്വം. ലാറ്റിന്‍ അമേരിക്കയില്‍ അര്‍ജന്റീനയുടെ അതിര്‍ത്തി പ്രദേശത്തെ സാധാരണ വിദ്യാര്‍ത്ഥിയാണ് നെല്‍സണ്‍. സാമൂഹ്യ സാഹചര്യങ്ങള്‍ അവനെ കള്ളക്കടത്തുകാരനാക്കുന്നു. പൊലീസ് പിടിയിലാകുന്ന അവന് തുടര്‍ന്ന് സ്വതന്ത്രനായി ജീവിക്കണമെങ്കില്‍ അവരുടെ ഏജന്റാകണം. പക്ഷെ സ്വാതന്ത്ര്യത്തിന്റെ പരിധികള്‍ നിശ്ചയിക്കുന്നത് പൊലീസായിരിക്കും. അവര്‍ക്ക് വേണ്ടി അവന്‍ ഏറ്റെടുക്കുന്നത് അപകടകരമായ ദൗത്യം തന്നെയാണ്. മാഫിയാ നേതാവിന്റെ കുടുംബത്തിലേയ്ക്കാണ് അവന്‍ വരുന്നത്. വിവരങ്ങള്‍ ചോര്‍ത്തി നല്‍കലാണ് ദൗത്യം. എന്നാല്‍ അവിടെ രൂപപ്പെടുന്ന ബന്ധങ്ങള്‍ അവനെ ആശയ കുഴപ്പത്തിലാക്കുന്നു.
ജീവിക്കണം, ജീവിക്കണമെങ്കില്‍ പൊലീസിനെ സഹായിക്കണം. പൊലീസിനെ സഹായിച്ചാല്‍ മനസാക്ഷിയെ വഞ്ചിക്കലാകും. ഈ കടുത്ത മാനസിക സംഘര്‍ഷങ്ങള്‍ രൂപപ്പെടുമ്പോഴാണ് സിനിമ വില്ലനായി വരുന്ന നെല്‍സണ്‍ നായകനാകുന്നത്. സംഭാഷണങ്ങളുടെ അതിപ്രസരങ്ങളൊന്നുമില്ല. അഭിനയത്തിന്റെ സാദ്ധ്യതകളാണ് ലൂയിസ് സാറാ ക്വിന്‍ മുതലെടുക്കുന്നത്. അതിനൊത്ത് മികച്ച അഭിനേതാക്കള്‍ അവരുടെ മികച്ച പ്രകടനവും പുറത്തെടുക്കുന്നു. കഥാപാത്രങ്ങളെ പിന്തുടരാന്‍ സംവിധായകന് തീരെ താല്‍പ്പര്യമില്ലാത്തത് പോലെ തോന്നിപ്പിക്കും സിനിമ. എന്നാല്‍ കഥാപാത്രങ്ങളുടെ പരിസങ്ങളിലൂടെ മുന്നേറുന്ന സിനിമയെ പ്രേക്ഷകന്‍ ആകാംഷയോടെ പിന്തുടരും. ട്വിസ്റ്റുകള്‍ പ്രതീക്ഷിക്കും പ്രേക്ഷകന്‍.
എന്നാല്‍ അതിഭാവുകത്വമൊന്നുമില്ലാതെ സിനിമ വളരെ സാവധാനം പൂര്‍ത്തിയാകും. പരിമതമായ സംഗീതം ദൃശ്യഭാഷയ്ക്ക് കൂടുതല്‍ സൗന്ദര്യം നല്‍കുന്നു. സിനിമയ്ക്കായി ഷോട്ടുകള്‍ തെരഞ്ഞെടുക്കുന്നതില്‍ ലൂയിസ് ഏറെ ഹോം വര്‍ക്ക് ചെയ്തിരിക്കാം. കാരണം ഈ ഷോട്ടുകളാണ് പ്രേക്ഷകനുമായി സംവദിക്കുന്നത്. ഒരു ക്രൈം സ്റ്റോറിയാണെന്ന ധാരണ തുടക്കത്തില്‍ നല്‍കുന്നുണ്ടെങ്കിലും പിന്നീട് സാമൂഹ്യ വിമര്‍ശനമാണ് ലൂയിസിന്റെ ഉദ്ദേശമെന്ന് വ്യക്തമാകും. മൂന്നാം പ്രദര്‍ശനത്തിലും കൈയടികളോടെയാണ് നെല്‍സണും ലൂയിസ് സാറാക്വിനിനും കേരള രാജ്യാന്തര ചലച്ചിത്ര മേള വിട നല്‍കുന്നത്.
ജോഗ്ജ - നെറ്റ് പാക് ഏഷ്യന്‍ അന്താരാഷ്ട്ര ചലച്ചിത്ര മേളയില്‍ നിരൂപക പ്രശംസ നേടിയ ശേഷമാണ് നവാഗതനായ രവിശങ്കര്‍ കൗശിക് സംവിധാനം ചെയ്ത ഫ്‌ളെയിംസ് കേരള മേളയില്‍ എത്തിയത്. ഹരിയാനയിലെ ഗ്രാമപ്രദേശത്ത് അനാഥത്വത്തിലേയ്ക്ക് വീണുപോകുന്ന കുടുംബത്തിന്റെ തീവ്രാനുഭവങ്ങളാണ് വൈകാരികമായി ഫ്‌ളെയിംസ് പറയുന്നത്. കേരള മേളയിലും മികച്ച പ്രതികരണമാണ് ഫ്‌ളെയിംസ് നേടിയത്. 2024-ലെ എന്‍എഫ്ഡിസി ഫിലിം ബസാറില്‍ നിരൂപക പ്രശംസ നേടിയതിനൊപ്പം അവാര്‍ഡ് ലഭിക്കുകയും ചെയ്ത ചിത്രമാണ് ഫ്‌ളെയിംസ്. കൂടാതെ സിയാറ്റിലിലെ തസ്വീര്‍ ഫിലിം മാര്‍ക്കറ്റില്‍ വര്‍ക്ക്-ഇന്‍-പ്രോഗ്രസ് ഫൈനലിസ്റ്റും ആയിരുന്നു ചിത്രം.