അതിജീവിതര്‍ക്ക് ഒരേ മുഖം, ദൈന്യതയ്ക്കും
കുട്ടികളെ കൊണ്ട് ചിരിപ്പിച്ച്, പ്രമേയം കൊണ്ട് വേദനിപ്പിക്കുന്ന കേക്ക്;
രാജ്യാന്തര ചലച്ചിത്ര മേളകളിലെത്തുന്ന സിനിമകളുടെ പ്രമേയങ്ങള്‍ എപ്പോഴും സാദൃശ്യം പുലര്‍ത്തിയേക്കാം. വിവിധ രാജ്യങ്ങളില്‍ നിന്നും എത്തുന്നവയാണെങ്കിലും ചര്‍ച്ച ചെയ്യപ്പെടുന്നത് ഒരേ വിഷയങ്ങളായിരിക്കാം. ചിലപ്പോഴൊക്കെ അദൃശ്യമായൊരു ബന്ധം ഈ ചിത്രങ്ങള്‍ തമ്മിലുണ്ടായെന്നും വരാം. ഇതൊന്നും ഒരിക്കലും മനഃപൂര്‍വ്വമായിരിക്കില്ല. അനീതിക്കെതിരെയും അസമത്വത്തിനെതിരെയും പ്രതികരിക്കുന്ന കലാകാരന്മാര്‍ സത്യസന്ധമായി സ്വീകരിക്കുന്ന ശക്തമായ സമീപനങ്ങളാണ് ഈ അസാധാരണ സാദൃശ്യങ്ങള്‍ക്ക് പിന്നില്‍. കാരണം യുദ്ധത്തിന്റെ ബാക്കി പത്രം ലോകത്തെല്ലായിടത്തും ഒരു പോലെ തന്നെയാണ്. അതിജീവനത്തിനായുള്ള പോരാട്ടത്തിലും വ്യത്യാസങ്ങളുണ്ടാകില്ല. ഇറാക്കിലായാലും അഫ്ഗാനിലായാലും തുര്‍ക്കിയിലായാലും ആഫ്രിക്കന്‍ ഭൂഖണ്ഡത്തിലായാലും ഏകാധിപത്യത്തിന്റെ ബലിയാടുകള്‍ സാധാരണക്കാര്‍ തന്നെയാണ്. അവരുടെ അനുഭവങ്ങളും ഒന്നു തന്നെയായിരിക്കും.
സ്പാനിഷ് ചിത്രം കൂര്‍പൊ സെലസ്റ്റെ, തുര്‍ക്കി ചിത്ര സിനെമ ജസീറാ, ഇറാഖി ചിത്രം പ്രസിഡന്റ്‌സ് കേക്ക് തുടങ്ങിയതടക്കം നിരവധി ചിത്രങ്ങള്‍ സ്വാതന്ത്ര്യം നഷ്ടപ്പെട്ടവരുടെ അതിജീവനത്തിന്റെ കഥകളാണ് പറയുന്നത്. ഹസന്‍ ഹാദിയുടെ പ്രസിഡന്റ്‌സ് കേക്ക് വേണമെങ്കില്‍ കുട്ടികളുടെ ചിത്രമെന്ന ഗണത്തില്‍പ്പെടുത്താം. കുട്ടികളിലൂടെയാണ് അദ്ദേഹം യുദ്ധാന്തര കെടുതികളും ഏകാധിപത്യത്തില്‍ സാധാരണക്കാരന്‍ അനുഭവിക്കുന്ന ദുരിതങ്ങളും വിവരിക്കുന്നത്. കുട്ടികളിലൂടെയാണ് കഥ മുന്നോട്ട് പോകുന്നതെങ്കിലും ചര്‍ച്ച ചെയ്യുന്നത് ഏറ്റവും ഗൗരവ്വമേറിയ വിഷയം തന്നെയാണ്. പ്രസിഡന്റ് സദ്ദാം ഹുസൈന്റെ ജന്മദിനത്തിന് കേക്ക് ഉണ്ടാക്കുന്നതിന്റെ നറുക്ക് വീഴുന്നത് ലാമിയയ്ക്കാണ്.