മുറിവുകള്‍ കൊണ്ട് മുറിപ്പെടുത്തുന്ന യെന്‍ ആന്‍ഡ് ഐയ് ലീ
ആദ്യ ഷോട്ടില്‍ സിനിമയുടെ ശൈലി പ്രേക്ഷകനെ ബോദ്ധ്യപ്പെടുത്താനും കഴിഞ്ഞിട്ടുണ്ട്. ഒഴിഞ്ഞ തെരുവും അനന്തതയില്‍ കേള്‍ക്കുന്ന ശബ്ദങ്ങളും ഫ്രെയിമിലേയ്ക്ക് കയറി വരുന്ന സൈക്കിളും രക്തത്തില്‍ കുളിച്ച് കത്തിയുമായി പ്രേക്ഷകനെ ഭയപ്പാടോടെ നോക്കി നില്‍ക്കുന്ന സ്ത്രീയും സിനിമയുടെ മുന്നോട്ടുള്ള പ്രയാണത്തിന്റെ സൂചനകള്‍ നല്‍കുന്നുണ്ട്.;
ജീവിച്ചിരിക്കുന്നുവെന്നതിന്റെ തെളിവുകളാണ് മുറിവുകള്‍...നോബല്‍ സമ്മാന ജേതാവായ അമേരിക്കന്‍ സാഹിത്യകാരന്‍ ജോണ്‍ സ്‌റ്റൈന്‍ ബൈക്കിന്റെ പ്രശസ്തമായ ഈ വാചകങ്ങളാണ് ടോം ഷു യു ലിനിന്റെ യെന്‍ ആന്‍ഡ് ഐയ് ലീ എന്ന ചിത്രത്തിന് ഏറ്റവും യോജിച്ച പരസ്യവാചകം. കുടുംബ ബന്ധങ്ങളിലുണ്ടാകുന്ന മുറികള്‍ ജീവിതത്തെ മാറ്റി മറിക്കുന്നത് എങ്ങനെയെന്ന് നിശബ്ദമായി ചര്‍ച്ച ചെയ്യുകയാണ് ചുരുക്കം കഥാപാത്രങ്ങളിലൂടെ ഈ സിനിമ. ബ്ലാക്ക് ആന്‍ഡ് വൈറ്റ് സങ്കേതം സ്വീകരിച്ചത് തന്നെ പ്രമേയത്തിന്റെ ഗൗരവ്വം കൈവിട്ട് പോകാതിരിക്കാനായിരിക്കുമെന്ന് പ്രേക്ഷകന് സ്വയം ബോദ്ധ്യപ്പെടുത്തുന്ന തരത്തില്‍ സിനിമയെ എത്തിക്കാന്‍ ഷു യു ലിനിന് കഴിഞ്ഞിട്ടുണ്ട്.
ആദ്യ ഷോട്ടില്‍ സിനിമയുടെ ശൈലി പ്രേക്ഷകനെ ബോദ്ധ്യപ്പെടുത്താനും കഴിഞ്ഞിട്ടുണ്ട്. ഒഴിഞ്ഞ തെരുവും അനന്തതയില്‍ കേള്‍ക്കുന്ന ശബ്ദങ്ങളും ഫ്രെയിമിലേയ്ക്ക് കയറി വരുന്ന സൈക്കിളും രക്തത്തില്‍ കുളിച്ച് കത്തിയുമായി പ്രേക്ഷകനെ ഭയപ്പാടോടെ നോക്കി നില്‍ക്കുന്ന സ്ത്രീയും സിനിമയുടെ മുന്നോട്ടുള്ള പ്രയാണത്തിന്റെ സൂചനകള്‍ നല്‍കുന്നുണ്ട്. പിന്നീട് അധികം വിശദീകരണങ്ങള്‍ക്ക് നില്‍ക്കാതെ എട്ട് വര്‍ഷങ്ങള്‍ക്ക് ശേഷമുള്ള കഥയിലേയ്ക്ക് പോകുകയാണ് സിനിമ. ജയിലില്‍ നിന്നും പുറത്തിറങ്ങുന്ന യെന്‍ അമ്മയായ ഐ - ലിയോടൊപ്പം ജീവിക്കാന്‍ ഗ്രാമത്തിലേയ്ക്ക് മടങ്ങുന്നു. മകള്‍ മടങ്ങി വന്നതില്‍ സന്തോഷമുണ്ടെങ്കിലും അദൃശ്യമായ അകലമുണ്ട് ഇരുവര്‍ക്കുമിടയില്‍. ഈ വൈരുദ്ധ്യം പ്രേക്ഷകനെ ബോദ്ധ്യപ്പെടുത്തുന്നത് സംഭാഷണങ്ങളിലൂടെയല്ല, സൂക്ഷ്മമായ ദൃശ്യങ്ങളിലൂടെയാണ്്.
