തെലുങ്കിലും ട്രെന്‍ഡിങ്ങായി വേഫെറര്‍ ഫിലിംസിന്റെ ലോക - ചാപ്റ്റര്‍ വണ്‍: ചന്ദ്ര
ജേക്‌സ് ബിജോയ് ഒരുക്കിയ പശ്ചാത്തല സംഗീതം, യാനിക്ക് ബെന്‍ ഒരുക്കിയ ഗംഭീര ആക്ഷന്‍ രംഗങ്ങള്‍ എന്നിവ ചിത്രത്തിന്റെ ഹൈലൈറ്റ് ആയി മാറിയിട്ടുണ്ട്.;
ദുല്‍ഖര്‍ സല്‍മാന്റെ വേഫെറര്‍ ഫിലിംസ് നിര്‍മ്മിച്ച ഏഴാം ചിത്രമായ ' ലോക - ചാപ്റ്റര്‍ വണ്‍:ചന്ദ്ര'യുടെ തെലുങ്ക് പതിപ്പിനും ഗംഭീര പ്രേക്ഷക പ്രതികരണം. 'കൊത്ത ലോക' എന്ന പേരില്‍ റിലീസ് ചെയ്ത തെലുങ്ക് പതിപ്പും ബുക്ക് മൈ ഷോ ട്രെന്‍ഡിങ്ങില്‍ കയറി ശ്രദ്ധ നേടി. മികച്ച പ്രതികരണം ലഭിക്കുന്ന തെലുങ്ക് പതിപ്പ് ആന്ധ്രപ്രദേശ്, തെലുങ്കാന തുടങ്ങിയ തെലുങ്ക് സംസ്ഥാനങ്ങളില്‍ റിലീസ് ചെയ്തിരിക്കുന്നത് അവിടുത്തെ വമ്പന്‍ നിര്‍മ്മാണ/വിതരണം ബാനര്‍ ആയ സിതാര എന്റര്‍ടൈന്‍മെന്റ്‌സ് ആണ്. കേരളത്തിലും വമ്പന്‍ കുതിപ്പ് തുടരുന്ന ചിത്രത്തിന് രണ്ടാം ദിനം 150 ലധികം ലേറ്റ് നൈറ്റ് ഷോകളാണു കൂട്ടിച്ചേര്‍ക്കപ്പെട്ടത്. 250 സ്‌ക്രീനുകളില്‍ റിലീസ് ചെയ്ത ചിത്രം ഇപ്പൊള്‍ കേരളത്തിലെ 300 ന് മുകളില്‍ സ്‌ക്രീനുകളിലാണ് പ്രദര്‍ശിപ്പിക്കുന്നത്. കല്യാണി പ്രിയദര്‍ശന്‍, നസ്ലന്‍ എന്നിവര്‍ പ്രധാന വേഷങ്ങള്‍ അവതരിപ്പിച്ച ഈ ബിഗ് ബജറ്റ് ചിത്രം' രചിച്ചു സംവിധാനം ചെയ്തിരിക്കുന്നത് ഡൊമിനിക് അരുണ്‍ ആണ്.
'ലോക' എന്ന് പേരുള്ള ഒരു സൂപ്പര്‍ ഹീറോ സിനിമാറ്റിക് യൂണിവേഴ്‌സിലെ ആദ്യ ചിത്രമാണ് 'ചന്ദ്ര'. പ്രേക്ഷകര്‍ക്ക് മുന്നിലേക്ക് ഒരത്ഭുത ലോകമാണ് ഈ ചിത്രം തുറന്നിടുന്നത് എന്നതാണ് ഇതിന്റെ ഹൈലൈറ്റ്. കേരളത്തിലെ പ്രശസ്തമായ ഐതിഹ്യമായ കള്ളിയങ്കാട്ട് നീലിയുടെ കഥയില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് ഒരുക്കിയ കേന്ദ്ര കഥാപാത്രത്തെയാണ് ചിത്രത്തില്‍ കല്യാണി അവതരിപ്പിക്കുന്നത്. കേരളത്തിന്റെ സംസ്‌കാരത്തിലും മിത്തുകളിലും ഊന്നി ഒരു ഫാന്റസി ലോകം തന്നെയാണ് ചിത്രത്തിലൂടെ സംവിധായകന്‍ ഒരുക്കിയത്.