അവള്‍ ധൈര്യശാലിയാണ്. ദൗത്യം ഏറ്റെടുക്കുന്നതിന് അവള്‍ക്ക് ഭയമില്ല. എന്നാല്‍ കേക്കുണ്ടാക്കുന്നതിനുള്ള സാധനങ്ങള്‍ വാങ്ങുകയെന്നതാണ് ഏറ്റവും വലിയ പ്രതിസന്ധി. അതിനായി അവളും കേക്കിനാവശ്യമായ പഴങ്ങള്‍ ശേഖരിക്കുന്നതിനുള്ള നറുക്ക് വീഴുന്നത് അവളുടെ കൂട്ടുകാരന്‍ സയിദിനുമാണ്. പാഠപുസ്തകങ്ങളും ഹിണ്ടിയെന്ന അവളുടെ പ്രിയപ്പെട്ട പൂവന്‍കോഴിയുമല്ലാതെ മറ്റൊരു സമ്പാദ്യവുമില്ലാത്ത ലിമിയയും അവളെ സഹായിക്കാന്‍ സയിദും നടത്തുന്ന ശ്രമങ്ങള്‍ പ്രേക്ഷകരില്‍ ചിരി പടര്‍ത്തും. എന്നാല്‍ നറുക്ക് വീണവര്‍ അതില്‍ പറഞ്ഞിരിക്കുന്ന ദൗത്യം പറയുന്ന സമയത്ത് പൂര്‍ത്തീകരിച്ചില്ലെങ്കില്‍ നേരിടേണ്ടി വരുന്ന ശിക്ഷാ നടപടികള്‍ പ്രേക്ഷകന്റെ മനസിലുണ്ടെങ്കില്‍ ചിരിക്കുന്നതിനൊപ്പം മനസുരുകി കരയുകയും ചെയ്യും. വലിയൊരു ദൗത്യം പൂര്‍ത്തിയാക്കുന്നതിന്, അതുവഴി ശിക്ഷ ഒഴിവാക്കുന്നതിനായുള്ള ശ്രമങ്ങള്‍ക്കായി അത്യാവശ്യം മോഷണമൊക്കെ നടത്തുന്നതില്‍ തെറ്റില്ലെന്ന ന്യായീകരണം കുട്ടികളിലൂടെ നല്‍കുമ്പോള്‍ മാനസിക പ്രതിസന്ധിയിലാകുന്നത് പ്രേക്ഷകനായിരിക്കും.
ഇറാഖിലെ അക്കാലത്തെ സാമൂഹ്യ അവസ്ഥ കൂടി സംവിധായകന്‍ വരച്ചിടുന്നു. പ്രതിസന്ധി മറികടക്കാന്‍ ശ്രമിക്കുന്ന കുട്ടികളെ പോലും കബളിപ്പിക്കാന്‍ മടിയില്ലാത്ത, സ്വന്തം കാര്യം മാത്രം നോക്കാന്‍ ശ്രമിക്കുന്ന മുതിര്‍ന്നവര്‍, വിശന്നു വലഞ്ഞു വരുന്ന ഗര്‍ഭിണിക്ക് ഭക്ഷണം നല്‍കാമെന്ന് ഏല്‍ക്കുകയും അതിനു പകരം തന്റെ മോഹം പൂര്‍ത്തീകരിക്കാന്‍ പിന്നിലെ മുറിയിലേയ്ക്ക് ക്ഷണിക്കുകയും ചെയ്യുന്ന കഥാപാത്രത്തെയും ഹാദി ഉള്‍പ്പെടുത്തിയിട്ടുണ്ട്. 'എന്റെ അവസ്ഥ കാണുന്നില്ലേ', എന്ന ഗര്‍ഭിണിയുടെ ചോദ്യോത്തോട് ''...അതാണ് സെയ്ഫ് ...' എന്നു പറയുന്ന കഥാപാത്രത്തെ പ്രേക്ഷകന്‍ വെറുക്കും. ആ വെറുപ്പ് ഏകാധിപതിക്കെതിരായ വെറുപ്പായി മാത്രമല്ല മാറുന്നത്, കടന്നു കയറി പിടിച്ചെടുക്കാന്‍ ശ്രമിച്ച മുതലാളിത്തത്തോടുമുള്ള വെറുപ്പായി മാറും. ഹസന്‍ ഹാദി പ്രേക്ഷകനെ തന്ത്രപരമായി വഴിമാറ്റുന്നതില്‍ മികച്ച പ്രകടനമാണ് നടത്തിയത്. കുട്ടികള്‍ക്ക് കേക്ക് നല്‍കി ശുഭപര്യവസാനം സൃഷ്ടിക്കാമായിരുന്നുവെങ്കിലും അതിന് മുതിരാതെ അവരുടെ ജീവിതത്തിന് കേക്കിന്റയത്ര രുചിയില്ലെന്ന് സ്ഥാപിക്കുന്നത് തന്റെ ചിന്തകള്‍ക്കും പ്രതിഷേധങ്ങള്‍ക്കുമൊപ്പം പ്രേക്ഷകനെ കൂടി കൊണ്ടു വരാന്‍ വേണ്ടിയാണ്.