നിശബ്ദതയാണ് ഇവിടെ കഥ പറയുന്നത്. എന്നാല്‍ ഇടയ്ക്കിടെ പൊട്ടിത്തെറികളുണ്ടാകുന്നു. എട്ട് വര്‍ഷങ്ങളായി ഉള്ളിലടക്കിയ വേദനകളാണ് ഇങ്ങനെ പുറന്തള്ളപ്പെടുന്നത്. എന്നാല്‍ വീണ്ടും നിശബ്ദത കഥാപരിസരത്തെ മറച്ചുപിടിക്കുന്നു. പ്രേക്ഷകന് കൃത്യമായ ധാരണ ലഭിക്കുകയും ചെയ്യുന്നു. പതിയെ മുന്നേറുന്ന കഥ വഴിമാറുമ്പോള്‍ കഥാപരിസരം പുതിയിടങ്ങളിലേയ്ക്ക് മാറും. ആദ്യത്തെ പതിഞ്ഞ താളമല്ല പിന്നീട് എന്നാല്‍ ചടുലമാകുന്നുമില്ല. ആദ്യത്തേതിനേക്കാള്‍ വേഗത കൈവരിച്ചതായി തോന്നും. എന്നാല്‍ ഒരു തോന്നല്‍ മാത്രമാണെന്ന് തിരിച്ചറിയാന്‍ അധിക സമയവും വേണ്ടി വരില്ല.
വേദനിക്കുകയും വേദനിപ്പിക്കുകയും ചെയ്യുന്ന കഥാപാത്രങ്ങള്‍ക്കിടയിലേയ്ക്ക് പുതിയ കഥാപാത്രങ്ങള്‍ വരുമ്പോള്‍ പ്രേക്ഷകന് ആശ്വാസമാകും. വിരസത അകന്ന് പ്രതീക്ഷയോടെ പുതിയത് എന്തെങ്കിലും കടന്നു വരുമെന്ന് കരുതി സ്‌ക്രീനില്‍ കാഴ്ചയും ചിന്തയും സമര്‍പ്പിക്കുന്ന പ്രേക്ഷകന് പൂര്‍ണമായും നിരാശപ്പെടേണ്ടി വരില്ല. ഭ്രമിക്കുന്ന പരിസരങ്ങളൊന്നുമില്ല. ഒന്നും ഒളിച്ചും വയ്ക്കുന്നില്ല. വികാരങ്ങള്‍ തീവ്രമായി പങ്കുവയ്ക്കാന്‍ ആര്‍ഭാടങ്ങളൊന്നും തന്നെ ഉപയോഗിക്കാന്‍ സംവിധായകന്‍ തയ്യാറാകുന്നില്ല. പറയാനുള്ളത് നേരിട്ട് മറയില്ലാതെ പങ്കുവയ്ക്കുമ്പോള്‍ കെട്ടുകാഴ്ചകള്‍ ഒന്നുമില്ലാത്ത മികച്ച ഒരു കാഴ്ചാനുഭവം നല്‍കും യെന്‍ ആന്‍ഡ് ഐ ലീ നല്‍കും.