ചന്ദ്ര എന്ന ടൈറ്റില്‍ കഥാപാത്രമായി കല്യാണി പ്രിയദര്‍ശന്‍ വമ്പന്‍ കയ്യടി നേടുമ്പോള്‍, സണ്ണി ആയി നസ്ലന്‍, ഇന്‍സ്‌പെക്ടര്‍ നാചിയപ്പ ഗൗഡ ആയി സാന്‍ഡി എന്നിവരും മികച്ച പ്രകടനം കാഴ്ച വെച്ചു. ചന്തു സലിംകുമാര്‍, അരുണ്‍ കുര്യന്‍, ശരത് സഭ, നിഷാന്ത് സാഗര്‍, വിജയരാഘവന്‍ എന്നിവരും ചിത്രത്തിന്റെ താരനിരയിലുണ്ട്. ചിത്രത്തിലെ വമ്പന്‍ കാമിയോ റോളുകളും പ്രേക്ഷകര്‍ക്ക് വന്‍ ആവേശം സമ്മാനിക്കുന്നു.
ജേക്‌സ് ബിജോയ് ഒരുക്കിയ പശ്ചാത്തല സംഗീതം, യാനിക്ക് ബെന്‍ ഒരുക്കിയ ഗംഭീര ആക്ഷന്‍ രംഗങ്ങള്‍ എന്നിവ ചിത്രത്തിന്റെ ഹൈലൈറ്റ് ആയി മാറിയിട്ടുണ്ട്. ആദ്യാവസാനം പ്രേക്ഷകരെ ത്രില്ലടിപ്പിക്കുന്ന ചിത്രം അതിനൊപ്പം വൈകാരിക നിമിഷങ്ങള്‍, ഫണ്‍, സസ്‌പെന്‍സ് എന്നിവ കോര്‍ത്തിണക്കിയാണ് കഥ പറയുന്നത്. കേരളത്തില്‍ വമ്പന്‍ റിലീസായി വേഫെറര്‍ ഫിലിംസ് എത്തിച്ച ചിത്രം റെസ്റ്റ് ഓഫ് ഇന്ത്യ മാര്‍ക്കറ്റില്‍ വിതരണം ചെയ്തിരിക്കുന്നത് വലിയ വിതരണക്കാരാണ്. തമിഴില്‍ എ ജി എസ് സിനിമാസ്, കര്‍ണാടകയില്‍ ലൈറ്റര്‍ ബുദ്ധ ഫിലിംസ്, നോര്‍ത്ത് ഇന്ത്യയില്‍ പെന്‍ മരുധാര്‍ എന്നിവരാണ് ചിത്രം എത്തിച്ചത്.
ഛായാഗ്രഹണം -നിമിഷ് രവി, സംഗീതം - ജേക്സ് ബിജോയ്, എഡിറ്റര്‍ - ചമന്‍ ചാക്കോ, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്‌സ്-ജോം വര്‍ഗീസ്, ബിബിന്‍ പെരുമ്പള്ളി, അഡീഷണല്‍ തിരക്കഥ-ശാന്തി ബാലചന്ദ്രന്‍, പ്രൊഡക്ഷന്‍ ഡിസൈനര്‍-ബംഗ്ലാന്‍ , കലാസംവിധായകന്‍-ജിത്തു സെബാസ്റ്റ്യന്‍, മേക്കപ്പ് - റൊണക്‌സ് സേവ്യര്‍, കോസ്റ്റ്യൂം ഡിസൈനര്‍-മെല്‍വി ജെ, അര്‍ച്ചന റാവു, സ്റ്റില്‍സ്- രോഹിത് കെ സുരേഷ്, അമല്‍ കെ സദര്‍, ആക്ഷന്‍ കൊറിയോഗ്രാഫര്‍- യാനിക്ക് ബെന്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ - റിനി ദിവാകര്‍, വിനോഷ് കൈമള്‍, ചീഫ് അസോസിയേറ്റ്-സുജിത്ത് സുരേഷ്